ADVERTISEMENT

കഴിഞ്ഞ ദിവസത്തെ നൊവാക് ജോക്കോവിച്ചിന്റെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടത്തോടെ മാഞ്ഞുപോയൊരു ചരിത്രമാണ് വീണ്ടും കായികലോകത്തിന്റെ മുന്നിലേക്കെത്തുന്നത്. ജോക്കോവിച്ച് കിരീടം ഉയർത്തിയപ്പോൾ അപൂർവമായ ഒരു റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്: ഓപ്പണ്‍ യുഗത്തിൽ മൂന്ന് പതിറ്റാണ്ടുകളിലായി ഗ്രാൻസ്‌ലാം കിരീടങ്ങൾ ഉയർത്തുന്ന ആദ്യ താരം എന്ന ബഹുമതി. 2008ലാണ് ജോക്കോ തന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടം ചൂടുന്നത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെയായിരുന്നു ആ കിരീടധാരണം. ടെന്നിസ് കോർട്ടിലെ മുഹമ്മദലി എന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ വിൽഫ്രെഡ് സോങ്കയെ അട്ടിമറിച്ചായിരുന്നു ആദ്യ ജയം. തുടർന്ന് അടുത്ത പതിറ്റാണ്ടിലും (2010–19) ഈ പതിറ്റാണ്ടിലുമായി (2020 മുതൽ) ആകെ 17 ഗ്രാൻസ്‌ലാം കിരീടങ്ങൾ. 

എന്നാൽ ജോക്കോയ്ക്ക് മുൻപേ ഈ നേട്ടം സ്വന്തമാക്കിയൊരു താരമുണ്ട്: കെന്നത്ത് റോബർട്ട് റോസ്‍വാൾ എന്ന കെൻ റോസ്‍വാൾ. അരനൂറ്റാണ്ടു മുൻപായിരുന്ന ഈ ഓസ്ട്രേലിയക്കാരന്റെ നേട്ടം. 1953ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയ റോസ്‍വാൾ 1960കളിലും 70കളിലും കിരീടങ്ങൾ ചൂടി മൂന്നു പതിറ്റാണ്ടുകളിലായി ട്രിപ്പിൾ കുറിച്ചിരുന്നു. റോസ്‍വാളിന്റെ നേട്ടം ഓപ്പൺ യുഗത്തിനുമുൻപും ഓപ്പൺ യുഗത്തിലും എന്ന പ്രത്യേകതയുണ്ടായിരുന്നു.

1960കളിൽ ലോകം കണ്ട  ഏറ്റവും മികച്ച ടെന്നിസ് താരമാണ് ഓസ്ട്രേലിയയുടെ കെൻ റോസ്‍വാൾ. അക്കാലത്തെ ഒന്നാംനിര താരം. 1951 മുതൽ 78 വരെ നീണ്ട കരിയറിൽ അമച്വർ, പ്രഫഷനൽ താരം എന്നീ നിലകളിൽ അദ്ദേഹം ഒട്ടേറെ നേട്ടങ്ങൾ  സ്വന്തമാക്കി. സിംഗിൾസ് കരിയറിൽ  ഏറ്റവും കൂടുതൽ  മൽസരങ്ങൾ (2282) കൂടുതൽ ജയങ്ങൾ (1655) എന്നീ നേട്ടങ്ങൾ ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. 133 കിരീടങ്ങൾ, എട്ടു ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ, 15 പ്രൊ സ്ലാം കിരീടങ്ങൾ. ‌ഡബിൾസിൽ ഒൻപത് ഗ്രാന്‍സ്ലാം കിരീടങ്ങളും മിക്സഡ് ഡബിൾസിൽ ഒന്നും. ഓസ്ട്രേലിയ ഡേവിസ് കപ്പ് നേടുമ്പോൾ മൂന്നു തവണ ടീമിൽ അംഗം.  ശരാശരി പൊക്കവും ഭാരവുംമാത്രമുള്ള റോസ്‍വാൾ തന്റെ വേഗതയേറിയ ശൈലിയും ബാക്ക്ഹാൻഡ് പോരാട്ടവുംകൊണ്ടാണ് ടെന്നിസ് മൈതാനങ്ങളെ കീഴടക്കിയത്. 

1972ൽ ഓസ്ട്രേലിയൻ  ഓപ്പൺ നേടിയപ്പോൾ അന്നതൊരു റെക്കോർഡായിരുന്നു: ഓപ്പൺ യുഗത്തിൽ ഏതെങ്കിലും ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരം. അന്ന് തന്റെ തന്നെ നാട്ടുകാരനായ മാൽ  ആൻഡേഴ്സനെ 7–6, 6–3, 7–5 ന് തോൽപിക്കുമ്പോൾ റോസ്‍വാളിന് പ്രായം 37 വയസും രണ്ടു മാസവും ഒരു ദിവസവും. (അന്ന് ആൻഡേഴ്സന് പ്രായം 36). 1953ൽ, ഓപ്പൺ യുഗത്തിനുമുൻപ് തന്റെ ആദ്യ ഓസ്ട്രേലിയൻ ചാംപ്യൻഷിപ്പ് നേടുമ്പോൾ അദ്ദേഹം കുറിച്ച റെക്കോർഡ് മാറ്റമില്ലാതെ ഇന്നും തുടരുന്നു – ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ ചാംപ്യൻഷിപ്പ് പുരുഷജേതാവ് (18 വയസ്, രണ്ടു മാസം). കരിയറിലെ ആദ്യത്തെയും അവസാനത്തെയും ഓസ്ട്രേലിയൻ കിരീടങ്ങൾ  നേടുമ്പോൾ 19 വർഷങ്ങളുടെ നീണ്ട കാലാവധി  എന്നതും റെക്കോർഡായി തുടരുന്നു.

1974ൽ തന്റെ 39–ാം വയസിൽ റോസ്‍വാള്‍ വിമ്പിൾഡൻ, യുഎസ് ഓപ്പൺ ഫൈനലുകളിൽ കടന്നെങ്കിലും ജിമ്മി കോണേഴ്സിനോട് അടിയറവുപറഞ്ഞു. ടെന്നിസിലെ മികച്ച നേട്ടങ്ങളുടെ പേരിൽ 1980ൽ അദ്ദേഹത്തെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആദരിച്ചു. ഇപ്പോൾ പ്രായം 85 വയസ്. സി‍ഡ്നിയിൽ താമസം.

English Summary: Ken Rosewall, First Tennis Player to Win Grand Slam Titles in Three Different Decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com