ADVERTISEMENT

പാരിസ് ∙ 4 മണിക്കൂർ 11 മിനിറ്റ്. നാളെ 36 വയസ്സു തികയുന്ന റാഫേൽ നദാലും ഒരാഴ്ച മുൻപു 35 തികഞ്ഞ നൊവാക് ജോക്കോവിച്ചും തമ്മിൽ നടന്ന പോരാട്ടത്തെ ‘ഫൈനൽ’ എന്നാണു വിളിക്കേണ്ടത്; ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലായിരുന്നു അതെങ്കിലും!

‘മേയിൽ തുടങ്ങി ജൂണിൽ അവസാനിച്ച പോരാട്ടം’ എന്നു സംഘാടകർ തന്നെ വിശേഷിപ്പിച്ച ക്ലാസിക് മത്സരത്തിൽ കളിമൺ കോർട്ടിലെ കരുത്തൻ നദാലിനു തന്നെ വിജയം. സ്കോർ: 6-2, 4-6, 6-2, 7-6 (4). നിലവിലെ ചാംപ്യനായ ജോക്കോവിച്ചിനോടു കഴിഞ്ഞ വർഷത്തെ സെമിയിൽ തോറ്റതിന്റെ മധുര പ്രതികാരമായിരുന്നു നദാലിന്റെ വിജയം. നാളെ, 3–ാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെതിരെയാണ് സ്പാനിഷ് താരത്തിന്റെ സെമിപോരാട്ടം. ഫ്രഞ്ച് ഓപ്പണിൽ 14–ാം കിരീടവും 22–ാം ഗ്രാൻസ്‌ലാം ടൂർണമെന്റ് ജയവുമാണ് ഇവ രണ്ടിലും റെക്കോർഡ് ജേതാവായ നദാൽ ലക്ഷ്യമിടുന്നത്.

ഒരു സമയത്തും ഏകപക്ഷീയമായിരുന്നില്ല മത്സരം. നദാൽ – ജോക്കോവിച്ച് മത്സരങ്ങളിൽ പതിവായ നീളൻ റാലികളും കരുത്തൻ ഷോട്ടുകളും നിറഞ്ഞ കളിയിൽ ജോക്കോവിച്ചിന്റെ തന്ത്രങ്ങളെക്കൂടി അരിഞ്ഞുവീഴ്ത്തിയാണു നദാൽ ജയിച്ചുകയറിയത്. ആദ്യ സെറ്റിൽ ജയിച്ച നദാലിനെ രണ്ടാം സെറ്റിൽ ജോക്കോവിച്ച് പിടിച്ചിട്ടു. 0–3നു പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ടാം സെറ്റിൽ ജോക്കോയുടെ തിരിച്ചുവരവ്. മൂന്നാം സെറ്റ് വീണ്ടും നദാൽ നേടിയതോടെ 4–ാം സെറ്റ് നിർണായകമായി. 3–5നു പിന്നിൽനിന്ന നദാൽ കരുത്തോടെ ആഞ്ഞടിച്ചു. ‘ആരുടേതുമാകാം വിജയം’ എന്ന നിലയിൽ ടൈബ്രേക്കറിലേക്കു നീണ്ട മത്സരത്തിൽ പക്ഷേ, ജോക്കോവിച്ചിനെ നിലംതൊടുവിക്കാതെ നദാൽ വിജയിയായി.

3, 4 സെറ്റുകളിൽ സെർവുകൾ റിട്ടേൺ ചെയ്ത ശേഷം കോർട്ടിൽ അൽപം മുന്നോട്ടു കയറി ബേസ് ലൈനിനോടു ചേർന്നാണ് നദാൽ കളിച്ചത്. മികച്ച ഷോട്ടുകൾ തൊടുക്കാൻ കുറഞ്ഞ സമയം മാത്രമാണ് ഇതുകാരണം ജോക്കോയ്ക്ക് ലഭിച്ചത്. നദാലിന്റെ ഈ തന്ത്രത്തിനു ഫലമുണ്ടായി. എതിരാളിക്കു തൊടാൻ സാധിക്കാത്ത വിധം നദാൽ 57 വിന്നറുകൾ പായിച്ചപ്പോൾ ജോക്കോയ്ക്കു മത്സരത്തിൽ 48 വിന്നർ ഷോട്ടുകൾ മാത്രമേ തൊടുക്കാൻ സാധിച്ചുള്ളൂ.

മറുവശത്തു സെർവുകളിൽ ജോക്കോയുടെ പതിവ് ആക്രമണോത്സുകത കാണാനുമില്ലായിരുന്നു. ജോക്കോവിച്ച് മത്സരത്തിൽ വരുത്തിയ 53 പിഴവുകളും നിർണായകമായി. നദാലിന്റെ ഉജ്വലമായ പ്രതിരോധമാണ് ജോക്കോവിച്ചിനെക്കൊണ്ട് പിഴവുകൾ വരുത്തിച്ചതെന്നും പറയാം. കളിയുടെ താളം തെറ്റിക്കാനായി ജോക്കോ തുടർച്ചയായി ഡ്രോപ് ഷോട്ടുകൾ കളിച്ചെങ്കിലും ഭൂരിഭാഗവും നദാൽ തിരിച്ചയച്ചു. ഡ്രോപ് ഷോട്ടുകളിൽ ചിലതു നെറ്റിൽ തട്ടി മടങ്ങിയതും ജോക്കോയ്ക്കു തിരിച്ചടിയായി.

ഗാലറിയുടെ പിന്തുണയും നദാലിനൊപ്പമായിരുന്നു. കളത്തിലേക്കു വന്നപ്പോൾത്തന്നെ ആരാധകരുടെ കൂവലാണു ജോക്കോയെ വരവേറ്റത്.  പോയിന്റ് നേടിയപ്പോൾ പോലും കാണികൾ ഉറക്കെക്കൂവി. മത്സരശേഷം ഗാലറിയുടെ നേർക്ക് അഭിവാദ്യത്തിനു പോലും മുതിരാതെ ജോക്കോ മടങ്ങുകയും ചെയ്തു.

ജോക്കോയ്ക്ക് നമ്പർ 1 നഷ്ടമാകും

നദാലിനോടു ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ തോറ്റതോടെ നൊവാക് ജോക്കോവിച്ചിനു ലോക ഒന്നാം നമ്പർ സ്ഥാനം ഈ മാസം 13നു നഷ്ടമാകും. ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയാൽ അലക്സാണ്ടർ സ്വരേവിന് ഒന്നാം സ്ഥാനത്തെത്താം. അല്ലെങ്കിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവായിരിക്കും പുതിയ ലോക ഒന്നാം നമ്പർ.

English Summary: Rafael Nadal beats Novak Djokovic in epic clash to reach French Open semifinals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com