ADVERTISEMENT

മെൽ‌ബൺ ∙ കോവിഡിന്റെ ഈ കാലത്ത് എങ്ങനെ പൊരുതണം എന്നതിന് ടെന്നിസ് കോർട്ടിൽ നിന്നിതാ ഒരു പാഠം! റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെതിരെ ആദ്യ 2 സെറ്റ് കൈവിട്ടിട്ടും പോരാട്ടവീര്യത്തിന്റെ ‘ബൂസ്റ്റർ ഡോസ്’ കുത്തിവച്ചു ജയിച്ചു കയറിയ റാഫേൽ നദാലിന് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടവും 21–ാം ഗ്രാൻസ്‌ലാം എന്ന റെക്കോർ‌ഡും. സ്കോർ: 2-6, 6-7, 6-4, 6-4, 7-5.

ഏറ്റവും കൂടുതൽ ഗ്രാൻ‌സ്‌ലാം പുരുഷ സിംഗിൾസ് കിരീടങ്ങൾ എന്ന നേട്ടത്തിൽ റോജർ ഫെ‍ഡററെയും നൊവാക് ജോക്കോവിച്ചിനെയും (ഇരുവരും 20 വീതം) മറികടന്ന് ഒന്നാമതെത്തിയ നദാലിന്റെ 2–ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. കഴിഞ്ഞ വർഷം കാലിനേറ്റ പരുക്കും കോവിഡും മൂലം കോർട്ടിനു പുറത്തായ നദാലിന്റെ തിരിച്ചുവരവ് രാജകീയമായിത്തന്നെയായി.

കളിയുടെ തുടക്കത്തിൽ റോഡ്‌ലേവർ അരീനയിലെ ‘റാഫ’ ഇരമ്പത്തിനു ‘മ്യൂട്ട്’ ബട്ടൺ അമർത്തിയ മെദ്‌വദേവ് ഉജ്വലമായ ബാക്ക്ഹാൻഡ് സ്ട്രോക്കുകളുമായി കോർട്ടിലെ ഓരോ ഇഞ്ചിലേക്കും ഓടിയെത്തി. നദാലിന്റെ 16 അപ്രേരിത പിഴവുകൾ കൂടിയായതോടെ ആദ്യ സെറ്റ് അനായാസം മെദ്‌വെദേവിനു സ്വന്തം.

2–ാം സെറ്റിൽ തന്റെ ‘കംഫർട്ട് സോൺ’ കടന്ന് സ്ലൈസുകളും ഡ്രോപ് ഷോട്ടുകളും ഉൾപ്പെടെ സർവായുധങ്ങളും നദാൽ പുറത്തെടുത്തെങ്കിലും മെദ്‌വദേവ് വീണില്ല. 5–3നു മുന്നിൽ നിൽക്കെ 4 ഡ്യൂസ് ഗെയിമുകളും നദാൽ കൈവിട്ടതോടെ മെദ്‌വദേവ് തിരിച്ചടിച്ചു. ടൈബ്രേക്കറിലും നദാൽ ലീഡ് എടുത്തെങ്കിലും മെദ്‌വദേവ് ചെറുത്തു നിന്നു. ഒടുവിൽ ഒരു ബാക്ക്ഹാൻഡ് പാസിങ് ഷോട്ടിലൂടെ രണ്ടാം സെറ്റും മെദ്‌വദേവിനു സ്വന്തം.

