പാരിസിലേക്ക് ഇതാ പാരിസ്, ഒളിംപിക്സിന് യോഗ്യത നേടി യുഎസ് ഗുസ്തി താരം
Mail This Article
പ്രായം: 24. ശരീരഭാരം: 125 കിലോ. ഉയരം: ആറടി രണ്ടിഞ്ച്. മത്സരയിനം: ഫ്രീസ്റ്റൈൽ ഗുസ്തി. പേര്: മേസൺ പാരിസ്. രാജ്യം: യുഎസ്എ. പാരിസ് എന്നു പേരുള്ള ഈ അമേരിക്കക്കാരൻ പാരിസ് ഒളിംപിക്സിൽ ഇറങ്ങുമ്പോൾ പേരിലാണു കൗതുകം. പാരിസ് (Paris) നഗരം വേദിയാകുന്ന ഒളിംപിക്സിന് പാരിസ് (Parris) എന്ന പേരുകാരൻ ഇറങ്ങുന്നു. രണ്ടിന്റെയും ഉച്ചാരണം ഒരുപോലെ തന്നെ.
ഈ ചെറുപ്രായത്തിലേ യുഎസിൽ ഗോദയിലെ തിളങ്ങുന്ന താരമാണു പാരിസ്. കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ ഫ്രീസ്റ്റൈൽ 125 കിലോ വിഭാഗത്തിൽ വെങ്കലം നേടി. പാൻ അമേരിക്കൻ ഗെയിംസിലും സ്വർണം. 2019ൽ ജൂനിയർ ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയാണു പയ്യൻ വരവറിയിച്ചത്. യുഎസ് ഒളിംപിക്സ് ട്രയൽസിൽ ഹെയ്ഡൻ സിൽമറെ തോൽപിച്ചാണു പാരിസിലേക്കു ടിക്കറ്റ് ഉറപ്പിച്ചത്.
മിഷിഗൻ സർവകലാശാലയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണു പാരിസ്. സർവകലാശാലാ ചാംപ്യനാണ്. 5–ാം വയസ്സിൽ പിതാവ് മാർക്ക് ആണു പാരിസിനെ കായികലോകത്തേക്കു കൈപിടിച്ചത്. റഗ്ബി താരമായിരുന്ന മാർക്, മകനെ ഗുസ്തി, റഗ്ബി, അത്‍ലറ്റിക്സ് എന്നിവയെല്ലാം പരിചയപ്പെടുത്തി. പത്താം വയസ്സുവരെ പാരിസ് ഇതിലെല്ലാം ഭാഗ്യം പരീക്ഷിച്ചു. ശരീരം തുണച്ചതോടെ പിന്നീടു മൽപിടിത്തം മാത്രമായി.
ഒളിംപിക് യോഗ്യത നേടിയശേഷം പാരിസ് പറഞ്ഞു: ‘പാരിസിൽ പാരിസിനു സ്വർണം എന്ന തലക്കെട്ടാണ് എന്റെ സ്വപ്നം. എനിക്കിപ്പോൾ 24 വയസ്സാണ്. 2024ലെ ഒളിംപിക്സ് അതുകൊണ്ടും എനിക്കു സ്പെഷൽ തന്നെ...’ പാരിസിന് എങ്ങനെ പാരിസ് എന്നു പേരുവന്നു? സംശയം സ്വാഭാവികം. അമ്മയുടെ പേരാണു കാരണം. മേസൺ പാരിസിന്റെ അമ്മയുടെ പേര് ഷേ പാരിസ്. പാരിസിന് ഒരു ചേച്ചി കൂടിയുണ്ട്: പാക്സ്റ്റൻ.