ADVERTISEMENT

സൗത്ത്ഫീൽഡ്സ് മെട്രോ സ്റ്റേഷനിൽ ഇറങ്ങുമ്പോൾത്തന്നെ ടെന്നിസിന്റെ മണമടിക്കും. പച്ചുപ്പുൽനിറമുള്ള പ്ലാറ്റ്ഫോമിൽ ടെന്നിസ് കോർട്ടിന്റെ കളങ്ങൾ. ഇറങ്ങിയ സ്ഥലം മാറിപ്പോയോ എന്നു സംശയിച്ചു പോകും. ഇതാണു വിമ്പിൾഡൻ പുണ്യമൈതാനത്തേക്കുള്ള കവാടം. സ്റ്റേഷനിലും പുറത്തും നല്ല തിരക്ക്. എല്ലാവരും ടെന്നിസ് ഭ്രമക്കാരാണെന്ന് തോന്നുന്നു. ഇവരെ സ്വാധീനിക്കാനാകണം വഴിയരികലെ തുണിക്കടകളിലെ പാവകൾ പോലും ടെന്നിസ് വേഷത്തിലാണ്.

ആർക്കും മനസ്സിലാകാത്ത ഏതോ ഭാഷ പറയുന്ന രണ്ടു പേർ വന്നു വഴി ചോദിച്ചു. ദിമിത്രിയും ജോർജിനയും. റഷ്യക്കാരാണ്. ഫെഡറർ–നദാൽ സെമി കാണാനുള്ള വരവാണ്. ടിക്കറ്റ് ഇല്ല. എവിടെ കിട്ടും. ഒറ്റ ശ്വാസത്തിൽ ഒരു പാടു ചോദ്യങ്ങൾ ചോദിച്ച ശേഷം ആരുടെയും മറുപടി കേൾക്കാൻ നിൽക്കാതെ അവർ മുന്നോട്ട് ഓടിപ്പോയി.

നിർണായകമായ സെമിയായതിനാൽ പതിവിലധികം ആളുകൾ എത്തുന്നുണ്ട്. സെന്റർ കോർട്ടിൽ നൊവാക് ജോക്കോവിച്ച്– റോബർട്ടോ ബോറ്റിസ്റ്റ അഗുട്ട് പോരാട്ടം. പക്ഷേ, വരുന്നവർക്കെല്ലാം വേണ്ടത് ഫെഡറർ– നദാൽ സെമിയുടെ ടിക്കറ്റാണ്. ഒരു സാധ്യതയുമില്ലെന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് നിരാശ. പുറത്തെ ഗ്രൗണ്ടിൽ ബിഗ് സ്ക്രീനുകളിൽ കളിയുടെ പ്രദർശനം നടക്കുന്നുണ്ട്. അവിടെയും നല്ല തിരക്ക്.

സെന്റർ കോർട്ടിൽനിന്ന് വലിയൊരു ആരവം കേട്ട് ആ പരിസരത്തേക്കു ചെന്നപ്പോൾ ടിക്കറ്റ് കിട്ടാതെ റോഡരികിൽ നിൽക്കുന്നവർക്കു പോലും ആവേശം. ജോക്കോവിച്ചിനെതിരെ രണ്ടാം സെറ്റ് അഗുട്ട് ജയിച്ചിരിക്കുന്നവത്രേ. അപ്പോഴാണ് ക്രിക്കറ്റ് ലോകകപ്പിന്റെ ക്യാപ് ധരിച്ച് പാട്ടുപാടി വരുന്നൊരു ഇംഗ്ലിഷുകാരനെ കണ്ടത്. മാറ്റ് ഓൾഡ്രിജ്. ലോകകപ്പിലെ ചില കളികൾ കണ്ടിട്ടുണ്ട്. ഫെഡറർ– നദാൽ സെമിയുടെ ടിക്കറ്റുമായാണ് വരവ്. ആരു ജയിച്ചാലും സന്തോഷം.

കളി നന്നാകണമെന്നു മാത്രം. 11 വർഷം മുൻപ് ഇതേ താരങ്ങൾ ഏറ്റമുട്ടിയപ്പോഴും കണ്ടിരുന്നു. ഇന്നത്തെ കാര്യം കുഴപ്പമില്ല. ഞായറാഴ്ചയാണ് പ്രശ്നം. വിമ്പിൾഡൻ ഫൈനലും ക്രിക്കറ്റ് ഫൈനലും ഒരുമിച്ചു നടക്കുകയല്ലേ. ലോഡ്സിൽ ഇംഗ്ലണ്ട് ജയിച്ചാലോ? ഏതു മത്സരം കാണും? – മാറ്റ് ആശയക്കുഴപ്പം മാറാതെ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com