ADVERTISEMENT

ലൊസാഞ്ചലസ് ∙ ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ കഴിഞ്ഞാൽ ലോക ടെന്നിസിലെ വലിയ ടൂർണമെന്റുകളിലൊന്നായ ഇന്ത്യൻ വെൽസ് ടെന്നിസ് ടൂർണമെന്റ് കൊറോണ വൈറസ് ഭീതിയെത്തുടർന്ന് റദ്ദാക്കി. ടൂർണമെന്റ് ഇന്നു തുടങ്ങാനിരിക്കെയാണ് സംഘാടകരുടെ പ്രഖ്യാപനം. കൊറോണ ഭീതിയെത്തുടർന്ന് യുഎസിൽ മാറ്റി വയ്ക്കുന്ന ആദ്യത്തെ വലിയ കായിക മത്സരമാണ് ‘അഞ്ചാം ഗ്രാൻസ്‌ലാം’ എന്നറിയപ്പെടുന്ന ഇന്ത്യൻ വെൽസ്.

കലിഫോർണിയയുടെ ഭാഗമായുള്ള കോച്ചെല്ല വാലിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു. ഇവിടെ കൊറോണ വൈറസ് മൂലമുള്ള കോവിഡ്–19 രോഗബാധ ഒരാൾക്ക് സ്ഥിരീകരിച്ചിരുന്നു. 

ഓരോ വർഷവും നാലു ലക്ഷത്തോളം കാണികളെത്തുന്ന ചാംപ്യൻഷിപ്പാണ് ഇന്ത്യൻ വെൽസ്. യോഗ്യതാ മത്സരങ്ങൾ ഇന്നു തുടങ്ങാനിരിക്കുന്നതിനാൽ ഒട്ടേറെ താരങ്ങൾ ഇവിടെയെത്തുകയും ചെയ്തിരുന്നു. ലോക രണ്ടാം നമ്പർ താരം റാഫേൽ നദാൽ, കനേഡിയൻ താരം ഡെനിസ് ഷപവ്‌ലവ് തുടങ്ങിയവർ ടൂർണമെന്റ് മാറ്റേണ്ടി വന്ന സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.

ഓസ്ട്രിയൻ താരം ഡൊമിനിക് തീം, കനേഡിയൻ താരം ബിയാൻക ആൻഡ്രെസ്ക്യു എന്നിവരാണ് ചാംപ്യൻഷിപ്പിലെ നിലവിലുള്ള പുരുഷ,വനിതാ വിഭാഗം സിംഗിൾസ് ജേതാക്കൾ. ഇന്ത്യൻ വെൽസ് മാറ്റിയതോടെ എടിപി ടൂർ സർക്യൂട്ടിലെ മറ്റു ടൂർണമെന്റുകളുടെ കാര്യത്തിലും ആശങ്കയായി. ഈ മാസം അവസാനം നടക്കേണ്ട മയാമി ഓപ്പണിന്റെ കാര്യത്തിലാണ് കൂടുതൽ അനിശ്ചിതത്വം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com