ADVERTISEMENT

സിഡ്നി∙ ടെന്നിസ് കോർട്ടിലെ ‘ചീത്തക്കുട്ടി’യാണ് ഇരുപത്തിനാലുകാരനായ ഓസ്ട്രേലിയൻ താരം നിക് കിർഗിയോസ്. പക്ഷേ, കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ കുരുക്കിലായ ആളുകൾക്ക് സഹായ വാഗ്ദാനവുമായി കയ്യടി നേടുകയാണ് ഇതേ ‘ചീത്തക്കുട്ടി’. പണമില്ലാത്തതിന്റെ പേരിൽ ദയവായി ആരും വിശന്ന വയറുമായി ഉറങ്ങാൻ പോകരുതെന്ന അഭ്യർഥനയുമായി കിർഗിയോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സന്ദേശം നിമിഷങ്ങൾക്കകം വൈറലായി. ഒരു ലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ സന്ദേശം ലൈക്ക് ചെയ്തത്. ആവശ്യമുള്ളവർ അറിയിച്ചാൽ കഴിയുന്നത്ര ആളുകൾക്ക് വീട്ടുപടിക്കൽ ഭക്ഷണമെത്തിച്ചു തരാമെന്നാണ് കിർഗിയോസിന്റെ പ്രസ്താവന.

‘നിങ്ങളിൽ ആരെങ്കിലും ജോലി നഷ്ടമാകുകയോ വരുമാനം നിലയ്ക്കുകയോ ചെയ്തതിന്റെ പേരിൽ പട്ടിണി കിടക്കുന്നുണ്ടോ? അല്ലെങ്കിൽ അതിജീവനം ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ടോ? ദയവുചെയ്ത് വിശക്കുന്ന വയറുമായി ഉറങ്ങാൻ പോകരുത്. എനിക്ക് വ്യക്തിപരമായി മെസേജ് അയയ്ക്കാൻ നാണക്കേടോ ഭീതിയോ വേണ്ട. എനിക്കുള്ളത് നിങ്ങളുമായി പങ്കുവയ്ക്കാൻ അതിയായ സന്തോഷമേയുള്ളൂ. ഒരു പെട്ടി ന്യൂഡിൽസോ, ഒരു കഷ്ണം ബ്രഡോ, പാലോ... നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, തിരികെയൊരു ചോദ്യം പോലുമില്ലാതെ പരമാവധി ആളുകൾക്ക് വീട്ടുപടിക്കൽ ഭക്ഷണമെത്തിച്ചുതരാം’ – കിര്‍‌ഗിയോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram

Real talk

A post shared by NK (@k1ngkyrg1os) on

കളത്തിലെ ‘കലിപ്പ് പ്രകടനങ്ങളുടെ’ പേരിൽ പലതവണ ശിക്ഷാ നടപടിക്കു വിധേയനായിട്ടുള്ള താരമാണ് കിർഗിയോസ്. കളത്തിലെ മോശം പെരുമാറ്റത്തിന് ഏറ്റവും കനത്ത തുക പിഴയൊടുക്കിയ ചരിത്രവുമുണ്ട് കിർഗിയോസിന്. കഴിഞ്ഞ വർഷം സിൻസിനാറ്റി മാസ്റ്റേഴ്സിൽ കാരെൻ ഖാച്ചനോവിനെതിരെ തോറ്റതിനു ശേഷം കോർട്ടിൽ കിർഗിയോസിന്റെ ‘കലാപരിപാടികൾ’ക്കു കിട്ടിയത് 1.13 ലക്ഷം യുഎസ് ഡോളർ (ഏകദേശം 81 ലക്ഷം രൂപ) പിഴശിക്ഷയാണ്. ചെയർ അംപയറെ ചീത്ത വിളിച്ച കിർഗിയോസ് 2 റാക്കറ്റുകൾ അടിച്ചു തകർക്കുകയും ചെയ്തു. 5 തരം അച്ചടക്ക ലംഘനങ്ങൾക്കായിരുന്നു ഇത്രയും പിഴ. 

അതേസമയം, ലോക ടെന്നിസിലെ ഭാവി സൂപ്പർതാരങ്ങളിൽ ഒരാളായി എണ്ണപ്പെടുന്ന താരം കൂടിയാണ് ഇദ്ദേഹം. ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നീ വമ്പന്മാരെ ആദ്യ പോരാട്ടത്തിൽ തന്നെ കീഴടക്കിയ അപൂർവനേട്ടം കിർഗിയോസിനു സ്വന്തം. ആറ് എടിപി സിംഗിൾസ് കിരീടങ്ങൾ ഷെൽഫിലുള്ള താരത്തിന് വരുംവർഷങ്ങൾ തന്റേതാക്കാൻ സാധിക്കുമെന്നാണ് ടെന്നിസ് ലോകത്തിന്റെ വിലയിരുത്തൽ. ‘അവിശ്വസനീയമായ കഴിവുള്ള താരം’ എന്നാണു കിർഗിയോസിനെക്കുറിച്ചു റാഫേൽ നദാൽ പറഞ്ഞത്. ഓസ്ട്രേലിയയെ കനത്ത പ്രതിസന്ധിയിലാക്കിയ കാട്ടുതീയുടെ സമയത്ത് സഹായഹസ്തവുമായി രംഗത്തെത്തിയ കിർഗിയോസിന്റെ നടപടി ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണമെത്തിക്കാമെന്ന കിർഗിയോസിന്റെ പ്രസ്താവന.

English Summary: Australia's Nick Kyrgios Offers to Drop Food at Doorstep of Those in Need

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com