ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനു 106 ദിവസം അകലെ ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ(മേധാവി) സ്ഥാനത്തുനിന്ന് വനിതാ ബോക്സിങ് താരം എം.സി. മേരികോം രാജിവച്ചത് ഇന്ത്യയുടെ തയാറെടുപ്പുകൾക്കു വൻ തിരിച്ചടിയായി. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ(ഐഒഎ) ഭരണ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കിടെയാണു മേരികോമിന്റെ രാജി. വ്യക്തിപരമായ പ്രശ്നങ്ങളാണു രാജിക്കു പിന്നിലെന്നു പറയുമ്പോഴും, മേരികോമിന്റെ നിയമനത്തിൽ ഐഒഎ അംഗങ്ങൾക്കുണ്ടായിരുന്ന എതിർപ്പും പിൻമാറ്റത്തിനു കാരണമായി കരുതുന്നുണ്ട്.

ചെഫ് ഡി മിഷൻ പദവിയിൽ മേരി കോമിനെയും ഡപ്യൂട്ടി ചെഫ് ഡി മിഷനായി ശിവകേശവനെയും ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ കഴിഞ്ഞ മാസം 21നാണ് നിയമിച്ചത്. ഐഒഎ ഭരണസമിതി അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒളിംപിക്സ് പോലുള്ള മത്സരങ്ങളിൽ ഒരു ടീമിന്റെ ഏറ്റവും പ്രധാന പദവികളിലൊന്നാണു ചെഫ് ഡി മിഷൻ. താരങ്ങളുടെ ക്ഷേമം, സംഘാടക സമിതിയുമായുള്ള ആശയവിനിമയം തുടങ്ങി പലതും ഇവരുടെ ദൗത്യമാണ്.

മേരി കോമിനു പകരക്കാരനെ കണ്ടെത്തേണ്ടതിനൊപ്പം ഐഒഎയിലെ പ്രതിസന്ധി പരിഹരിക്കുകയെന്ന ദൗത്യവും നിലവിലുണ്ട്. ഐഒഎ ചീഫ് എക്സിക്യുട്ടിവ് ഓഫിസറായി (സിഇഒ) രഘുറാം അയ്യർ, ഐഒഎ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റായി അജയ് കുമാർ നരാംഗ് എന്നിവരെ നിയമിച്ചതിന്റെ േപരിലുള്ള തർക്കം തുടരുകയാണ്. ഇതുമൂലം, ഒളിംപിക്സ് അടുത്തിരിക്കെയും പല വിഷയങ്ങളിലും തീരുമാനമെടുക്കാൻ പറ്റാത്ത സാഹചര്യമാണ്.

പാരിസ് ഒളിംപിക്സിനു മുൻപുള്ള പല ഒരുക്കങ്ങളും പൂർത്തിയാക്കാൻ സാമ്പത്തിക അനുമതി നൽകേണ്ടതു സിഇഒയാണ്. സമിതിയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ചുമതല സിഇഒയ്ക്കാണ്. പ്രസിഡന്റ്, ട്രഷറർ എന്നിവരുമായി കൂടിയാലോചിച്ചു വേണമിത്. സിഇഒയുടെ നിയമനത്തെയും അദ്ദേഹത്തിനു അക്കൗണ്ടിന്റെ ചുമതല നൽകാനുള്ള നീക്കത്തെയും ഭരണസമിതി എതിർത്തതോടെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. 

 സിഇഒയില്ലാത്ത സാഹചര്യമുണ്ടായാൽ പ്രസിഡന്റും ട്രഷററും സംയുക്തമായി ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യണമെന്നാണു വ്യവസ്ഥ. 

ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയും ഐഒഎ ട്രഷറർ സഹ്ദേവ് യാദവും രണ്ടു പക്ഷത്താണ്. 

പി.ടി. ഉഷയെ ഒറ്റപ്പെടുത്താൻ ശ്രമം

കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ 2022 ഡിസംബറിലാണു രാജ്യസഭാംഗം കൂടിയായ പി.ടി. ഉഷ ഐഒഎ പ്രസിഡന്റായി അധികാരമേറ്റത്. 15 അംഗ സമിതിയിൽ 8 കായികതാരങ്ങളുമുണ്ട്. എന്നാൽ 16 മാസമായി ഭരണസമിതിയിലെ കല്ലുകടികൾ തുടരുകയാണെന്നും ഇതു പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്നും ഐഒഎയിലെ ഉദ്യോഗസ്ഥർ പറയുന്നു. പി.ടി. ഉഷയെ ഒറ്റപ്പെടുത്താനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും ചിലർ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഒളിംപിക്സിനു മുൻപു കാര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇതെല്ലാം കായികതാരങ്ങളുടെ ഒരുക്കങ്ങളെ ബാധിക്കുമെന്ന വിമർശനവും പലരും ഉയർത്തുന്നു.

English Summary:

Mary Kom's resignation is set back to India's Olympics preparations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com