sections
MORE

വിടപറഞ്ഞത് ഇന്ത്യൻ ടെന്നിസിലെ കാരണവർ: ഓർമയിൽ സയ്യിദ് അക്തർ അലി

akhtar-ali
സയ്യിദ് അക്തർ അലി
SHARE

കഴിഞ്ഞ ദിവസം വിടപറഞ്ഞ മുൻ ടെന്നിസ് താരവും പരിശീലകനുമായ സയ്യിദ് അക്തർ അലിയുടെ നിര്യാണത്തോടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് ഇന്ത്യൻ ടെന്നിസിലെ കാരണവരെയാണ്. ആറു പതിറ്റാണ്ടു കാലം ഇന്ത്യൻ ടെന്നിസിൽ നിറഞ്ഞുനിന്ന അക്തർ അലി യുഗം ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ. കളിക്കാരനെന്നതിലുപരി നാലു തലമുറകളുടെ പരിശീലകനും വഴികാട്ടിയും എന്ന ഖ്യാതിയാണ് അദ്ദേഹത്തെ കൂടുതൽ ഉന്നതനാക്കുന്നത്. സാനിയ മിർസയടക്കം ഒരു പിടി താരങ്ങളുടെ ഉപദേശകനുമായിരുന്നു അദ്ദേഹം.

രാമനാഥൻ കൃഷ്ണൻ, പ്രേംജിത് ലാൽ, ജയ്ദീപ് മുഖർജി, നരേശ്കുമാർ തുടങ്ങി ഇന്ത്യൻ ടെന്നിസിൽ ഇതിഹാസം വിരിയിച്ച ഒരുപിടി താരങ്ങൾക്കൊപ്പം കളിക്കുകയും പിന്നീട് അവരെയൊക്കെ പരിശീലിപ്പിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. ഇവരുടെ പിൻമുറക്കാരായ വിജയ് അമൃത്രാജ്, രമേശ് കൃഷ്ണൻ, മകൻ സീഷാൻ അലി, ലിയാൻഡർ പെയ്സ് തുടങ്ങി ഇന്ത്യൻ ടെന്നിസിലെ മുൻനിര താരങ്ങളുടെയെല്ലാം കളിയിൽ നിർണായക സ്വാധീനമായിരുന്നു അക്തർ അലി.

സ്ക്വാഷ് താരമായിരുന്ന അസ്ഗർ അലിയുടെ മകനായി 1939 ജൂലൈ 5ന് പിറന്ന അക്തർ അലി തിരഞ്ഞെടുത്ത വഴി മറ്റൊന്നായിരുന്നു. പിതാവിൽനിന്ന് സ്ക്വാഷിന്റെ ബാലപാഠങ്ങൾ പഠിച്ചെങ്കിലും ടെന്നിസായിരുന്നു അക്തറിന്റെ വഴി. 15–ാം വയസിൽ ദേശീയ ടെന്നിസ് കിരീടം ചൂടിയ അക്തർ വിമ്പിൾഡൻ ജൂനിയർ സെമിഫൈനൽവരെയെത്തി. 1958ൽ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിലെത്തിയ അദ്ദേഹം 1964വരെ എട്ട് ഡേവിസ് കപ്പ് ‌ടൂർണമെന്റകളിലെ നിറസാന്നിധ്യമായിരുന്നു. അക്കാലത്തെ പ്രശസ്ത പരിശീലകനായിരുന്ന ഓസ്ട്രേലിയക്കാരൻ ഹാരി ഹോപ്മാന്റെ പ്രിയ ശിഷ്യനായിരുന്ന അക്തർ വിമ്പിൾഡൻ, ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റുകളിലും സാന്നിധ്യമറിയിച്ചു. ഏഷ്യൻ മിക്സഡ് ഡബിൾസ് ജേതാവായിരുന്നു.

PTI12_1_2015_000212A
ഇന്ത്യൻ ഫുട്ബോൾ ടീം മുൻ‌ ക്യാപ്റ്റൻ പി.കെ.ബാനർജിയും സയ്യിദ് അക്തർ അലിം

