ADVERTISEMENT

ന്യൂയോർക്ക് ∙ വമ്പൻ അട്ടിമറികളുമായി കണക്കുകൂട്ടലുകൾ തെറ്റിച്ചു മുന്നേറിയ കൗമാര വിസ്മയങ്ങൾ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നേർക്കുനേർ. 18 വയസ്സുകാരി ബ്രിട്ടന്റെ എമ്മ റഡുകാനുവും 19 വയസ്സുള്ള കാനഡയുടെ ലെയ്‌ല ഫെർ‌ണാണ്ടസും കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയതിനൊപ്പം ടെന്നിസ് ചരിത്രത്തിലും ഇടംപിടിച്ചു. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഗ്രാൻസ്‌ലാം ടെന്നിസ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ഓപ്പൺ കാലഘട്ടത്തിൽ (1968 മുതൽ) ഇതാദ്യമാണ്. 22 വർഷത്തിനുശേഷം ഗ്രാൻസ്‍ലാം ഫൈനലിൽ കൗമാര താരങ്ങൾ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിനുണ്ട്. 

സെമിയിൽ ലെയ്‌ല 2–ാം സീഡ് അരീന സബലേങ്കയെ അട്ടിമറിച്ചപ്പോൾ (7-6, 4-6, 6-4) എമ്മ 17–ാം സീഡ് ഗ്രീസിന്റെ മരിയ സക്കാറിയെ നിഷ്പ്രഭയാക്കി (6-1, 6-4). ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനത്തുള്ള റ‍ഡുകാനു യോഗ്യതാ റൗണ്ട് ഉൾപ്പെടെ യുഎസ് ഓപ്പണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിലും ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയുള്ള അദ്ഭുത മുന്നേറ്റമാണു നടത്തിയത്. എല്ലാ മത്സരങ്ങളിലും അനായാസ ജയം സ്വന്തമാക്കിയ താരം ഈ ടൂർണമെന്റിൽ ഇതുവരെ കോർട്ടിൽ ചെലവഴിച്ച ആകെ സമയം 11.34 മണിക്കൂർ മാത്രം. ഇതിൽ‌ പ്രധാന റൗണ്ടിലെ 6 മത്സരങ്ങൾ 3.52 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി 17–ാം വയസ്സിൽ 2004ലെ വിമ്പിൾഡൻ‌ കിരീടം നേടിയ മരിയ ഷറപ്പോവയ്ക്കുശേഷം ഗ്രാൻസ്‍ലാം ഫൈനൽ കളിക്കുന്ന പ്രായംകുറഞ്ഞ താരം കൂടിയാണു റഡുകാനു. കരിയറിലെ 2–ാം ഗ്രാൻസ്‍ലാം ടൂർണമെന്റാണിത്. 

വനിതാ ടെന്നിസിലെ മുൻനിര താരങ്ങളെയെല്ലാം വീഴ്ത്തി ഫൈനലിലെത്തിയ ലെയ്‌ലയുടെ കുതിപ്പും അപ്രതീക്ഷിതമായിരുന്നു. ലോക റാങ്കിങ്ങിൽ ആദ്യ അ‍ഞ്ചിലുള്ള 3 പേരെ മുൻറൗണ്ടുകളിൽ ലെയ്‌ല അട്ടിമറിച്ചിരുന്നു. മുൻ ചാംപ്യൻമാരായ നവോമി ഒസാക, ആഞ്ചലിക് കെർബർ, എലേന സ്വിറ്റോലിന എന്നിവർ ലെയ്‌ലയ്ക്കു മുൻപിൽ അടിതെറ്റി വീണു. ഗ്രാൻസ്‍ലാം ടെന്നിസ് ഫൈനലിലെത്തുന്ന 4–ാമത്തെ കാനഡ താരമാണ്.

English Summary: Emma Raducanu made history by becoming the first ever qualifier to reach a women's singles Grand Slam final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com