ADVERTISEMENT

ടൊറന്റോ (കാനഡ)∙  മനഃസിദ്ധിയും കളി മികവും തെളിഞ്ഞ 8 പേർ. പ്രതിരോധിക്കേണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞും എതിരാളിക്കു പിഴച്ചപ്പൊഴൊക്കെ വിശ്വരൂപം പുറത്തെടുത്തും അവർ മുന്നേറി. അങ്കം മുറുകിയപ്പോൾ, ആയുധബലം കൊണ്ടും അങ്കമുറ കൊണ്ടും പയറ്റിത്തെളിഞ്ഞ അതിലെ ആറു പേരെങ്കിലും ഒന്നാംസ്ഥാനത്തിനുള്ള  പോരാട്ടത്തിലാണ്. അതിൽ മൂന്ന് ഇന്ത്യക്കാർ. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ നാലു റൗണ്ട് മാത്രം ബാക്കിയുള്ളപ്പോൾ മുന്നിൽ രണ്ടു പേർ: 6 പോയിന്റുമായി ഇന്ത്യയുടെ ഡി. ഗുകേഷും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് യാൻ നീപോംനീഷിയും. തൊട്ടുപിന്നിൽ 5.5 പോയിന്റുമായി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാനയും ഹികാരു നാകാമുറയും. 5 പോയിന്റോടെ വിദിത് ഗുജറാത്തിയാണ് ആറാംസ്ഥാനത്ത്. 

ഗുകേഷ്, പ്രഗ്നാനന്ദ, ഗുജറാത്തി

ഒന്നാംസ്ഥാനക്കാർ തമ്മിലുള്ള മത്സരമായിരുന്നു ഇന്നലത്തെ പ്രധാന ആകർഷണം. ഗുകേഷും നീപോംനീഷിയും ശ്രദ്ധാപൂർവമാണ് തുടങ്ങിയത്.  കറുത്ത കരുക്കളുമായിങ്ങിയ ഗുകേഷ് റുയ്‌‌ലോപസ് പ്രാരംഭത്തിലെ പതിവില്ലാത്ത കോസിയോ പ്രതിരോധം അവലംബിച്ചു. അധികം അക്രമോത്സുകനാകാതെ വിജയമോ സമനിലയോ മുന്നിൽക്കണ്ട് കരുതലോടെ നീപോംനീഷി കരുക്കൾ നീക്കിയപ്പോൾ ഗുകേഷ് അതിവേഗം സമനില കൈവരിച്ചു. നാട്ടുകാർ തമ്മിലുള്ള മത്സരത്തിൽ പ്രഗ്നാനന്ദയ്ക്കെതിരെ, ബെർലിൻ പ്രതിരോധത്തിലാണ് വിദിത് നീക്കം തുടങ്ങിയത്. ആദ്യ റൗണ്ടുകളിൽ ഏറ്റുമുട്ടിയപ്പോൾ പ്രഗ്ഗയ്ക്കായിരുന്നു വിജയം. എന്നാൽ, പത്താം റൗണ്ടിൽ ശ്രദ്ധിച്ചുകളിച്ച ഇരുവരും 39 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. 

കരുവാന, നകാമുറ 

മുൻ റൗണ്ടുകളിലുണ്ടായ തോൽവികളിൽനിന്ന് അമേരിക്കൻ താരങ്ങൾ  തിരിച്ചുവരവ് നടത്തിയ ദിനം. പത്താം റൗണ്ടിൽ  അലിറേസ ഫിറൂസ്ജയെക്കെതിരെയായിരുന്നു ഫാബിയാനോ കരുവാനയുടെ ജയം. സിസിലിയൻ നജ്ഡോർഫ് വേരിയേഷനിൽ അസാധാരണമാംവിധം  റൂക്കിനെ ജി കളത്തിൽ കരുവാന നിലയുറപ്പിച്ചപ്പോൾ ഫിറൂസ്ജ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. രണ്ടുപേർക്കും സാധ്യതയുള്ള കരുനില. എന്നാൽ മധ്യഘട്ടത്തിൽ കൃത്യതയില്ലാത്ത ഫിറൂസ്ജയുടെ ചില നീക്കങ്ങളിൽ പിടിച്ചു കയറി കരുവാന കളി വരുതിയിലാക്കി. നകാമുറയ്ക്കെതിരെ അസർബൈജാൻ ഗ്രാൻഡ് മാസ്റ്റർ നിജത് അബസോവ് നന്നായി പൊരുതിയെങ്കിലും മധ്യഘട്ടത്തിലെ അബസോവിന്റെ ചില പിഴവുകൾ മുതലെടുത്ത് ഹികാരു നകാമുറ വിജയം നേടി. 

വൈശാലിക്കു ജയം 

വനിതകളിൽ അലക്സാന്ദ്ര ഗോരിയാച്കിനയെ തോൽപ്പിച്ച് ലീ ടിങ്ജി ഒന്നാംസ്ഥാനത്തുള്ള ടാൻ സോങ്‌യിക്ക്(6.5 പോയിന്റ്) ഒപ്പമെത്തി. ഇന്ത്യൻ താരം കൊനേരു ഹംപി (4.5) സമനില വഴങ്ങിയപ്പോൾ തുടർച്ചയായ തോൽവികൾക്കു    ശേഷം ആർ. വൈശാലി തിരിച്ചുവരവ് നടത്തി. ബൾഗേറിയയുടെ      സലിമോവയെയാണ്  വൈശാലി തോൽപ്പിച്ചത്. 3.5 പോയിന്റുമായി വൈശാലി ഏറ്റവും        പിന്നിലാണ്.

English Summary:

Nepomneishi – Gukesh Candidates Chess Match in draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com