തന്നെക്കാൾ 10 വയസ്സ് ഇളയ മെദ്‌വദേവിന്റെ ചുറുചുറുക്കിനു മുന്നിൽ ഇതാ വീണും പോകും എന്ന നിലയിൽ നിന്ന് നദാൽ ഉയിർത്തെഴുന്നേറ്റു. ആരാധകരിൽ നിന്ന് ഊർജമുൾക്കൊണ്ട് നദാൽ ഓടിക്കളിച്ചതോടെ മെദ്‌വദേവ് മാനസികമായും പ്രതിരോധത്തിലായി. 4–4ന് ഒപ്പമെത്തിയ ശേഷം സെറ്റ് സ്വന്തമാക്കിയ നദാൽ നാലാം സെറ്റിലും അതേ സ്കോർ ആവർത്തിച്ചു. നിർണായകമായ അഞ്ചാം സെറ്റിലും നദാൽ ആധിപത്യം പുലർത്തിയെങ്കിലും 5–4ൽ നദാലിന്റെ മാച്ച് പോയിന്റ് സെർവ് ബ്രേക്ക് ചെയ്ത് മെദ്‌വദേവ് അവസാന ചെറുത്തുനിൽപിനു ശ്രമിച്ചു നോക്കി.

പക്ഷേ, മത്സരത്തിൽ തന്റെ മൂന്നാം എയ്സിലൂടെ ചാംപ്യൻഷിപ് പോയിന്റിലെത്തിയ നദാൽ അതേ വീര്യത്തോടെ കളി തീർത്ത് മെൽബൺ പാർക്കിലെ ആരവങ്ങളിലമർന്നു.

∙ ഒന്നര മാസം മു‍ൻപു വരെ കോർട്ടിലേക്കു മടങ്ങിയെത്താനാകുമോ എന്നു പോലും ഞാൻ സംശയിച്ചിരുന്നു. പക്ഷേ ഇപ്പോഴിതാ നിങ്ങൾക്കു മുന്നിൽ ഈ ട്രോഫിയുമായി നിൽക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ വിജയങ്ങളിലൊന്നാണിത്..’’ – നദാൽ (പരുക്കും കോവിഡും മൂലം കഴിഞ്ഞ വർഷാവസാനം കോർട്ടിനു പുറത്തായിരുന്നു നദാൽ)

∙ വാമോസ് റാഫ!

2005 ജൂണിൽ 18–ാം വയസ്സിൽ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ തുടങ്ങിയ ഗ്രാൻസ്‍ലാം ടെന്നിസിലെ റാഫേൽ നദാലിന്റെ ജൈത്രയാത്രയാണ് ഇന്നലെ 21–ാം കിരീടമെന്ന ചരിത്രനേട്ടത്തിലെത്തിയത്. 2022ലെ ആദ്യ ഗ്രാൻസ്‍ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിലാണ് നദാൽ ട്രോഫികൾ 21 ആക്കി ഉയർത്തിയത്.

1) ഫ്രഞ്ച് ഓപ്പൺ 2005, 2) ഫ്രഞ്ച് ഓപ്പൺ 2006, 3) ഫ്രഞ്ച് ഓപ്പൺ 2007, 4) ഫ്രഞ്ച് ഓപ്പൺ 2008, 5) വിമ്പിൾഡൻ‌ 2008, 6) ഓസ്ട്രേലിയൻ ഓപ്പൺ 2009, 7) ഫ്രഞ്ച് ഓപ്പൺ 2010, 8) വിമ്പി‍ൾഡൻ 2010, 9) യുഎസ് ഓപ്പൺ 2010, 10) ഫ്രഞ്ച് ഓപ്പൺ 2011, 11) ഫ്രഞ്ച് ഓപ്പൺ 2012, 12) ഫ്രഞ്ച് ഓപ്പൺ 2013, 13) യുഎസ് ഓപ്പൺ 2013, 14) ഫ്രഞ്ച് ഓപ്പൺ 2014, 15) ഫ്രഞ്ച് ഓപ്പൺ 2017, 16) യുഎസ് ഓപ്പൺ 2017, 17) ഫ്രഞ്ച് ഓപ്പൺ 2018, 18) ഫ്രഞ്ച് ഓപ്പൺ 2019, 19) യുഎസ് ഓപ്പൺ 2019 ,20) ഫ്ര​ഞ്ച് ഓപ്പൺ 2020,21) ഓസ്ട്രേലിയൻ ഓപ്പൺ 2022

English Summary: Australian open men's singles final live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com