ADVERTISEMENT

പാരിസ് ∙ സ്പെയിനിലെ റാഫേൽ നദാൽ അക്കാദമിയിലാണ് നോർവേക്കാരനായ കാസ്പർ റൂ‍ഡ് കഴിഞ്ഞ 4 വർഷമായി പരിശീലിക്കുന്നത്. അതേ കാസ്പർ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുന്നത് തന്റെ ഗുരുവും റോൾ മോഡലുമൊക്കെയായ സാക്ഷാൽ നദാലിനോട്. തലയിൽ കെട്ടുന്ന റിബണിൽ ഉൾപ്പെടെ നദാൽ ‘മോഡൽ’ പരിശീലിക്കുന്ന 23 വയസ്സുകാരൻ കാസ്പർ, ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടമെന്നാണ് ഇന്നത്തെ മത്സരത്തെ വിശേഷിപ്പിച്ചത്.

പക്ഷേ സീസണിൽ ഉജ്വല ഫോമിൽ കുതിക്കുന്ന നദാലിനെതിരെ പിടിച്ചുനിൽക്കാൻ ശിഷ്യനു കഴിയുമോയെന്ന ആശങ്ക ആരാധകർക്കിടയിലുണ്ട്. പ്രഫഷനൽ ടെന്നിസിൽ ഇരുവരും തമ്മിലുള്ള ആദ്യ പോരാട്ടമാണിത്. വൈകിട്ട് ആറര മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം.

നേട്ടങ്ങളിലും പരിചയ സമ്പത്തിലും നദാലിന്റെ അടുത്തെങ്ങുമെത്തില്ല കാസ്പർ. കരിയറിലെ 22–ാം ഗ്രാൻസ്‌ലാം കിരീടവും ഫ്രഞ്ച് ഓപ്പണിൽ 14–ാം ട്രോഫിയും നദാലിനു കയ്യകലത്തിൽ നിൽക്കുമ്പോൾ എട്ടാം സീഡായ നോർവേ താരത്തിനു മുന്നിലുള്ളത് ആദ്യ ഗ്രാൻസ്‌ലാമെന്ന സ്വപ്നം. 20 ഗ്രാൻസ്‍ലാം വിജയങ്ങൾ വീതമുള്ള റോജർ ഫെഡററിനും നൊവാക് ജോക്കോവിച്ചിനും 2 പടി മുന്നിലെത്താനുള്ള സുവർണാവസരമാണ് സ്പാനിഷ് താരം നദാലിന് ഈ മത്സരം.

വെള്ളിയാഴ്ച 36–ാം പിറന്നാൾ ആഘോഷിച്ച നദാലിന് മുന്നിൽ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടവുമുണ്ട്. ക്വാർട്ടറിൽ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ചിനെ നദാൽ വീഴ്ത്തിയപ്പോൾ സെമിഫൈനൽ മത്സരത്തിനിടെ മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ് പരുക്കേറ്റു പിൻമാറുകയായിരുന്നു.

ഗ്രാൻസ്‌ലാം ടെന്നിസിൽ നാലാം റൗണ്ടിന് അപ്പുറത്തേക്കു മുന്നേറുന്നത് ആദ്യമാണെങ്കിലും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കാസ്പറിപ്പോൾ. കഴിഞ്ഞ 2 വർഷത്തിനിടെ 7 എടിപി കിരീടങ്ങൾ നേടിയ താരം ഏപ്രിലിൽ ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കു കുതിച്ചുകയറി. വെള്ളിയാഴ്ച നടന്ന സെമിയിൽ മു‍ൻ യുഎസ് ഓപ്പൺ ചാംപ്യൻ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ തോൽപിച്ചായിരുന്നു (3-6, 6-4, 6-2, 6-2) ഫൈനൽ പ്രവേശം.

English Summary: French Open 2022, Rafael Nadal vs Casper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com