ADVERTISEMENT

പാരിസ് ∙ നവോമി ഒസാകയുടെ പിൻമാറ്റത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു മറ്റൊരു പിൻമാറൽ കൂടി. പ്രീക്വാർട്ടറിൽ ഇന്നു മത്സരിക്കാനിരിക്കെ, സ്വിസ് ഇതിഹാസം റോജർ ഫെഡറർ താൻ ടൂർണമെന്റിൽനിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിച്ചു. കളിമൺ കോർട്ടിൽ ദീർഘമായ മത്സരങ്ങൾ കളിക്കുന്നതു തന്റെ കാൽമുട്ടിനു ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെത്തുടർന്നാണു പിൻമാറ്റം. മുപ്പത്തിയൊൻപതുകാരനായ ഫെഡററുടെ കരിയറിലെ അവസാന ഫ്രഞ്ച് ഓപ്പണായി ഫലത്തിൽ ഇതുമാറിയേക്കും. 28നു തുടങ്ങുന്ന വിമ്പിൾഡനിൽ ജേതാവായി കോർട്ട് വിടാനാണു താരം ലക്ഷ്യമിടുന്നത്.

മൂന്നര മണിക്കൂറിലധികം നീണ്ട 3–ാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടിയ ശേഷം കഴിഞ്ഞ ദിവസം രാത്രി ഫെഡറർ മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ: ‘മുട്ടിലെ പരുക്കുംവച്ച് ഇത്രയും സമ്മർദത്തിൽ കളിക്കാൻ എനിക്കു കഴിയുമെന്നു തോന്നുന്നില്ല. ഒരുപക്ഷേ, ഞാൻ ടൂർണമെന്റിൽനിന്നു പിൻമാറിയേക്കും.’ ടൂർണമെന്റിൽനിന്നു പിൻമാറാനുള്ള തീരുമാനം ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു.

‘അടുത്ത റൗണ്ടിൽ കളിക്കാനിറങ്ങാൻ പറ്റുമോയെന്ന് എനിക്കുറപ്പില്ല. കാൽമുട്ടിന് വലിയ ആയാസമുണ്ടാക്കുന്ന കളിയാണ് ഇവിടെ പുറത്തെടുക്കേണ്ടത്. ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോഴേ മുട്ടിന്റെ കാര്യം പറയാനാകൂ’ – ജർമനിയുടെ ഡൊമിനിക് കോഫറിനെ പ്രയാസപ്പെട്ടു കീഴടക്കി പ്രീക്വാർട്ടറിലെത്തിയ താരം മത്സരശേഷം പറഞ്ഞു. 4 സെറ്റ് നീണ്ട 3–ാം റൗണ്ട് പോരാട്ടത്തിൽ മൂന്നു സെറ്റുകൾ ടൈബ്രേക്കറിലേക്കു നീണ്ടു. സ്കോർ: 7–6, 6–7, 7–6, 7–5.

ഫ്രഞ്ച് ഓപ്പണിൽനിന്നു പിൻമാറിയതോടെ വിമ്പിൾഡനിൽ മികച്ച പ്രകടനം നടത്താമെന്നാണു ഫെഡററുടെ പ്രതീക്ഷ. 20 ഗ്രാൻസ്‍ലാം കിരീടങ്ങളുമായി ഇപ്പോൾ ഫെഡററും റാഫേൽ നദാലും തുല്യതയിലാണ്. ഫ്രഞ്ച് ഓപ്പണിൽ എത്ര മികച്ച പ്രകടനം നടത്തിയാലും നദാലും നൊവാക് ജോക്കോവിച്ചും എതിരാളികളായി വന്നാ‍ൽ തനിക്കു കിരീടസാധ്യതയില്ലെന്നു ഫെഡറർ ടൂർണമെന്റിനു മുൻപേ സമ്മതിച്ചിരുന്നു.

ഫെഡററുടെ കഴിഞ്ഞ ഒന്നരവർഷത്തിനിടെയുള്ള 6–ാമത്തെ മാത്രം മത്സരമായിരുന്നു ഇന്നലത്തേത്. വിമ്പിൾഡന് ഒരുക്കമായിട്ടുള്ള ടൂർണ‍മെന്റ് 15നാണു തുടങ്ങുന്നത്. അവിടെ മികച്ച പ്രകടനം നടത്തി 9–ാം വിമ്പിൻഡൻ കിരീടം നേടാനായി ഒരുങ്ങുകയെന്ന ലക്ഷ്യമാണു ഫെഡറർക്കുള്ളത്.

English Summary: Roger Federer pulls out of French Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com