ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ റാഫേൽ നദാലിന്റെ ആധിപത്യം സമ്പൂർണം. പന്ത്രണ്ടാം തവണയും സ്പാനിഷ് താരം നദാൽ കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ 6–3, 5–7, 6–1, 6–1ന് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ കീഴടക്കി. നദാലിന്റെ 18–ാം ഗ്രാൻസ്ലാം കിരീടമാണിത്. 2005ൽ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ശേഷം 2015, 2016 വർഷങ്ങളിൽ പരുക്കുമൂലം കളിക്കാതിരുന്നപ്പോൾ ഒഴികെ ചാംപ്യൻ നദാലായിരുന്നു.

ഫ്രഞ്ച് ഓപ്പണിൽ 12 തവണ കിരീടം നേടുന്ന ആദ്യ താരമാണ് മുപ്പത്തിമൂന്നുകാരനായ നദാൽ. വനിതകളിൽ ഓസീസ് താരം മാർഗരറ്റ് കോർട്ട് 11 തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയിട്ടുണ്ട്. പാരിസിലെ കളിമൺ കോർട്ടിൽ നദാലിന്റെ 91–ാം മത്സര വിജയമാണിത്. ഇവിടെ 2 മത്സരങ്ങളിൽ മാത്രമേ നദാൽ തോറ്റിട്ടുള്ളു.

3 മണിക്കൂർ ഒരു മിനിറ്റ് നീണ്ട ഫൈനൽ പോരാട്ടത്തിൽ നദാലിന് ശക്തമായ വെല്ലുവിളി ഉയർത്താൻ തീമിനായില്ല. 53 മിനിറ്റിൽ ആദ്യ സെറ്റ് നദാൽ 6–3ന് നേടി. രണ്ടാം സെറ്റ് നേടി തീം (7–5) തിരിച്ചടിച്ചപ്പോൾ കാണികൾ കടുത്ത മത്സരം പ്രതീക്ഷിച്ചു. എന്നാൽ, അടുത്ത 2 സെറ്റുകളിൽ നദാൽ സൂപ്പർ ഫോമിലായിരുന്നു. ഒരൊറ്റ പോയിന്റ് വീതം മാത്രം വഴങ്ങി അടുത്ത രണ്ടു സെറ്റും നേടി പതിനെട്ടാം ഗ്രാൻസ്ലാം കിരീടം നദാൽ ഉറപ്പിച്ചു. ഇവിടെ സെമിയിൽ നദാൽ തോൽപിച്ച റോജർ ഫെഡററിനേക്കാൾ 2 ഗ്രാൻസ്ലാം കിരീടം മാത്രം പിന്നിൽ. കഴിഞ്ഞ വർഷവും ഫൈനലിൽ തീമിനെയാണ് നദാൽ തോൽപിച്ചത്.

∙ റാഫേ‍ൽ നദാലിന്റെ കരിയറിലെ 82–ാം കിരീടമാണിത്. 950–ാമത് മത്സര വിജയവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com