ADVERTISEMENT

എതിരെ വന്ന എല്ലാവരെയും തകർത്തു കുതിച്ചെത്തിയ ഒറ്റയാനെ മസ്തകത്തിൽ തന്നെ അമ്പെയ്തു വീഴ്ത്തിയതു പോലെയാണു ഡാനിൽ മെദ്‌വദേവ് നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ചത്. ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിന്റെ കലണ്ടർ സ്‌ലാം എന്ന സ്വപ്നം ജോക്കോയുടെ തന്നെ തന്ത്രങ്ങളുപയോഗിച്ച് 2–ാം നമ്പർ താരം മെദ്‌വദേവ് തട്ടിത്തെറിപ്പിച്ചു. ഈ വർഷം നടന്ന 4 ഗ്രാൻസ്‌ലാമുകളിലും ഒരു കളി പോലും തോൽക്കാതെയെത്തിയ സെർബിയൻ താരത്തിനു മുന്നിൽ ഒരു സെറ്റ് പോലും അടിയറവയ്ക്കാതെ കരിയറിലെ ആദ്യ ഗ്രാൻസ്‌ലാം മെദ്‍വദേവ് നേടിയതെങ്ങനെയെന്നു നോക്കാം... 

ബേസ്‌ലൈനിലാണു കളി

ബേസ്‌ലൈൻ ഗെയിമിന്റെ ആശാനായ ജോക്കോവിച്ചിന് ഇന്നലെ മെദ്‌വദേവ് അതേ നാണയത്തിൽ മറുപടി കൊടുത്തു. മെദ്‌വദേവിന്റെ പകുതിയോളം ഷോട്ടുകൾ ബേസ്‌ലൈനിനു 2 മീറ്റർ പിറകിൽ നിന്നായിരുന്നു. ബേസ്‌ലൈനിൽ നടന്ന കളികളുടെ 62 ശതമാനവും മെദ്‌വദേവ് ജയിച്ചു. മെദ്‌വദേവിനെ മുന്നോട്ടിറക്കി കളിപ്പിക്കാൻ നെറ്റിനു സമീപത്തേക്ക് പന്ത് ചിപ് ചെയ്തും വോളിയിലൂടെയും ജോക്കോയ്ക്കു തന്റെ ശൈലി പോലും മാറ്റേണ്ടി വന്നു. 

എയ്സുകളും റിട്ടേണുകളും

സെർവുകളിലും റിട്ടേണുകളിലും ജോക്കോ തന്നെയാണു ലോകത്തെ ഒന്നാം നമ്പർ താരം. എന്നാൽ, ഇന്നലെ ആർതർ ആഷ് സ്റ്റേഡിയത്തിൽ മെദ്‌വദേവ് ആ സ്ഥാനം ഏറ്റെടുത്തു. 6 അടി 6 ഇഞ്ച് ഉയരമുള്ള മെദ്‌വദേവ് ഇന്നലെ പായിച്ചത് 16 എയ്സുകളും 22 മറുപടിയില്ലാത്ത സെർവുകളുമാണ്.‌ അതേസമയം ജോക്കോയ്ക്ക് 6 എയ്സുകൾ മാത്രമേ പായിക്കാൻ കഴിഞ്ഞുള്ളൂ. ജോക്കോയുടെ 81% സെർവുകളും മെദ്‌വദേവ് റിട്ടേൺ ചെയ്തു. ഇതുകാരണം 54% ഫസ്റ്റ് സെർവുകൾ മാത്രമേ ജോക്കോയ്ക്ക് ഇന്നലെ പോയിന്റാക്കി മാറ്റാൻ സാധിച്ചുള്ളൂ.

Novak Djokovic of Serbia reacts after Medvedev won their Men's Singles final match 2021 US Open Tennis tournament men's final match at the USTA Billie Jean King National Tennis Center in New York, on September 12, 2021. (Photo by Kena Betancur / AFP)
മത്സരത്തിനിടെ കരയുന്ന ജോക്കോവിച്ച്.

മാനസികസമ്മർദം

കളിയുടെ അവസാന പോയിന്റ് വരെയും എഴുതിത്തള്ളാൻ സാധിക്കാത്ത താരമാണു ജോക്കോ. പതിവിനു വിപരീതമായി ന്യൂയോർക്കിലെ കാണികളെല്ലാം പിന്തുണച്ചിട്ടും പക്ഷേ, ഇന്നലെ അദ്ദേഹത്തിന് ഒരു തിരിച്ചു വരവുണ്ടായില്ല. ഒളിംപിക്സ് സെമിയിലെയും വെങ്കല മെഡൽ മത്സരത്തിലെയും തോൽവി, കലണ്ടർ സ്‍ലാം, 21–ാം ഗ്രാൻസ്‌ലാം എന്നീ റെക്കോർഡുകളെക്കുറിച്ചുള്ള പ്രതീക്ഷ തുടങ്ങിയവ ജോക്കോയെ സമ്മർദത്തിലാക്കിയെന്നുറപ്പ്. 2–ാം സെറ്റിൽ റാക്കറ്റ് നിലത്തടിച്ചു പൊട്ടിച്ച ജോക്കോ, ഇടവേളയിൽ പൊട്ടിക്കരയുകയും ചെയ്തു. അതേസമയം മെദ്‌വദേവ് പതിവുപോലെ മത്സരത്തിലുടനീളം ശാന്തനായിരുന്നു.

ശരീരക്ഷമത

ഫൈനലിലെത്തുന്നതിനു മുൻപു യുഎസ് ഓപ്പണിൽ ജോക്കോ നഷ്ടമാക്കിയത് 6 സെറ്റുകളാണ്. സെമിയിൽ സ്വരേവിനെതിരെ മത്സരം 5 സെറ്റ് നീണ്ടു. ഇതു കാരണം അദ്ദേഹം യുഎസ് ഓപ്പണിൽ പതിനേഴര മണിക്കൂർ കളിച്ച ശേഷമാണു ഫൈനലിലെത്തിയത്. അതേസമയം ഒരൊറ്റ സെറ്റ് മാത്രം നഷ്ടമാക്കിയ മെദ്‍‌വദേവ് 11 മണിക്കൂർ 51 മിനിറ്റ് മാത്രമാണ് ഫൈനലിനു മുൻപ്  കളത്തിൽ ചെലവഴിച്ചത്. ഇതു ജോക്കോയുടെ ശരീരക്ഷമതയെ ബാധിച്ചു. മത്സരശേഷം അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തു. കൂടാതെ മുപ്പത്തിനാലുകാരനായ ജോക്കോവിച്ചിനെ നേരിട്ട മെദ്‌വദേവിന്റെ പ്രായം 25 മാത്രം. 

English Summary: How Medvedev beat Djokovic to win the US Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com