ADVERTISEMENT

ബെംഗളൂരു ∙ മൂന്നു പതിറ്റാണ്ടോളം ഇന്ത്യ കണ്ട ആ കാഴ്ച ഇനിയില്ല; വിരമിക്കലിനു മുൻപ്, സ്വന്തം മണ്ണിലെ അവസാന എടിപി ടൂർ മത്സരം കളിച്ച് ടെന്നിസ് താരം ലിയാൻഡർ പെയ്സ് ആരാധകരോടു വിടചൊല്ലി. ബെംഗളൂരു ഓപ്പണിൽ പുരുഷ ഡബിൾസിൽ 2–ാം സ്ഥാനത്തോടെയാണ് പെയ്സിന്റെ മടക്കം. ഫൈനലിൽ പെയ്സ്–മാത്യു എബ്ദെൻ (ഓസ്ട്രേലിയ) സഖ്യം ഇന്ത്യൻ കൂട്ടുകെട്ടായ പുരവ് രാജ–രാംകുമാർ രാമനാഥൻ എന്നിവരോടു തോറ്റു (0–6, 3–6). ഈ വർഷം പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിക്കുമെന്ന് നാൽപ്പത്താറുകാരനായ പെയ്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡേവിസ് കപ്പിൽ ക്രൊയേഷ്യയ്ക്കെതിരെ നടക്കുന്ന ലോക ഗ്രൂപ്പ് പ്ലേഓഫ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ പെയ്സ് ഇടംപിടിച്ചിട്ടുണ്ട്. മാർച്ചിൽ, ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലാണു മത്സരം.

leander-paes
പെയ്സും എബ്ദെനും റണ്ണേഴ്സ് അപ് ഫലകവുമായി.

പെയ്സിനു വിടചൊല്ലാൻ ‘വൺ ലാസ്റ്റ് റോർ’ എന്നെഴുതിയ ടീം ഷർട്ടുകളുമായിട്ടാണ് ആരാധകർ കർണാടക സ്റ്റേറ്റ് ലോൺ ടെന്നിസ് അസോസിയേഷൻ സ്റ്റേഡിയത്തിലെത്തിയത്. ആരാധക പിന്തുണയിൽ മനസ്സു നിറഞ്ഞ പെയ്സ് മത്സരശേഷം വികാരഭരിതനായാണു പ്രതികരിച്ചത്. ‘ഇന്ത്യയിൽ ഞാൻ അവസാന മത്സരം കളിച്ചു എന്ന തിരിച്ചറിവ് എന്നെ ‘ഇമോഷനൽ’ ആക്കുന്നു. മത്സരശേഷം അഞ്ചോ ആറോ വയസ്സുള്ള ഒരു കൊച്ചുകുട്ടി അവളെക്കാൾ ഇരട്ടി വലുപ്പമുള്ള ടീഷർട്ടിൽ എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചു. ഒപ്പിട്ടു നൽകിയപ്പോൾ അവൾ പറഞ്ഞ ‘ബൈ’ മനസ്സിലിപ്പോഴും മുഴങ്ങുന്നു. എന്നെക്കാൾ 40 വയസ്സ് ഇളയ ഒരാൾ പോലും ഒരു കായികതാരമെന്ന നിലയിൽ എന്നെ ഇഷ്ടപ്പെടുന്നു എന്നത് മനസ്സു നിറയ്ക്കുന്ന കാര്യമാണ്...’– പെയ്സ് പറഞ്ഞു.

കൂട്ടുകാരൻ പിന്നെ കോച്ചായി

1990ലെ വിമ്പിൾഡൻ സിംഗിൾസ് ജൂനിയർ കിരീടവും 1991ലെ യുഎസ് ഓപ്പൺ ജൂനിയറും നേടിയാണു പെയ്സിന്റെ തുടക്കം. പിന്നീട് 18 ഗ്രാൻസ്‌ലാം കിരീടങ്ങൾ, 44 ഡേവിസ് കപ്പ് ജയങ്ങൾ, ഒരു ഒളിംപിക് മെഡൽ, 7 ഏഷ്യൻ ഗെയിംസ് മെഡലുകൾ എന്നിവ നേടി. ആദ്യ ഡേവിസ് കപ്പിൽ സീഷൻ അലി– പെയ്സ് സഖ്യം തകർത്തത് ജപ്പാന്റെ ഷുസോ മട്സുക്കോ– ഷിഗേരു സഖ്യത്തെയാണ്. 2017ൽ ഡേവിസ് കപ്പിൽ ഇതേ സീഷൻ അലിയായിരുന്നു മുഖ്യപരിശീലകൻ! 

പെയ്സിന് ഒരു വർഷം കൂടി കളിക്കാം: ഭൂപതി

കൊൽക്കത്ത ∙ ലിയാൻഡർ പെയ്സിന് ഒരു വർഷം കൂടി പ്രഫഷനൽ ടെന്നിസിൽ തുടരാനുള്ള മികവുണ്ടെന്നു മുൻ ‍ഡബിൾസ് പങ്കാളിയായ മഹേഷ് ഭൂപതി. ‘പെയ്സ് ഇപ്പോഴും നന്നായി കളിക്കുന്നു. അദ്ദേഹം ബെംഗളൂരുവിൽ ഫൈനൽ കളിച്ചല്ലോ... ഈ മികവു തുടരുകയാണെങ്കിൽ അദ്ദേഹത്തിന് ഒരു വർഷം കൂടിയെങ്കിലും ഇനി കളിക്കാം’– ഭൂപതി പ്രശംസിച്ചു. ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ പെയ്സ് ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഭൂപതിയുടെ മറുപടിയിങ്ങനെ: ‘നാലോ അഞ്ചോ താരങ്ങൾ സാധ്യതയിലുണ്ട്. ജൂണിനു മുൻപ് ഇവരിലാരൊക്കെ കളിക്കുമെന്ന് വ്യക്തമാകും.

English Summary: Leander Paes loses last match at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com