ഗുസ്തി: ഒളിംപിക്സ് യോഗ്യതയ്ക്ക് പ്രത്യേക ട്രയൽസ് നടത്തില്ല
Mail This Article
ന്യൂഡൽഹി ∙ പാരീസ് ഒളിംപിക്സിനു യോഗ്യത നിർണയിക്കാൻ പ്രത്യേക ട്രയൽസ് നടത്തേണ്ടതില്ലെന്നു റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്യൂഎഫ്ഐ) തീരുമാനം. വിവിധ വിഭാഗങ്ങളിൽ നിലവിൽ യോഗ്യത നേടിയവർ തന്നെ ജൂലൈ 26ന് ആരംഭിക്കുന്ന ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കും. ഇതോടെ കഴിഞ്ഞ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ രവി ദഹിയ, ലോക ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ സരിത മോർ എന്നിവരുടെ ഒളിംപിക്സ് സ്വപ്നം അസ്തമിച്ചു.
വിനേഷ് ഫോഗട്ട്(50 കിലോ), അന്റിം പംഘൽ(53 കിലോ), റീതിക ഹൂഡ(76 കിലോ), നിഷ ദഹിയ(68 കിലോ), അൻഷു മാലിക്(57 കിലോ) എന്നിവർ വനിതാ വിഭാഗത്തിലും അമാൻ ഷെഖാവത്ത്(57) പുരുഷവിഭാഗത്തിലും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. വീണ്ടും ട്രയൽസ് നടത്തിയാൽ അതു പരുക്കിനു കാരണമാകുമെന്ന താരങ്ങളുടെ അഭിപ്രായത്തെത്തുടർന്നാണ് ഫെഡറേഷൻ തീരുമാനം.
അതേസമയം വരാനിരിക്കുന്ന റാങ്കിങ് സീരീസ് മത്സരങ്ങളിലും ഹംഗറിയിൽ നടക്കുന്ന പരിശീലന ക്യാംപിലും താരങ്ങളുടെ പ്രകടനം വിലയിരുത്താനും ആരെങ്കിലും പ്രകടനത്തിൽ പിന്നാക്കം നിൽക്കുന്നതായി കണ്ടെത്തിയാൽ അവർക്കു പകരം ആളെ ഒളിംപിക്സിന് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രയൽസ് ഒഴിവാക്കിയത് ഒറ്റത്തവണത്തേക്കു മാത്രമാണെന്നും ഭാവിയിൽ ഇളവുകളുണ്ടാകില്ലെന്നും ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ് പറഞ്ഞു.
അന്റിം പംഘൽ കഴിഞ്ഞ വർഷം ഒളിംപിക്സ് യോഗ്യത നേടിയിരുന്നു. വിനേഷ്, റീതിക, അൻഷു എന്നിവർ കഴിഞ്ഞ മാസം കിർഗിസ്ഥാനിലെ ബിഷ്കെക്കിലും അമാൻ, നിഷ എന്നിവർ കഴിഞ്ഞയാഴ്ച ഇസ്തംബുളിലും നടന്ന മത്സരങ്ങളിലാണു യോഗ്യത ഉറപ്പിച്ചത്. അതേസമയം ഒളിംപിക്സ് യോഗ്യതയ്ക്കായി ട്രയൽസ് നടത്തുമെന്നായിരുന്നു നേരത്തേ ഫെഡറേഷൻ അറിയിച്ചിരുന്നത്. രവി ദഹിയ, സരിത മോർ എന്നിവർ ഇതു പ്രതീക്ഷിച്ചുള്ള തയാറെടുപ്പിലുമായിരുന്നു.