ADVERTISEMENT

മെൽബൺ ∙ ‌നാട്ടുകാരുടെ കയ്യടികളിൽ കരുത്താർ‌ജിച്ചു പോരാടിയ ആഷ്‌ലി ബാർട്ടിക്ക് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് സെമിയിൽ അനായാസ ജയം. യുഎസിന്റെ മാഡിസൻ കീയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് (6-1,6-3) ഓസ്ട്രേലിയക്കാരിയും ലോക ഒന്നാം നമ്പർ താരവുമായ ആഷ്‌ലി ബാർട്ടി ഫൈനലിലെത്തിയത്. നാളെ ഫൈനലിൽ ‍യുഎസിന്റെ ഡാനിയേലേ കോളിൻസാണ് എതിരാളി.

42 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഓസ്ട്രേലിയൻ താരം ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിന്റെ ഫൈനലിലെത്തുന്നത്.

ഫ്രഞ്ച് ഓപ്പണിലും വിമ്പിൾഡനിലും മുൻപ് ജേതാവായിട്ടുള്ള ബാർട്ടി ഇന്നലെ ഒരു മണിക്കൂറിനുള്ളിൽ‌ 51–ാം റാങ്കുകാരി മാഡിസനെ കീഴടക്കി. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റും നഷ്ടപ്പെടുത്താതെ മുന്നേറിയ താരം സെമിയിലും അതേ മികവ് ആവർത്തിച്ചു. 20 വിന്നറുകൾ പായിച്ച ഓസ്ട്രേലിയൻ താരം പരാജയമറിയാതെയുള്ള തന്റെ 10–ാം മത്സരമാണ് ഇന്നലെ പൂർത്തിയാക്കിയത്. രണ്ടാം സെമിയിൽ ഏഴാം സീ‍ഡ് ഇഗ സ്യാംതെകിനെതിരെ ഡാനിയേല കോളിൻസിന്റെ ജയവും ഏകപക്ഷീയമായിരുന്നു (6-4,6-1). 28 വയസ്സുകാരിയായ കോളിൻസിന്റെ ആദ്യ ഗ്രാൻസ്‍ലാം ഫൈനലാണിത്.

നാളെ വനിതാ സിംഗിൾസ് ഫൈനൽ ജയിച്ചാൽ 44 വർഷത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യനാകുന്ന ഓസ്ട്രേലിയൻ വനിതയെന്ന നേട്ടം ആഷ് ബാർട്ടിക്കു സ്വന്തമാകും. 1978ൽ വനിതാ സിംഗിൾസ് ചാംപ്യനായ ക്രിസ് ഒനീലാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്. 

2 മത്സരം അകലെ റെക്കോർ‍ഡ്

റാഫേൽ നദാൽ- 21 ഗ്രാൻസ്‍ലാം ട്രോഫികൾ നേടുന്ന ആദ്യ പുരുഷ താരമാകും

മാറ്റിയോ ബെറെറ്റിനി-ഓസ്ട്രേലിയൻ ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാകും

ഡാനിൽ മെദ്‍വദേവ്- തുടർച്ചയായ 2 ഗ്രാൻസ്‍ലാമുകളിൽ നിന്ന് കരിയറിലെ ആദ്യ 2 ട്രോഫികൾ  നേടുന്ന പുരുഷ താരമാകും

സ്റ്റെഫാനോസ് സിറ്റ്സിപാസ്-ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന ആദ്യ ഗ്രീക്ക് ‌താരമാകും

English Summary: Australian Open: Ashleigh Barty cruises into final at Melbourne Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com