ADVERTISEMENT

ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നന്നായി കളിച്ചിട്ടും കിരീടം ഇംഗ്ലണ്ടിനു വിട്ടുകൊടുക്കേണ്ടി വന്ന ന്യൂസീലൻഡിന്റെ അവസ്ഥ തന്നെയായിരുന്നു ജോക്കോവിച്ചിനു മുന്നിൽ കീഴടങ്ങിയ റോജർ ഫെഡറർക്കും. ഫുട്ബോൾ മത്സരങ്ങൾക്കു സമാനമായ ആവേശമായിരുന്നു വിമ്പിൾഡനിൽ.  സമാനതകളില്ലാത്ത ഫൈനലിനാണ് വിമ്പിൾഡൻ സാക്ഷ്യം വഹിച്ചത്.

ഫെഡറർക്കു ജയിക്കാമായിരുന്ന രണ്ടു ചാംപ്യൻഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്. 1948നു ശേഷം വിമ്പിൾഡൻ ഫൈനലുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം രണ്ടു ചാംപ്യൻഷിപ് പോയിന്റുകൾ അതിജീവിക്കുന്നത്! 

∙ എന്തുകൊണ്ട് ജോക്കോ? 

മത്സരത്തിൽ ഉടനീളം ജോക്കോവിച്ചിനെക്കാൾ ഒരുപടി മുന്നിലായിരുന്നു ഫെഡറർ. സെർവുകൾ റിട്ടേൺ ചെയ്യുന്നതിൽ ലോകത്തെ ഏറ്റവും മികച്ച താരമായ ജോക്കോവിച്ച് ഫെഡററുടെ എയ്സുകൾക്കു മുന്നിൽ പതറി. എയ്സുകൾ വഴി ഫെഡറർ 25 പോയിന്റ് നേടിയപ്പോൾ ജോക്കോവിച്ചിന് 10 പോയിന്റു മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആകെ 203 പോയിന്റുകൾ ജോക്കോവിച്ച് നേടിയപ്പോൾ 218 പോയിന്റാണു ഫെഡറർ നേടിയത്.

ഏഴു ബ്രേക്ക് പോയിന്റുകൾ ഫെഡറർ നേടിയപ്പോൾ 3 എണ്ണം മാത്രമാണു ജോക്കോവിച്ചിനു നേടാനായത്. എന്നിട്ടും ടൈബ്രേക്കറുകളിലെ മികവും പിഴവുകൾ വരുത്താതിരുന്നതിലെ ശ്രദ്ധയുമാണ് ജോക്കോവിച്ചിനെ വിജയിപ്പിച്ചത്. അവസാന സെറ്റിലേത് ഉൾപ്പെടെ 3 ടൈബ്രേക്കറുകളിലും ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരത്തിനു ചേർന്ന മികവ് കാഴ്ചവച്ചു. 

∙ ടൈബ്രേക്കർ കെണി

വിമ്പിൾഡനിൽ കഴിഞ്ഞ വർഷം വരെ അവസാന സെറ്റിൽ ടൈബ്രേക്കർ ഇല്ലായിരുന്നു. 2 പോയിന്റ് വ്യത്യാസം വരുന്നതു വരെ കളി നീളും. എന്നാൽ, ഇത്തവണ നിയമം മാറി. അവസാന സെറ്റിൽ ഇരു താരങ്ങളും 12 പോയിന്റ് തുല്യത പാലിച്ചാൽ കളി ടൈബ്രേക്കറിലേക്കു മാറും. ഈ നിയമം ഇല്ലായിരുന്നെങ്കിൽ ഫെഡറർ ജയിച്ചേനേ എന്നു വിശ്വസിക്കുന്നവരുണ്ട്. കാരണം ജോക്കോവിച്ച് ജയിച്ച 3 സെറ്റുകളും തീരുമാനിക്കപ്പെട്ടത് ടൈബ്രേക്കറിലാണ്. 

∙ ഇനിയൊരങ്കം?

അടുത്തമാസം 38 വയസ്സ് തികയുന്ന ഫെഡററെ ഇനി ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ കാണുമോ? എന്നാൽ, ഇനിയും താൻ ഇവിടെയൊക്കെ ഉണ്ടാകുമെന്നു കലാശപ്പോരാട്ടത്തിലെ ഫെഡററുടെ പ്രകടനം ചൂണ്ടിക്കാട്ടുന്നു. കുറച്ചു നാൾ വിശ്രമത്തിനു ശേഷം സിൻസിനാറ്റി ഓപ്പണിൽ പങ്കെടുക്കുമെന്നു ഫെഡറർ മൽസരശേഷം പറഞ്ഞു.

ഇത്രയും മാനസിക സമ്മർദം നേരിട്ട മത്സരം ഇതിനു മുൻപ് ഞാൻ കളിച്ചിട്ടില്ല.നൊവാക് ജോക്കോവിച്ച്
എനിക്കു വിശ്വസിക്കാൻ സാധിക്കുന്നില്ല. വിജയിക്കാൻ സാധിക്കുന്ന മത്സരമായിരുന്നു. ഞാനിതു മറക്കാൻ ആഗ്രഹിക്കുന്നുറോജർ ഫെഡറർ  

English Summary: How Novak Djokovic Dominated The Tie-breaks Against Roger Federer in Wimbledon 2019?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com