ADVERTISEMENT

ലോകം ഇത്രയധികം മാറിയിട്ടും വിമ്പിൾഡനിലെ വിക്ടോറിയൻ ‘ആചാരങ്ങൾ' മാറ്റമില്ലാതെ തുടരുന്നു; വിമ്പിൾഡൻ ടെന്നിസ് റദ്ദാക്കിയതിനാൽ ടെന്നിസ് പ്രേമികൾക്കു നഷ്ടമാകുന്നത് എന്തൊക്കെയാണ്?

തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുണ്ടാകുന്ന സ്ട്രോബറിപ്പഴങ്ങളുടെ വിധി കഴിഞ്ഞ ഒന്നരനൂറ്റാണ്ടോളമായി ഒന്നുതന്നെയാണ്; 100 കിലോമീറ്റർ അപ്പുറമുള്ള ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ ലോകത്തെ ഏറ്റവും മനോഹരമായ ടെന്നിസ് ടൂർണമെന്റിന്, വിമ്പിൾഡന് സ്വാദ് പകരുക. എന്നാൽ, 2 ലോകമഹായുദ്ധങ്ങൾ ആ പതിവു തെറ്റിച്ചു. ഇക്കൊല്ലം കോവിഡ് മഹാമാരിയും സ്ട്രോബറിപ്പഴങ്ങളുടെ രുചി അനാഥമാക്കിക്കളഞ്ഞു.

കോവിഡ് കാരണം ഫ്രഞ്ച് ഓപ്പൺ ഉൾപ്പെടെ പ്രധാന ടെന്നിസ് ടൂർണമെന്റുകളെല്ലാം മാറ്റി. എന്നാൽ, ടെന്നിസ് പ്രേമികൾക്ക് അപ്പോഴൊന്നും തോന്നാത്ത നിരാശയാണു വിമ്പിൾഡൻ ഇത്തവണ ഇല്ലെന്നറിയുമ്പോഴുള്ളത്.

ഗ്രാൻസ്‌‌ലാം ടൂർണമെന്റുകൾ മറ്റു മൂന്നെണ്ണം കൂടിയുണ്ടെങ്കിലും വിമ്പിൾഡന്റെ തട്ട് എപ്പോഴും താണിരിക്കും. വിമ്പിൾഡനെ ചൂഴ്ന്നു നിൽക്കുന്ന നൂറ്റാണ്ടിലേറെയുള്ള ചരിത്രം തന്നെയാണു കാരണം. 

federer-djoko
ഫെഡററും ജോക്കോവിച്ചും കഴിഞ്ഞ വർഷത്തെ ഫൈനലിനു മുൻപ്.

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കായിക മത്സരങ്ങളിലൊന്നാണു വിമ്പിൾഡൻ. ലോകം മാറിയിട്ടും വിമ്പിൾഡനിലെ വിക്ടോറിയൻ ‘ആചാരങ്ങൾ' മാറ്റമില്ലാതെ തുടരുന്നു. ടൂർണമെന്റിന്റെ നടത്തിപ്പുകാരായ ഓൾ ഇംഗ്ലണ്ട് ക്ലബ് അവ കർക്കശമായി പിന്തുടരുന്നുമുണ്ട്. ടൂർണമെന്റ് റദ്ദാക്കിയതിലൂടെ ടെന്നിസ് പ്രേമികൾക്കു നഷ്ടമാകുന്ന അത്തരം പ്രത്യേകതകളിലൂടെ...

ഡ്രസ് കോഡ്

ഒരു ടെന്നിസ് മത്സരത്തിന്റെ ചിത്രം കണ്ടാൽ അതു വിമ്പിൾഡനാണോ എന്നു വേഗത്തിൽ തിരിച്ചറിയാം. കാരണം, പുൽക്കോർട്ടിൽ വെളുത്ത നിറങ്ങളുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കളിക്കുന്നവർ വിമ്പിൾഡനിന്റെ മാത്രം പ്രത്യേകതയാണ്. വെളുപ്പോ സമാനമായ നിറങ്ങളോ മാത്രമേ കളിക്കാർക്കു ധരിക്കാൻ സാധിക്കൂ. കളി കാണാനെത്തുന്നവർക്കും നിയന്ത്രണങ്ങൾ. റിപ്ഡ് ജീൻസ്, കാഷ്വൽ ടീഷർട്ടുകൾ, വലിയ തൊപ്പികൾ തുടങ്ങിയവ ഇവിടെ അനുവദിക്കില്ല. അതേസമയം, ചൂടുകാലത്തെ നൂതന ഫാഷനുകൾ ഓരോ വിമ്പിൾഡനിലും ഗാലറികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

