ADVERTISEMENT

മയാമി (യുഎസ്) ∙ ആഷ്‌ലി ബാ‍ർട്ടി ടെന്നിസിൽനിന്നു വിരമിച്ചപ്പോൾ ഒഴിവുവന്ന ലോക ഒന്നാം റാങ്ക് നിലവിലെ 2–ാം സ്ഥാനക്കാരിയായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിന്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളണ്ട് താരം കൂടിയാണ് ഇരുപതുകാരിയായ സ്യാംതെക്.

കഴിഞ്ഞയാഴ്ച ഓസ്ട്രേലിയൻ താരം ബാർട്ടി അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒന്നാം റാങ്കിനു പുതിയ അവകാശിയുണ്ടായത്. ഇപ്പോൾ മയാമി ഓപ്പൺ ടെന്നിസിൽ പങ്കെടുക്കുന്ന ഇഗ സ്യാംതെക് ഈ സന്തോഷവാർത്ത ഉഗ്രനൊരു ജയത്തോടെയാണ് ആഘോഷിച്ചത്.

2–ാം റൗണ്ടിൽ സ്വിറ്റ്സർലൻഡിന്റെ വിക്ടോറിയ ഗോലുബിച്ചിനെ 6–2, 6–0ന് തകർത്തു കളഞ്ഞു ഇഗ. മയാമി ഓപ്പൺ ടൂർണമെന്റ് അവസാനിക്കുന്നതിനു പിന്നാലെ ഇഗയുടെ പേര് ഔദ്യോഗികമായി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തും.

1975 നവംബറിൽ കംപ്യൂട്ടർ അധിഷ്ഠിത റാങ്കിങ് സമ്പ്രദായം ആരംഭിച്ചതിനു ശേഷം ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന 28–ാമത്തെ വനിതയാണ് ഇഗ സ്യാംതെക്. ഇപ്പോൾ ബാർട്ടി വിരമിച്ചതു കൊണ്ടാണ് ഒന്നാമതെത്തിയതെങ്കിലും 2 വർഷമായി വനിതാ ടെന്നിസിലെ മുൻനിര താരമാണ് ഇഗ.

2016ൽ 903–ാം റാങ്കിൽ ടെന്നിസ് കരിയർ തുടങ്ങിയ ഇഗ പടിപടിയായാണ് ഉയർച്ച കൈവരിച്ചത്. 2018ൽ അഞ്ഞൂറിനുള്ളിൽ എത്തിയ ഇഗ 2020ൽ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടനേട്ടത്തോടെ 17–ാം റാങ്കിലെത്തി. കഴിഞ്ഞ വർഷം 9–ാം നമ്പരിലേക്ക് എത്തിയ താരം ഈ വർഷം 2–ാം സ്ഥാനം നേടി. ഇപ്പോൾ ഒന്നാം സ്ഥാനവും.

English Summary: Iga Swiatek becomes World No. 1 after Ashleigh Barty retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com