ADVERTISEMENT

പാരിസ് ∙ ടെന്നിസ് വനിതാ സിംഗിൾസിൽ ചെക് റിപ്പബ്ലിക്കിൽനിന്ന് പുതിയൊരു ഗ്രാൻസ്‍ലാം ചാംപ്യൻ. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ റഷ്യയുടെ അനസ്തെസ്യ പാവ്‌ല്യുചെങ്കോവയെ തോൽപിച്ച് (6-1, 2-6, 6-4) ബാർബോറ ക്രെജിക്കോവ ജേത്രിയായി. കേവലം 5 ഗ്രാൻസ്‍‌ലാം മത്സരങ്ങളുടെ മാത്രം പരിചയവുമായി സീഡിങ് പോലുമില്ലാതെ ടൂർണമെന്റിനെത്തിയ താരം പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചാണു കിരീടം നേടിയത്. 2018 വിമ്പിൾഡനിലും ഫ്രഞ്ച് ഓപ്പണിലും വനിതാ ഡബിൾസ് കിരീടം നേടിയിട്ടുള്ള ക്രെജിക്കോവ സിംഗിൾസിൽ ആദ്യമായി പ്രീക്വാർട്ടർ കടന്നതുപോലും ഇത്തവണയായിരുന്നു.

തുടർച്ചയായ 6–ാം വർഷമാണ് ഫ്രഞ്ച് ഓപ്പണിലൂടെ വനിതാ ടെന്നിസിനു പുതിയ ഗ്രാൻസ്‍ലാം ചാംപ്യനെ ലഭിക്കുന്നത്. ഒരു ചെക്ക് റിപ്പബ്ലിക്കൻ താരം ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്നതാകട്ടെ 40 വർഷത്തിനുശേഷവും! അങ്ങനെ, 1981ലെ ജേതാവ് ഹന മാൻഡിക്കോവയുടെ പി‍ൻഗാമിയായി ക്രെ‍ജിക്കോവ. 

ആഷ്‌ലി ബാർട്ടി, നവോമി ഒസാക തുടങ്ങിയ പ്രമുഖരുടെ പിന്മാറ്റത്തിനു വേദിയായ ടൂർണമെന്റിൽ, റാങ്കിങ്ങിലെ പിന്നാക്കക്കാർ ഏറ്റുമുട്ടിയ ഫൈനൽ അവസാന നിമിഷം വരെ പ്രവചനാതീതമായിരുന്നു. ആദ്യ സെറ്റ് 6–1ന് നേടിയ ക്രെജിക്കോവ അനായാസം ജേത്രിയാകുമെന്നു കരുതിയപ്പോഴാണു രണ്ടാം സെറ്റ് പാവ്‌ല്യുചെങ്കോവ നേടിയത്. നിർണായകമായ മൂന്നാം സെറ്റിൽ തുടക്കം മുതൽ ക്രെജിക്കോവ പിടിമുറുക്കി. മത്സരത്തിനിടെ കാലിനേറ്റ പരുക്ക് പാവ്‌ല്യുചെങ്കോവയ്ക്കു തിരിച്ചടിയായി. ‌‌ചെക്ക് താരം കാതറീൻ സിനിക്കോവയ്ക്കൊപ്പം ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസിലും ഫൈനലിലെത്തിയ ക്രെജിക്കോവയ്ക്ക് ഇന്നാണ് കലാശപ്പോരാട്ടം. ഫ്രഞ്ച് ഓപ്പണിൽ ഒരേ വർഷം 2 വനിതാ കിരീടങ്ങളെന്ന ചരിത്ര നേട്ടമാണ് കയ്യെത്തും ദൂരത്ത്. 19 വർഷം മുൻപ് ഫ്രഞ്ച് താരം മേരി പിയേഴ്സാണ് ഒടുവിൽ ഈ നേട്ടം കൈവരിച്ചത്

English Summary: Barbera Kejricova wins French Open Women's singles 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com