ADVERTISEMENT

മെൽബൺ ∙ വനിതാ ടെന്നിസിൽ പുത്തൻ താരോദയം! അമേരിക്കക്കാരി സോഫിയ കെനിൻ. മുൻ ലോക ഒന്നാം നമ്പർ ഗബ്രീൻ മുഗുരുസയുടെ കിരീടമോഹത്തെ തല്ലിയുടച്ച് സോഫിയ കെനിൻ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി (4–6, 6–2, 6–2). ആദ്യ ഗ്രാൻസ്‍ലാം ഫൈനൽ കളിച്ച കെനിൻ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് പോരാട്ടവീര്യം പ്രദർശിപ്പിച്ചു കപ്പു സ്വന്തമാക്കിയത്.

14–ാം സീഡായി മെൽബണിലെത്തിയ കെനിൻ നാലാം റൗണ്ടിൽ കൗമാരതാരം കൊകോ ഗോഫിനെയും സെമിയിൽ ലോക ഒന്നാം നമ്പർ ആഷ്‍ലി ബാർട്ടിയെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്.

2008ൽ മരിയ ഷറപ്പോവയ്ക്കു ശേഷം (20 വയസ്സ്) ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സോഫിയയ്ക്കാണ് (21 വയസ്സും 80 ദിവസവും). ഇരുവരും ചെറുപ്പത്തിലേ റഷ്യയിൽനിന്ന് യുഎസിലേക്കു കുടിയേറിയവരാണെന്ന പ്രത്യേകതയുമുണ്ട്. ഷറപ്പോവ ജന്മനാടായ റഷ്യയ്ക്കു വേണ്ടി കളിക്കാൻ തീരുമാനിച്ചപ്പോൾ യുഎസിനു വേണ്ടി കളിക്കാനായിരുന്നു കെനിന്റെ തീരുമാനം. ഇതോടെ, കഴിഞ്ഞ 12 വനിതാ ഗ്രാൻസ്‍ലാം കിരീടങ്ങളിൽ എട്ടും നേടിയതു പുതിയ താരങ്ങളായി. വനിതാ ടെന്നിസിൽ സ്ഥിരമായി ആധിപത്യം പുലർത്തുന്ന കളിക്കാർ ഇല്ലെന്നതിന്റെ സൂചനയായും ഇതിനെ കാണാം.

ജോക്കോ – തീം ഫൈനൽ

റോഡ് ലേവറിൽ നൊവാക് ജോക്കോവിച്ചും ഡൊമിനിക് തീമും പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും. കിരീടം നേടിയാൽ 17 ഗ്രാൻസ്‍ലാമുമായി ഫെഡററുടെ 20 ഗ്രാൻസ്‍ലാം റെക്കോർഡിന് അടുത്തെത്താൻ മുപ്പത്തിരണ്ടുകാരനായ ജോക്കോവിച്ചിനു കഴിയും. പുരുഷ ഡബിൾസ് ഫൈനലി‍ൽ ഇന്ന് ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാം– ബ്രിട്ടിഷ് താരം ജോ സാലിസ്ബറി സഖ്യം ഓസ്ട്രേലിയൻ താരങ്ങളായ ലൂക്ക് സേവില്ല – മാക്സ് പർസൽ സഖ്യത്തെ നേരിടും.

English Summary: Sofia Kenin beats Garbine Muguruza to win Australian Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com