ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കെ, ആരാധകർക്കു ‘മനോഹരമായ ഒരു ഞെട്ടൽ’ സമ്മാനിച്ച് ഓസ്ട്രേലിയൻ വനിതാ ടെന്നിസ് താരം ആഷ്‌ലി ബാർട്ടി പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിച്ചു. 25–ാം വയസ്സിൽ, ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി 2 മാസം തികയുന്നതിനു മുൻപാണ് ലോക ഒന്നാം നമ്പർ താരം ബാർട്ടിയുടെ വിരമിക്കൽ.

‘‘ടെന്നിസിന്റെ ഉന്നതനിലവാരത്തിൽ മത്സരിക്കാനുള്ള ശാരീരിക, മാനസിക പ്രചോദനം ഇപ്പോഴെനിക്കില്ല. ജീവിതത്തിൽ മറ്റു സ്വപ്നങ്ങളെ പിന്തുടരാൻ സമയമായിരിക്കുന്നു..’’– മുൻ ഡബിൾസ് പങ്കാളി കേസി ഡിലാക്വയുമായുള്ള അഭിമുഖത്തിൽ‌ ബാർട്ടി പറഞ്ഞു. വിരമിക്കൽ തീരുമാനം വിവരിക്കുന്ന 6 മിനിറ്റ് വിഡിയോ ബാർട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 3 തവണ ഗ്രാൻ‌സ്‌ലാം സിംഗിൾസ് ചാംപ്യനായിട്ടുള്ള ബാർട്ടി വനിതാ ഡബിൾസിൽ 12 കിരീടങ്ങളും നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സിൽ മിക്സ്ഡ് ‍ഡബിൾസിൽ വെങ്കലവും നേടി.

2011ൽ തന്റെ 15–ാം വയസ്സിൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായ ബാർട്ടി 3 വർഷത്തിനു ശേഷം ടെന്നിസിൽ നിന്നും ഇടവേള എടുത്തിരുന്നു. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബാർട്ടി ഓസ്ട്രേലിയൻ വനിതാ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റിനു വേണ്ടി കളിച്ചു. 21 മാസങ്ങൾക്കു ശേഷം 2016 മേയിൽ ടെന്നിസിലേക്കു തിരിച്ചെത്തി. ഒന്നര വർഷത്തിനുള്ളിൽ ലോക റാങ്കിങ്ങിൽ ആദ്യ ഇരുപതിലെത്തി. 2019ൽ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തിനു പിന്നാലെ ലോക ഒന്നാം നമ്പർ താരവുമായി. ഇടയ്ക്ക് ഒന്നാം നമ്പർ സ്ഥാനം കൈവിട്ടെങ്കിലും പിന്നീടു തിരിച്ചു പിടിച്ചു. കഴിഞ്ഞ വർഷം 

വിമ്പിൾഡൻ സിംഗിൾസ് കിരീടവും ഈ വർഷം ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും ചൂടി. 44 വർഷത്തിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഓസ്ട്രേലിയൻ വനിത എന്ന പകിട്ടോടെയായിരുന്നു കിരീടധാരണം. നിലവിൽ ഒന്നാം റാങ്കിൽ 114 ആഴ്ച പിന്നിടവേയാണ് ബാർട്ടിയുടെ വിരമിക്കൽ. പ്രഫഷനൽ ഗോൾഫ് താരമായ ഗാരി കിസ്സികുമായുള്ള ബാർട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞ നവംബറിൽ നടന്നിരുന്നു.

‘‘കഴിഞ്ഞ വർഷത്തെ വിമ്പിൾഡൻ വിജയം കായിക താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നെ ഏറെ മാറ്റിമറിച്ചു.  കരിയറിൽ ഞാൻ സന്തോഷത്തിന്റെ പൂർണതയോട് അടുത്ത പോലെ എനിക്കു തോന്നി. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചപ്പോൾ അതു പൂർത്തിയായ പോലെയും. വിജയങ്ങളും കിരീടങ്ങളും എന്നെ ഇനി അത്യധികം സന്തോഷിപ്പിക്കില്ല. തുടരെ യാത്ര ചെയ്യാതെ, കുടുംബത്തോടൊപ്പം ചേർന്നുനിന്നു കൊണ്ട് എനിക്കു നേടിയെടുക്കാനുള്ള സ്വപ്നങ്ങൾ മറ്റു പലതുമുണ്ട്. ആഷ്‌ലി ബാർട്ടി എന്ന കായികതാരമായിട്ടല്ല, ആഷ്‌ലി ബാർട്ടി എന്ന വ്യക്തിയായി...’’– ആഷ്‌ലി ബാർട്ടി

Australia Barty Retires
2019: ഫ്രഞ്ച് ഓപ്പൺ
TENNIS-BARTY/
2021: വിമ്പിൾഡൻ
FILES-TENNIS-AUS-OPEN
2022: ഓസ്ട്രേലിയൻ ഓപ്പൺ

English Summary: Ashleigh Barty quits tennis at 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com