ADVERTISEMENT

പാരിസ് ∙ ഏഴാം വയസ്സിൽ കടം വാങ്ങിയ 700 ഡോളറുമായി ടെന്നിസ് കളിക്കാൻ അമേരിക്കയിൽ വന്നിറങ്ങിയ റഷ്യക്കാരി മരിയ ഷറപ്പോവ ഒടുവിൽ പ്രഫഷനൽ ടെന്നിസിനോടു വിടപറയുന്നു. പരുക്കും വിലക്കും മറികടന്ന് കോർട്ടിലേക്കു തിരിച്ചെത്തി പോരാട്ടവീര്യം തെളിയിച്ച ശേഷമാണ് മുപ്പത്തിരണ്ടുകാരി ഷറപ്പോവയുടെ വിടവാങ്ങൽ. ‘ടെന്നിസ്, ഞാൻ നിന്നോടു ഗുഡ്ബൈ പറയുന്നു’– ഒരു മാസികയിലെ ലേഖനത്തിൽ ഷറപ്പോവ പറഞ്ഞു.

സെർബിയയിൽ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. അപരിചിതരുടെ നടുവിൽനിന്ന് പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പർ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാൽ, ഷറപ്പോവയ്ക്കു 2016 ഓസ്ട്രേലിയൻ ഓപ്പണിനിടെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. നിലവിൽ 373–ാം റാങ്കുകാരിയാണ് ഷറപ്പോവ. ദീർഘകാലമായി അലട്ടുന്ന തോളിലെ പരുക്ക് കാരണം ഏറ്റവുമൊടുവിൽ ഓസ്ട്രേലിയൻ ഓപ്പണിലും ആദ്യറൗണ്ടിൽ ഷറപ്പോവ പുറത്തായിരുന്നു.    

2004ൽ 17–ാം വയസ്സിൽ വിമ്പിൾഡൻ ജേതാവായതോടെയാണ് ഷറപ്പോവ ലോകടെന്നിസിലെ ശ്രദ്ധാകേന്ദ്രമായത്. 2005ൽ ലോക ഒന്നാം നമ്പറായി. അടുത്ത വർഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി. 2007ലാണ് ഷറപ്പോവ തോളിലെ പരുക്കുമായുള്ള പോരാട്ടം തുടങ്ങിയത്. പരുക്കു ഭേദമാക്കിയെത്തി 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി. 2012ൽ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തോടെ കരിയർ ഗ്രാൻസ്‌‌ലാം തികയ്ക്കുന്ന പത്താമത്തെ വനിതാതാരമായി. ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടി. 

sharapova-and-father
ഷറപ്പോവ ചെറുപ്പകാലത്ത് പിതാവ് യൂറിക്കൊപ്പം.

2016ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ വിലക്കു നേരിട്ടെങ്കിലും പോരാട്ടവീര്യം കൈവിടാതിരുന്ന താരം 2017ൽ മത്സരരംഗത്തേക്കു തിരിച്ചെത്തി. പക്ഷേ, വിജയങ്ങളിലേക്കു മടങ്ങിയെത്താൻ കഴിയാതെ പോയി. 

‘ഈ മനോഹര ടെന്നിസ് ജീവിതം’

‘ഞാനെന്റെ ജീവിതം തന്നെ ടെന്നിസിനു നൽകി. ടെന്നിസ് എനിക്കു തിരിച്ചു നൽകിയതും ജീവിതമാണ്. എന്നാൽ എനിക്കിപ്പോൾ പഴയ ടെന്നിസ് കാലം ഓർമയിൽ മാത്രം. പരിശീലനവും പതിവുചിട്ടകളും നഷ്ടപ്പെട്ടിരിക്കുന്നു. വലംകാലിലെ ഷൂ കെട്ടും മുൻപേ ഇടംകാലിലെ ഷൂ കെട്ടിയിരുന്നതും കോർട്ടിലെ ഗേറ്റ് അടച്ച ശേഷം മാത്രം കളി തുടങ്ങിയിരുന്നതുമെല്ലാം..

എന്റെ ടീമിനെയും പരിശീലകരെയുമെല്ലാം ഞാനിപ്പോൾ മിസ് ചെയ്യുന്നു. പ്രാക്ടീസ് കോർട്ടിലെ ബെഞ്ചിൽ പിതാവിനൊപ്പം ഇരുന്ന കാലത്തെ ഓർമകൾ... വിജയങ്ങളും തോൽവികളും, പിന്നീടുള്ള  ഹസ്തദാനങ്ങൾ... തിരിഞ്ഞുനോക്കുമ്പോൾ ഞാനൊരു കാര്യം തിരിച്ചറിയുന്നു. ടെന്നിസായിരുന്നു എന്റെ കൊടുമുടി. താഴ്‌വരകളും സങ്കീർണമായ വഴികളുമെല്ലാം താണ്ടി ആ കൊടുമുടിക്കു മുകളിലെത്തിയപ്പോഴത്തെ കാഴ്ച, അതിമനോഹരം!’ – മരിയ ഷറപ്പോവ

English Summary: Maria Sharapova retires from tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com