ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് പോളണ്ടിന്റെ പത്തൊമ്പതുകാരി ഇഗ സ്യാംതെക്; യുഎസിന്റെ 4–ാം സീഡ് സോഫിയ കെനിനെ അട്ടിമറിച്ച് സീഡില്ലാതാരമായ ഇഗ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടമുയർത്തി. ഇഗയുടെ കന്നി ഗ്രാൻസ്‍ലാം കിരീടം. ഒരൊറ്റ സെറ്റ്പോലും വഴങ്ങാതെ ഫൈനലിൽ കടന്ന ഇഗ 6–4, 6–1നാണു കിരീടപ്പോരിൽ ഇരുപത്തൊന്നുകാരി സോഫിയയെ അട്ടിമറിച്ചത്. ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ പോളണ്ട് താരമെന്ന റെക്കോർഡിലേക്കും ഇഗ എയ്സ് പായിച്ചു. 

ലോക റാങ്കിങ്ങിൽ 54–ാം സ്ഥാനത്തുനിൽക്കുന്ന ഇഗ ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചെത്തിയ ലോക 6–ാം റാങ്കുകാരി സോഫിയയെ 84 മിനിറ്റ് നീണ്ടുനിന്ന ഫൈനലിൽ പിടിച്ചുകെട്ടി. വെറും 3 പോയിന്റ് മാത്രം വിട്ടുകൊടുത്ത് ആദ്യ സെറ്റിൽ ഇഗ അതിവേഗം 3–0നു മുന്നിലെത്തി. സോഫിയയുടെ സർവീസ് ബ്രേക്ക് ചെയ്ത് ഒടുവിൽ സെറ്റ് സ്വന്തമാക്കി. 2–ാം സെറ്റിൽ യുഎസ് താരത്തിനെ പരുക്കും വലച്ചു. 1–2നു പിന്നിൽ നിൽക്കെ വലത്തേ തുടയിലെ വേദനയ്ക്കു സോഫിയയ്ക്കു വൈദ്യസഹായം തേടേണ്ടി വന്നു. അതിനുശേഷം 3 പോയിന്റ് മാത്രം നേടാനേ താരത്തിനായുള്ളൂ; 6–1ന് ഇഗ സെറ്റും കിരീടവും സ്വന്തമാക്കി.

റെക്കോർഡിൽ ഇഗ 

1992ൽ ജേതാവായ മോണിക്ക സെലസിനുശേഷം ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ താരമാണ് ഇഗ.   1975നുശേഷം ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരി കൂടിയാണ് ഇഗ.   13 വർഷത്തിനുശേഷമാണ് ഒരൊറ്റ സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഒരുതാരം വനിതാ ചാംപ്യനാകുന്നത്. 2007ൽ ജസ്റ്റിൻ ഹെനിൻ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഈ പെൺകുട്ടിയുടെയും ദിനം

തോമസ് സ്യാംതെക്കിനു 2 പെൺമക്കളാണ്; അഗതയും ഇഗയും. മക്കൾ രണ്ടുപേരും കായികതാരങ്ങളാകണമെന്ന് 1988 സോൾ ഒളിംപിക്സിൽ പോളണ്ടിന്റെ റോവിങ് ടീം അംഗമായിരുന്ന തോമസ് ആഗ്രഹിച്ചു. ആ സ്വപ്നമാണ് ഫ്രഞ്ച് ഓപ്പണിൽ ഇന്നലെ യാഥാർഥ്യമായത്. തോമസിന്റെ ഇളയമകൾ പത്തൊമ്പതുകാരി ഇഗ സ്യാംതെക് സീഡ് ചെയ്യപ്പെടാതെവന്ന് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ട്രോഫിയുമായി വാഴ്സയിലേക്കു മടങ്ങുന്നു. 

ചേച്ചി അഗതയെ തോൽപിക്കാനുള്ള ആവേശത്തിലാണ് ഇഗ ടെന്നിസ് കളിക്കാരിയായത്. ചെറുപ്പത്തിൽ ചേച്ചിയെ തോൽപിച്ചു തുടങ്ങിയ ഇഗ ടെന്നിസ് കളത്തിൽ ഇപ്പോഴും തുടരുന്നു. 2016 മുതൽ 2018 വരെ ഐടിഎഫ് വനിതാ സർക്യൂട്ടിൽ 7 സിംഗിൾസ് ഫൈനലുകളിലാണ് ഇഗ കളിച്ചത്. ഏഴിലും ജേതാവാകുകയും ചെയ്തു. 2018ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായി. അതേവർഷം, യൂത്ത് ഒളിംപിക്സിൽ ഡബിൾസ് സ്വർണത്തിൽ പങ്കാളിയാവുകയും ചെയ്തു. കഴിഞ്ഞ വർഷം വിമ്പിൾഡനിൽ ആദ്യ റൗണ്ടിൽ പുറത്തായ ഇഗ ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പണിൽ 4–ാം റൗണ്ട് വരെയെത്തി. ഇക്കഴിഞ്ഞ യുഎസ് ഓപ്പണിൽ 3–ാം റൗണ്ടിൽ പുറത്തായി. പക്ഷേ, വാഴ്സയിൽ ടെന്നിസ് കളിച്ചു ശീലിച്ച കളിമൺ കോർട്ടിനു സമാനമായ പാരിസിലെ മത്സരക്കളത്തിൽ ഇഗ ഫൈനൽ ജയിച്ച് തലയുയർത്തി നിന്നു. 

‘എനിക്കിതു വിശ്വസിക്കാനാവുന്നില്ല. എത്ര പെട്ടെന്നാണു ഞാൻ ഇവിടം വരെയെത്തിയത്. സോഫിയ, എന്നോടു ക്ഷമിക്കുമല്ലോ’– മത്സരശേഷം ഇഗ പറഞ്ഞു. 

English Summary: Iga Swiatek wins French Open by beating Sofia Kenin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com