റോയൽ ബോക്സ്

ടെന്നിസ് കോർട്ടുകളിലെ രാജകീയ ഇരിപ്പിടമാണു സെന്റർ കോർട്ടിലെ റോയൽ ബോക്സ്.  74 പേർക്കിരിക്കാം. ക്ഷണിക്കപ്പെടുന്നവർക്കു മാത്രമാണു പ്രവേശനം. ബ്രിട്ടിഷ് രാജകുടുംബത്തിനു വേണ്ടിയാണ് ആദ്യ കാലങ്ങളിൽ ഇവ റിസർവ് ചെയ്തിരുന്നത്. ഇപ്പോൾ പ്രധാനമന്ത്രിമാരും സെലിബ്രിറ്റികളും എത്താറുണ്ട്. ക്ഷണിതാവാണെങ്കിലും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് കയറാനാകില്ല. 2015ലെ ഫൈനലിനെത്തിയ എഫ് വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് കോട്ടും സ്യൂട്ടും ധരിക്കാത്തതിനാൽ റോയൽ ബോക്സിൽ പ്രവേശനം നിഷേധിച്ചിരുന്നു.

പുൽക്കോർട്ടിലെ പോരാട്ടങ്ങൾ

പ്രകൃതിദത്ത പുൽക്കോർട്ടിൽ കളിക്കുന്ന ഏക ഗ്രാൻസ്‌ലാമാണു വിമ്പിൾഡൻ. ടെന്നിസ് ആരംഭിച്ചത് പുൽക്കോർട്ടുകളിലാണ്. താരങ്ങളെ നന്നായി പരീക്ഷിക്കുന്ന പ്രതലമാണിത്. ഹാർഡ് കോർട്ടുകളിലേതു പോലെ പന്ത് ഇവിടെ കുതിച്ചുപൊങ്ങില്ല. അതുകൊണ്ടുതന്നെ പുൽക്കോർട്ടുകൾക്കു മാത്രമായി പ്രത്യേക ശൈലി അനിവാര്യം.

ഇംഗ്ലണ്ടിലെ കാലാവസ്ഥ അനുസരിച്ച് ജൂലൈ കഴിഞ്ഞാൽ പുല്ല് വാടും. അതുകൊണ്ടുതന്നെ ഈ വർഷം മറ്റൊരു വേദി കണ്ടെത്തി ടൂർണമെന്റ് നടത്താനാകില്ല എന്നതും വിമ്പിൾഡൻ റദ്ദാക്കാൻ കാരണമായി.

strawberry

സ്ട്രോബറി ടൂർണമെന്റ്

വിമ്പിൾഡനും സ്ട്രോബറിയും തമ്മിലുള്ള ബന്ധം 1877ൽ ആരംഭിക്കുന്നു. ക്രീമിൽ ചാലിച്ച സ്ട്രോബറികളാണു ടൂർണമെന്റിെല പ്രധാന വിഭവം. രണ്ടാഴ്ച മാത്രം ദൈർഘ്യമുള്ള ഓരോ വിമ്പിൾഡനിലും 28,000 കിലോ സ്ട്രോബറിപ്പഴങ്ങളും 10,000 ലീറ്റർ ക്രീമും ചെലവാകുന്നു. അതതു ദിവസം പറിക്കുന്ന സ്ട്രോബറികളാണ് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെത്തുന്നത്. പാരമ്പര്യം തുടരാനായി അവ വില കുറച്ചാണു വിൽക്കുന്നതും. ക്രീമിൽ ചാലിച്ച 10 സ്ട്രോബറിക്ക് 2.5 യൂറോ (ഏകദേശം 206 രൂപ) മാത്രം.

സ്പോൺസർമാർ  പുറത്ത്

സ്പോൺസർമാരുടെ കാര്യത്തിലും ഓൾ ഇംഗ്ലണ്ട് ക്ലബ്ബിനു കടുംപിടിത്തങ്ങളുണ്ട്. വലിയ കമ്പനികളാണു പതിറ്റാണ്ടുകളായി സ്പോൺസർമാർ. എന്നാൽ, എത്ര വലിയ തുക മുടക്കിയാലും ഒരു സ്പോൺസറുടെയും പേര് കോർട്ടിൽ പ്രദർശിപ്പിക്കാനാകില്ല. ലോഗോ വളരെ ചെറുതായി കോർട്ടിൽ എവിടെയെങ്കിലുമുണ്ടാകും; അത്ര മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com