താരമെന്ന നിലയിൽ കോർട്ടിനോടു വിടപറഞ്ഞെങ്കിലും 1966ൽ ഇന്ത്യയുടെ പരിശീലകനായി തിരച്ചെത്തി. പൊക്കക്കുറവാകാം കളിക്കാരനന്ന നിലയിൽ കൂടുതൽ ശോഭിക്കാൻ അദ്ദേഹത്തിന് തടസമായതെന്ന് വിശ്വസിക്കുന്നവരുണ്ട്. പട്യാല എൻഐസ്, യുഎസ് പ്രഫഷണൽ ടെന്നിസ് റജിസ്ട്രി തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് പരിശീലനത്തിൽ യോഗ്യത നേടി. പരിശീലകനായിട്ട് ഇന്ത്യൻ ടീമിനെ 1966ൽ ഡേവിസ് കപ്പ് ഫൈനലിലെത്തിച്ചു. തുടർന്ന് മലേഷ്യ, ബൽജിയം തുടങ്ങിയ ടീമുകളുടെയും പരിശീലകനായി നിയോഗിക്കപ്പെട്ടു.

1974ൽ രണ്ടാം തവണ ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിൽ കടക്കുമ്പോഴും അക്തറായിരുന്നു ഇന്ത്യയുടെ മുഖ്യ പരിശിലീകൻ. വിജയ് അമൃത്‌രാജ്, ആനന്ദ് അമൃത്‌രാജ്, ശശി മേനോൻ, ജസ്ജിത് സിങ് തുടങ്ങിയ പ്രതിഭകളായിരുന്നു അന്ന് ടീമിലുണ്ടായിരുന്നത്. 2008ൽ ഇന്ത്യയുടെ നോൺ പ്ലെയിങ് ക്യാപ്റ്റനായിരുന്നു അക്തർ. രണ്ടു തവണ ഇന്ത്യയെ ഡേവിസ് കപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണാക പങ്കു വഹിച്ച അക്തറെ രാജ്യം വേണ്ട രീതിയിൽ ആദരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് പരിഗണിക്കാതെ 2000ൽ സമഗ്രസംഭാവനയ്ക്കുള്ള അർജുനപുരസ്കാരം നൽകിയതിൽ മകൻ സീഷാൻ അലിയടക്കം പലരും അന്ന് പരിഭവിച്ചു.

ഒരേ കുടുംബത്തിൽനിന്ന് ഒന്നിലേറെ പ്രമുഖ ടെന്നിസ് താരങ്ങളെ ഇന്ത്യയ്ക്ക്ു സംഭാവന ചെയ്ത നിരവധി കുടുംബങ്ങളുണ്ട് അതിൽ പ്രധാനമപ്പെട്ടതാണ് കൊൽക്കത്തയിൽ കുടുംബവേരുകളുള്ള അലിയുെട കുടുംബം. . അഖ്‌തർ അലിയുടെ പുത്രൻ സീഷൻ അലിയും ഇന്ത്യയ്‌ക്കുവേണ്ടി റാക്കറ്റ് ഏന്തിയിട്ടുണ്ട്. ഇപ്പോഴത്തെ ഡേവിസ് കപ്പ് ടീമിന്റെ പരിശീലകനും സീഷൻ അലിതന്നെ. അക്തിറിന്റെ സഹോദരന്മാരായ അഫ്‌സർ അലിയും അജ്‌സൽ അലിയും അൻവർ അലിയും ടെന്നിസ് താരങ്ങളായിരുന്നു. ഇവരെല്ലാം പിന്നീട് കോച്ചുമാരായും വിലസിയവരാണ്. അമൃത് രാജ് സഹോദരൻമാർക്കു ശേഷം ഇന്ത്യൻ ടെന്നീസിൽ തിളങ്ങിയ സീഷൻ പിതാവിനെപ്പോലെ ഇന്ത്യയുടെ ദേശീയ ജൂനിയർ ചാംപ്യൻ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.

സാനിയ മിർസ എന്നും ആരാധിച്ചിരുന്ന പ്രതിഭയായിരുന്നു അദ്ദേഹം. ടെന്നിസിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ അക്തറിനെ 2005ൽ സ്വദേശമായ കൊൽക്കത്തയിൽ ആദരിക്കാനായി കൂടിയ യോഗത്തിൽ സാനിയ മിർസ പറഞ്ഞു: ‘ടെന്നിസ് രംഗത്ത് എന്നെ ശരിയായ ദിശയിലേക്കാനയിച്ചത് ഈ പ്രഗത്ഭ കോച്ചാണ്. എന്റെ മക്കളെയും മക്കളുടെ മക്കളെയും പരിശീലിപ്പിക്കാൻ പാകത്തിൽ അദ്ദേഹത്തിനു ദൈവം ദീർഘായുസ്സ് നൽകട്ടെ.’

English Summary: In Memory of Renowned Indian tennis player & coach Akhtar Ali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA