ADVERTISEMENT

ഇരുപത് ഗ്രാൻസ്‍ലാം കിരീട നേട്ടങ്ങളോടെ മൂന്ന് ഇതിഹാസ താരങ്ങൾ. അവർ ഇപ്പോഴും കളിക്കളത്തിൽ തുടരുന്നു. അത്യപൂർവമായ റെക്കോർഡിലാണ് പുരുഷ ടെന്നിസ്. പുരുഷ ടെന്നിസിലെ ഗ്രാൻസ്‍ലാം നേട്ടങ്ങളുടെ റെക്കോർഡിൽ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ റെക്കോർഡിനൊപ്പം വിമ്പിൾഡൻ‌ കിരീട നേട്ടത്തോടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് കൂടി എത്തിയതോടെയാണ് ടെന്നിസ് ലോകത്തു നിന്നുള്ള ഈ അപൂർവ കാഴ്ച. 

2003ൽ പ്രഫഷനൽ ടൂർണമെന്റുകളിൽ പങ്കെടുത്തു തുടങ്ങിയ നൊവാക് ജോക്കോവിച്ച് ആദ്യമായി കളിക്കുന്ന ഗ്രാൻസ്‍ലാം ടൂർണമെന്റ് 2005ലെ ഓസ്ട്രേലിയൻ ഓപ്പണാണ്. അപ്പോഴേക്കും റോജർ ഫെഡററും റാഫേൽ നദാലും ഗ്രാൻസ്‍ലാം കിരീട നേട്ടങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് ആദ്യ റൗണ്ടിൽ പുറത്തായ ജോക്കോയ്ക്ക് പിന്നീടുള്ള രണ്ടു വർഷവും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

റോജർ ഫെഡററും റാഫേൽ നദാലും മാറിമാറി ഗ്രാൻസ്‍ലാം കിരീടങ്ങൾ പങ്കിടുന്ന വേളയിലാണ് 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ നേടി നൊവാക് ജോക്കോവിച്ച് കിരീട നേട്ടങ്ങൾക്കു തുടക്കമിടുന്നത്. പിന്നീട് ഇരുവർക്കും കനത്ത വെല്ലുവിളിയായി ജോക്കോയും കളം വാണു. കഴിഞ്ഞ ഒന്നര ദശകമായി ഇവർ മൂവരും ചേർന്ന് ലോക ഒന്നാം നമ്പർ താരമെന്ന പട്ടം പങ്കിട്ടു. മറ്റൊരു നേട്ടം കൂടി ജോക്കോയ്ക്കുണ്ട്. രണ്ടു വട്ടം കരിയർ ഗ്രാൻസ്‍ലാം (ഓസ്ട്രേലിയൻ ഓപ്പൺ, വിമ്പിൾഡൻ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ എന്നിവ) സ്വന്തമാക്കി.

ഓസ്ട്രേലിയൻ ഓപ്പൺ ഒൻപതു തവണയും (2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021), ഫ്രഞ്ച് ഓപ്പൺ 2 തവണയും (2016, 2021), വിമ്പിൾഡൻ ആറു തവണയും (2011, 2014, 2015, 2018, 2019, 2021), യുഎസ് ഓപ്പൺ മൂന്നു തവണയും (2011, 2015, 2018) നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. സെർബിയയ്ക്ക് 2010ൽ ഡേവിസ് കപ്പ് നേടിക്കൊടുക്കാനും ജോക്കോ നിർണായക പങ്കു വഹിച്ചു. 85 എടിപി കിരീടങ്ങളും നേടി. 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കല മെഡലും നേടി.

സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡറർ 2003ൽ വിമ്പിൾഡൻ കിരീട നേട്ടത്തോടെയാണ് ജൈത്രയാത്രയ്ക്കു തുടക്കമിട്ടത്. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ (2004, 2006, 2007, 2010, 2017, 2018), ഒരു തവണ ഫ്രഞ്ച് ഓപ്പൺ (2009), എട്ടു തവണ വിമ്പിൾഡൻ (2003, 2004, 2005, 2006, 2007, 2009, 2012, 2017) അഞ്ചു തവണ യുഎസ് ഓപ്പൺ (2004, 2005, 2006, 2007, 2008) എന്നിവയാണു റോജർ ഫെഡററുടെ ഗ്രാൻസ്‍ലാം കിരീടങ്ങൾ. 1998ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനുമായിരുന്നു. 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ ഡബിൾസ് സ്വർണവും 2012ൽ ലണ്ടൻ ഒളിംപിക്സിൽ സിംഗിൾസിൽ വെള്ളിയും ഫെഡറർ നേടിയിട്ടുണ്ട്. ഫെഡറർ അടങ്ങിയ ടീം സ്വിറ്റ്സർലൻഡിന് 2014ൽ ഡേവിസ് കപ്പ് നേടിക്കൊടുത്തു.

ഫ്രഞ്ച് ഓപ്പണാണ് റാഫേൽ നദാലിന്റെ ഇഷ്ട തട്ടകം. 13 തവണയാണ് ഫ്രഞ്ച് ഓപ്പണിൽ ജേതാവായത്. (2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018, 2019, 2020). വിമ്പിൾഡണിൽ രണ്ടു തവണയും (2008, 2010), ഓസ്ട്രേലിയൻ ഓപ്പൺ ഒരു തവണയും (2009), യുഎസ് ഓപ്പൺ നാലു തവണയും (2010, 2013, 2017, 2019) നേടിയ റാഫേൽ നദാൽ 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസ് സ്വർണവും 2016ൽ റിയോഡിജനീറോ ഒളിംപിക്സിൽ ടെന്നിസ് ഡബിൾസ് സ്വർണവും നേടിയിട്ടുണ്ട്. സ്പെയിനിന്റെ അഞ്ച് ഡേവിസ് കപ്പ് വിജയങ്ങളിലും (2004, 2008, 2009, 2011, 2019) റാഫേൽ നദാൽ നിർണായക പങ്കുവഹിച്ചു.

ടെന്നിസ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇവരിൽ ആരാവും ഈ റെക്കോർഡ് സ്വന്തം പേരിൽ മാത്രം എഴുതിച്ചേർക്കുക എന്നതാവും. നിലവിലെ ഫോമും പ്രായവും നൊവാക് ജോക്കോവിച്ചിന് അനുകൂലമാണ്. ഇപ്പോൾ ലോക ഒന്നാം നമ്പറായ താരത്തിന് 34 വയസാണുള്ളത്. റാഫേൽ നദാലിന് 35 വയസ്സും റോജർ ഫെഡറർക്ക് 39 വയസ്സുമുണ്ട്. നിലവിലെ ഫോമിൽ കളി തുടർന്നാൽ പുരുഷ ടെന്നിസിൽ ഏറ്റവുമധികം ഗ്രാൻസ്‍ലാം കിരീടമെന്ന റെക്കോർഡ് നൊവാക് ജോക്കോവിച്ച് ഒറ്റയ്ക്കു സ്വന്തമാക്കാനാണു സാധ്യത.

Content Highlights: Novak Djokovic, Roger Federer, Rafael Nadal, Grand Slam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com