ADVERTISEMENT

ലിയാൻഡർ പേസും സാനിയാ മിർസയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ ടെന്നിസ് ഗാലറിയിൽ ചിരിതൂകുന്ന ആ സൗമ്യമുഖം മറക്കുന്നതെങ്ങനെ. ജിമ്മി കോണേഴ്സ്, ഇവാൻ ലെൻഡൽ, ബ്യോൺ ബോർഗ്, ജോൺ മക്കൻറോ, ബോറിസ് ബെക്കർ, സ്റ്റെഫാൻ എഡ്ബർഗ് തുടങ്ങിയ വമ്പൻമാർ 1980കളിൽ ഇളക്കിമറിച്ച ലോക ടെന്നിസ് മൈതാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ചടി ഏഴിഞ്ചുകാരൻ രമേഷ് രാമനാഥൻ കൃഷ്ണൻ പതിപ്പിച്ച ചില കാൽപാടുകളുണ്ട്.

ഇന്ത്യൻ ടെന്നിസിന് എക്കാലവും സൂക്ഷിക്കാനുള്ള നീക്കിയിരിപ്പുകൾ. 1961 ജൂൺ 5നു മദ്രാസിൽ (ഇന്നത്തെ ചെന്നൈ) ജനിച്ച ടെന്നിസിലെ മാന്യന് ഇന്ന് അറുപതാം പിറന്നാളാണ്. 1960കളിലെ ഇന്ത്യൻ ടെന്നിസ് താരമായിരുന്ന രാമനാഥൻ കൃഷ്ണന്റെ മകനായ രമേഷ് കൃഷ്ണന്റെ പരിശീലകനും പിതാവായിരുന്നു. ജൂനിയർ ലോക ഒന്നാം നമ്പർ ആയിരുന്നെങ്കിലും രമേഷ് കൃഷ്ണൻ പലപ്പോഴും തന്റെ കാലഘട്ടത്തിലെ താരങ്ങളായ വിജയ്–ആനന്ദ് അമൃത്‌രാജ്മാരുടെയും ലിയാൻഡർ പേസിന്റെയും സഹതാരമെന്ന നിലയിലൊതുങ്ങി.

ജിമ്മി കോണേഴ്സ്, മാറ്റ്സ് വിലാൻഡർ, പാറ്റ് കാഷ്, ആന്ദ്രെ ഗോമസ്, ആന്ദ്രെ ആഗസി എന്നിവരെയെല്ലാം മുട്ടുകുത്തിച്ചിട്ടും മെൻസ് സിംഗിൾസിൽ ഒരു ഗ്രാൻസ്‌ലാം നേടാനായില്ല എന്നതു രമേഷ് കൃഷ്ണന്റെ വലിയ നിർഭാഗ്യമാണ്. 1979 മുതൽ 1992 വരെ 13 വർഷം നീണ്ട ടെന്നിസ് ജീവിതത്തിൽ രമേഷ് കൃഷ്ണന്റെ നേട്ടങ്ങൾ നിസ്സാരമല്ല. 1979ൽ വിംബിൾഡൻ, ഫ്രഞ്ച് ഓപ്പൺ ജൂനിയർ കിരീടങ്ങൾ നേടിയതു 18ാം വയസ്സിൽ. എന്നാൽ പുരുഷ ടെന്നിസിൽ കിരീടങ്ങൾ നേടാനായില്ലെങ്കിലും കിരീടത്തോളം പോന്ന വിജയങ്ങൾ ഒട്ടേറെ വെട്ടിപ്പിടിച്ചു. 1986ൽ വിംബിൾഡനിൽ ക്വാർട്ടർ ഫൈനലിലെത്തി. 1981, 87 വർഷങ്ങളിൽ യുഎസ് ഓപ്പണിൽ ക്വാർട്ടർ ഫൈനൽ.

1992ൽ ബാർസലോന ഒളിംപിക്സിൽ ലിയാൻഡർ പേസിനൊപ്പം ക്വാർട്ടർ ഫൈനലിൽ. തന്റെ എട്ടു കിരീടനേട്ടങ്ങളിൽ ഏറ്റവും മികച്ചതെന്നു രമേഷ് കൃഷ്ണൻ ചൂണ്ടിക്കാണിക്കുക 1986ലെ ഹോങ്കോങ് ഓപ്പണാണ്. ജിമ്മി കോണേഴ്സ്, പാറ്റ് കാഷ്, ആന്ദ്രെ ഗോമസ് എന്നിവരെ അട്ടിമറിച്ചായിരുന്നു ആ കിരീടനേട്ടം. അതേ വർഷം ആന്ദ്രേ അഗാസിസെയും പരാജയപ്പടുത്തി.

എന്നാൽ, ഇന്ത്യൻ ആരാധകരുടെ മനസ്സിൽ നിന്നു മായാതെ നിൽക്കുന്ന മത്സരം ഒരുപക്ഷേ, 1987ലെ ഡേവിസ് കപ്പ് സെമിഫൈനലാകും. ഓസ്ട്രേലിയയ്ക്കെതിരെ 3–2നു ജയിച്ച മത്സരത്തിൽ രമേഷ് കൃഷ്ണന്റെ രണ്ടു സിംഗിൾസ് വിജയങ്ങൾ നിർണായകമായി. ആദ്യ സിംഗിൾസിൽ ജോൺസ് ഫിറ്റ്സ്ജെറാൾഡിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തി രമേഷ് ഇന്ത്യയ്ക്കു മുൻതൂക്കം നേടിക്കൊടുത്തു.

