ADVERTISEMENT

മുംബൈ ∙ ലിയാൻഡർ പെയ്സ് മഹേഷ് ഭൂപതിയോടു ചോദിച്ച ആദ്യ ചോദ്യം എന്താണ്? അതു ടെന്നിസിനെക്കുറിച്ചു തന്നെയായിരുന്നെന്നു പറയുന്നു പെയ്സ്. ഇന്ത്യൻ ടെന്നിസ് ഇതിഹാസങ്ങളായ ഇരുവരും ഇണങ്ങിയും പിണങ്ങിയും കോർട്ടിൽ നിറഞ്ഞുനിന്ന കാലത്തിന്റെ കഥ പറയുന്ന ടെലിവിഷൻ പരമ്പര ‘ബ്രേക്ക് പോയിന്റ്’ പുറത്തിറങ്ങാനിരിക്കെയാണു പെയ്സിന്റെ വെളിപ്പെടുത്തൽ.

‘ശ്രീലങ്കയിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ കളിക്കുകയായിരുന്നു ഞങ്ങൾ അന്ന്. എനിക്കു 16 വയസ്സ്. ഭൂപതിക്കു 15. ഭൂപതിയുടെ കളി കണ്ടപ്പോ‍ൾ എനിക്കു മതിപ്പു തോന്നി. അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു സ്വയം പരിചയപ്പെടുത്തി: ഞാൻ ലിയാൻഡർ. ‘അറിയാം. ഞാൻ നിങ്ങളുടെ കളി കാണാറുണ്ട്’ എന്നായിരുന്നു മറുപടി. നന്ദി, താങ്കൾക്കു വിമ്പിൾഡൻ ജയിക്കണോ... മുഖവുരയില്ലാതെ ഞാൻ ചോദിച്ചു. 

അമ്പരന്നു പോയ ഭൂപതി പൊട്ടിച്ചിരിച്ചു. പക്ഷേ, ഞാൻ കാര്യമായിട്ടാണു ചോദിച്ചതെന്നു മനസ്സിലായപ്പോൾ ഭൂപതി കൈ തന്നു. ഞങ്ങൾ ഡബിൾസ് പങ്കാളികളായി. 1999ൽ ഭൂപതിക്കൊപ്പം വിമ്പിൾഡൻ കിരീടം ചൂടി ഞാൻ വാക്കു പാലിച്ചു...’ – പെയ്സിന്റെ വാക്കുകൾ. 

അതേ വർഷം ഫ്രഞ്ച് ഓപ്പണും നേടിയ പെയ്സ്–ഭൂപതി സഖ്യം 2001ലും പാരിസിൽ വിജയത്തിലെത്തി.

2 ഘട്ടങ്ങളിലായി ഒന്നര പതിറ്റാണ്ടു നീണ്ടുനിന്ന തങ്ങളുടെ ബന്ധത്തിലെ ഉയർച്ചകളും താഴ്ചകളും പെയ്സും ഭൂപതിയും പരമ്പരയിൽ പങ്കുവയ്ക്കും. സീ5 സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ ഒക്ടോബർ ഒന്നിനു പരമ്പര പുറത്തിറങ്ങും.

English Summary: Leander Paes on his successful partnership with Mahesh Bhupathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com