നൊവാക് ജോക്കോവിച്ച് വിമ്പിൾഡൻ പുരുഷ ചാംപ്യൻ; 21–ാം ഗ്രാൻസ്‍ലാം കിരീടം

novak-djokovic-11
ജോക്കോവിച്ച് മത്സരത്തിനിടെ. ചിത്രം: ട്വിറ്റർ
SHARE

‌‌ലണ്ടൻ ∙ ‘സെന്റർ കോർട്ട് എനിക്കു വീടുപോലെയാണ്’. മത്സരത്തലേന്നു നൊവാക് ജോക്കോവിച്ച് പറഞ്ഞതിന്റെ പൊരുൾ ഇന്നലെ എതിരാളി നിക്ക് കിറീയോസിന് ബോധ്യമായി. ചിരപരിചിതമായ പുൽകോർട്ടിൽ കിറീയോസ് ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച ജോക്കോവിച്ച് (4–6, 6–3, 6–4, 7–6) വിമ്പിൾഡൻ ട്രോഫിയിൽ ഏഴാം തവണയും തന്റെ പേരെഴുതിച്ചേർത്തു; തുടർച്ചയായി നാലാം തവണയും. 35 വയസ്സുകാരനായ ജോക്കോവിച്ച് വിമ്പിൾഡനിൽ പരാജമറിയാതെയുള്ള 28–ാം മത്സരം പൂർത്തിയാക്കിയപ്പോൾ പൊലിഞ്ഞത് ആദ്യ ഗ്രാൻസ്‍ലാം കിരീടമെന്ന ഓസ്ട്രേലിയക്കാരൻ നിക്ക് കിറീയോസിന്റെ സ്വപ്നം.

കരിയറിലെ 21–ാം ഗ്രാൻസ്‍ലാം സ്വന്തമാക്കിയ ജോക്കോവിച്ച് ഈ നേട്ടത്തിൽ‌ റോജർ ഫെഡററെ (20) പിന്നിലാക്കി. 22 കിരീടങ്ങളുമായി റാഫേൽ നദാൽ മുന്നിലുണ്ട്.

ടെന്നിസ് മത്സരത്തിന്റെ എല്ലാ ചാരുതയും നിറഞ്ഞ കലാശപ്പോരാട്ടത്തി‍ന്റെ തുടക്കത്തിൽ കളം പിടിച്ചത് നിക്ക് കിറീയോസാണ്. ജോക്കോവിച്ചിനെതിരെ മുൻപ് 2 മത്സരങ്ങളും ഒരു സെറ്റുപോലും വഴങ്ങാതെ ജയിച്ച താരം അതേ മികവ് ആദ്യ സെറ്റിലും പുറത്തെടുത്തു. 27 വയസ്സുകാരന്റെ അതിവേഗ സെർവുകൾക്കു മറുപടി നൽകാൻ പലപ്പോഴും ജോക്കോയ്ക്കു കഴിഞ്ഞില്ല.

പക്ഷേ ക്വാർട്ടറിലും സെമിയിലും ആദ്യ സെറ്റ് നഷ്ടമാക്കിയശേഷം തിരിച്ചുവന്ന ജോക്കോ ഫൈനലിലും പതിവു തെറ്റിച്ചില്ല. രണ്ടാം സെറ്റുമുതൽ ഉജ്വലമായി തിരിച്ചെത്തി കളംപിടിച്ചു. സെന്റർ കോർട്ടിലെ കടുത്ത ചൂട് കിറീയോസിനെ തളർത്തിയപ്പോൾ അവസരം മുതലാക്കി ജോക്കോ കുതിച്ചു കയറി. 2 താരങ്ങളും വീറോടെ പൊരുതിയതോടെ 2–2, 3–3, 4–4, 5–5, 6–6 എന്നിങ്ങനെയായിരുന്നു നാലാം സെറ്റിലെ പോയിന്റ് നില. ഒടുവിൽ  സെറ്റും മത്സരവും ടൈബ്രേക്കറിലൂടെ ജോക്കോവിച്ച് സ്വന്തമാക്കി.

15 എയ്സുകൾ 30

46 വിന്നറുകൾ 62

2/4 ബ്രേക്ക് പോയിന്റ് ജയം 1/6

7 ഡബിൾ ഫോൾട്ട് 7 

17 അപ്രേരിത പിഴവ് 33

പുൽകോർട്ടിലെ രാജകുമാരൻ

പുൽകോർട്ടുകളിൽ ജോക്കോവിച്ചിന്റെ വിജയശതമാനം 85.61 ആയി ഉയർന്നു. ഇതുവരെ കളിച്ച 131 മത്സരങ്ങളിൽ 18 തവണ മാത്രമാണ് തോറ്റത്. ഈ സീസണിൽ പുൽകോർട്ടിൽ കളിച്ച 7 മത്സരവും ജയിച്ചു. 

∙ 2 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ 7 തവണ ജേതാവാകുന്ന ആദ്യ പുരുഷ താരമാണ് ജോക്കോവിച്ച്. വിമ്പിൾഡനിൽ ഏഴാം കിരീടം നേടിയ ജോക്കോ ഓസ്ട്രേലിയൻ ഓപ്പൺ 9 തവണ സ്വന്തമാക്കിയിട്ടുണ്ട്. 

English Summary: Novak Djokovic vs Nick Kyrgios, Wimbledon 2022 Men's Singles Final - Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS