ADVERTISEMENT

മെ‍ൽബൺ ∙ സീസണിലെ ആദ്യ ഗ്രാൻസ്‌ലാമായ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ആവേശകരമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി കോവിഡ് ആക്രമണം. ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലുകളിലൊന്നി‍ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനാൽ മേഖലയിൽ ലോക്‌‍ഡൗൺ പ്രഖ്യാപിച്ചു. ഇനിയുള്ള 5 ദിവസം ഗ്രൗണ്ടുകളിൽ കാണികൾക്കു പ്രവേശനമില്ല. മത്സരങ്ങൾ മാറ്റമില്ലാതെ തുടരാൻ പ്രാദേശിക ഭരണകൂടം അനുവാദം കൊടുത്തിട്ടുണ്ട്. 

വനിതാ സിംഗിൾസിൽ യുഎസ് താരം സെറീന വില്യംസും റഷ്യയുടെ അനസ്താസ്യ പൊട്ടപ്പോവയും തമ്മിലുള്ള 3–ാം റൗണ്ട് മത്സരം നടക്കുന്നതിനിടെയാണു ലോക്‌ഡൗൺ പ്രഖ്യാപനം വന്നത്. പത്തൊമ്പതുകാരിയായ റഷ്യൻ താരം ആദ്യ സെറ്റിൽ മുപ്പത്തൊമ്പതുകാരിയായ സെറീനയെ വിറപ്പിച്ചെങ്കിലും 2–ാം സെറ്റിൽ കീഴടങ്ങി. ആദ്യ സെറ്റിൽ 3–5നു പിന്നിലായെങ്കിലും ടൈബ്രേക്കറിലേക്കു നീട്ടാൻ സെറീനയ്ക്കായി. അവിടെയും 3–5നു പിന്നിലായിട്ടും തുടരെ 4 പോയിന്റുകൾ നേടി സെറീന സെറ്റ് പിടിച്ചു. 7–6, 6–2നായിരുന്നു സെറീനയുടെ ജയം. 

പരുക്കിൽ വീഴാതെ ജോക്കോ

പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് 5 സെറ്റ് നീണ്ട പോരാട്ടത്തിലാണു 3–ാം റൗണ്ട് കടന്നത്. യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെതിരെ ആദ്യ 2 സെറ്റുകൾ നേടി ജോക്കോ കുതിച്ചെങ്കിലും വാരിയെല്ലിലെ പരുക്ക് വലച്ചതോടെ സെർബിയൻ താരം കുഴഞ്ഞു. 2 സെറ്റുകൾ നേടി ഫ്രിറ്റ്സ് മത്സരത്തിലേക്കു തിരിച്ചെത്തിയെങ്കിലും അവസാന സെറ്റിൽ ഫോമിലായ ജോക്കോ കളി ജയിച്ചു. സ്കോർ: 7–6, 6–4, 3–6, 4–6, 6–2. 

തീയെം തിരിച്ചുവരവ്

2 സെറ്റിനു പിന്നിൽപ്പോയിട്ടും 3 സെറ്റുകൾ നേടി തിരിച്ചടിച്ച് യുഎസ് ഓപ്പൺ ചാംപ്യൻ ഓസ്ട്രിയയുടെ ‍‍ഡൊമിനിക് തീയെം ഓസ്ട്രേലിയയുടെ നിക് കിർഗിയോസിനെ തോ‍ൽപിച്ചു. സ്കോർ: 4-6, 4-6, 6-3, 6-4, 6-4. 3–ാം സീഡ് തീയെമിനെതിരെ ആദ്യ 2 സെറ്റുകളിൽ തകർപ്പൻ എയ്സുകളുമായി ഉജ്വല ഫോമിലായിരുന്നു കിർഗിയോസ്. പക്ഷേ, പിന്നീടുള്ള 3 സെറ്റുകളിൽ തീയെം കരുത്തുകാട്ടി. മത്സരം തോൽക്കുമെന്നായതോടെ കിർഗിയോസ് ക്ഷുഭിതനായി. റാക്കറ്റ് വലിച്ചെ‍റിഞ്ഞു. അംപയറുമായി തർക്കിച്ചു. കിർഗിയോസിന്റെ ഒരു പോയിന്റ് പെനൽറ്റിയായി കുറയ്ക്കുകയും ചെയ്തു. 

English Summary: Australian open amidst covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com