ആദ്യ രണ്ടു സിംഗിൾസും ഇന്ത്യ നേടിയെങ്കിലും റിട്ടേൺ മാച്ചിൽ ഫിറ്റ്സ് ജെറാൾഡ് ഇന്ത്യൻ ക്യാപ്റ്റൻ വിജയ് അമൃത്‌രാജിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. ഡബിൾസിൽ ആനന്ദ് അമൃത്‌രാജ്– ശ്രീനിവാസൻ വാസുദേവൻ സഖ്യം പാറ്റ് കാഷ്–പീറ്റർ ദൂഹാൻ സഖ്യത്തിനു മുന്നിൽ കീഴടങ്ങിയതോടെ 2–2 എന്ന നിലയിലെത്തി ഇരുടീമും.

വലതു കാൽമുട്ടിനേറ്റ പരുക്ക് പാറ്റ് കാഷിനെ സിംഗിൾസ് കളിക്കാൻ അനുവദിച്ചില്ല. വാലി മസൂറുമായിട്ടായിരുന്നു ഫൈനൽ ബെർത്തിനുള്ള അവസാന മത്സരം. എല്ലാ പ്രതീക്ഷകളും രമേഷ് കൃഷ്ണനിലായിരുന്നു. രണ്ടു മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട പോരാട്ടത്തിൽ രമേഷ് കൃഷ്ണൻ വാലി മസൂറിനെ നേരിട്ടുള്ള സെറ്റകൾക്കു നിലംപരിശാക്കുമ്പോൾ സിഡ്നിയിൽ ഇന്ത്യൻ ടെന്നിസിന്റെ ഉജ്വല ചരിത്രമാണു കുറിക്കപ്പെട്ടത്.

എന്നാൽ, ഫൈനലിൽ സ്വീഡന്റെ മികവിനെ മറികടക്കാൻ ഇന്ത്യൻ സംഘത്തിനായില്ല. 5–0 എന്ന നിലയിൽ സ്വീഡൻ ഇന്ത്യയെ നാണെകെടുത്തി. മാറ്റ്സ് വിലാൻഡറോടും ആൻഡേഴ്സ് ജാറിസിനോടും രമേഷ് കൃഷ്ണൻ പരാജയപ്പെട്ടു. 1989 ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാംപ്യനായിരുന്ന മാറ്റ്സ് വിലാൻഡറെ രണ്ടാം റൗണ്ടിൽ കീഴടക്കിയാണ് ആ പരാജയത്തിന്റെ കയ്പ് അൽപമെങ്കിലും കുറച്ചത്. 1977 മുതൽ 1993 വരെ ഇന്ത്യൻ ഡേവിസ് കപ്പ് ടീമിലെ വിലയേറിയ താരമായിരുന്നു രമേഷ് കൃഷ്ണൻ. 2007ൽ ഇന്ത്യൻ ടീമിന്റെ നോൺ പ്ലെയിങ് ക്യാപ്റ്റനുമായി.

1993ൽ വിരമിക്കുമ്പോൾ എട്ട് എടിപി ടൂർ സിംഗിൾസ് കിരീടങ്ങളും ഒരു ഡബിൾസ് കിരീടവും സ്വന്തമാക്കിയിരുന്നു. രമേഷ് കൃഷ്ണൻ എന്ന കളിക്കാരൻ പക്ഷേ, ടെന്നിസിനോടു വിട പറഞ്ഞില്ല. ചെന്നൈയിൽ പുത്തൻ താരങ്ങളെ വാർത്തെടുക്കുന്ന ടെന്നിസ് അക്കാദമിയുടെ അമരക്കാരനാണിപ്പോൾ.

ഹാർഡ് കോർട്ടായിരുന്നു വലംകയ്യൻ കളിക്കനായ രമേഷ് കൃഷ്ണന്റെ ഇഷ്ട പ്രതലം. 1981, 87 വർഷങ്ങളിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ യുഎസ് ഓപ്പൺ പോരാട്ടങ്ങൾ അതിന്റെ തെളിവാണ്. നേടിയ എട്ടു കിരീടങ്ങളിൽ ഏഴും ഹാർഡ് കോർട്ടിൽ നിന്നാണ്. ഒന്ന് ക്ലേ കോർട്ടിൽ നിന്നും. 1979ൽ വിംബിൾഡൻ ജൂനിയർ കിരീടം നേടിയപ്പോൾ പുൽമൈതാനത്തെയും മെരുക്കി. മികച്ച ഓൾ റൗണ്ട് കളിക്കാരനെങ്കിലും പവർ ടെന്നിസിന്റെ മുഖമുദ്രയായ മാരക സ്ട്രോക്കുകളും മൂളിപ്പായുന്ന സർവീസുകളും അദ്ദേഹത്തിന്റെ ശൈലിയായിരുന്നില്ല. രമേഷ് കൃഷ്ണന്റെ മികവു പരിഗണിച്ച് 1980ൽ അർജുന അവാർഡും 1989ൽ പത്മശ്രീയും ലഭിച്ചു.

English Summary: 60th Birthday of Tennis Player Ramesh Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com