ADVERTISEMENT

യുഎസ് ഓപ്പണിലെ അവസാന മത്സരത്തിനു ശേഷം സെറീന വില്യംസ് പറഞ്ഞത്...

ഡാഡിക്കും മമ്മിക്കും പ്രത്യേകം നന്ദി പറയുന്നു. നിങ്ങൾ ഇതു കാണുന്നുണ്ടെന്ന് എനിക്കറിയാം. ഇക്കാലമത്രയും എന്റെ കൂടെ നിന്ന ഓരോരുത്തരോടും കടപ്പാടുണ്ട്. എന്റെ കണ്ണീരു കണ്ട് സംശയിക്കേണ്ട. ഇത് ആനന്ദക്കണ്ണീരാണ്. പിന്നെ, ചേച്ചിയോട് (വീനസ് വില്യംസ്) ഒരു വാക്ക്. സെറീന വില്യംസ് എന്ന പേരു നിലനിൽക്കാൻ കാരണം നീയാണ്. ഈ യാത്ര രസമായിരുന്നു. ഒരു പക്ഷേ, എന്റെ ജീവിതത്തിലെ എറ്റവും മനോഹരമായ യാത്ര. ഇത് അവസാനിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. പക്ഷേ, ജീവിതത്തിൽ വരാനിരിക്കുന്നവയെല്ലാം നേരിടാൻ ഞാൻ തയാറാണ്. കലിഫോർണിയയിലെ കോംടണിൽ എപ്പോഴും ടെന്നിസ് കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കറുത്തവർഗക്കാരിയായ കൊച്ചു പെൺകുട്ടിയുടെ യാത്രയുടെ അവസാനമാണ് ഇത്. എനിക്ക് എല്ലാം തന്നതു ടെന്നിസാണ്.

പോരാളിയായി ഓർമിക്കപ്പെടാനാണ് എനിക്ക് ഇഷ്ടം. ടെന്നിസിനു പലതും സംഭാവന ചെയ്യാൻ എനിക്കു കഴിഞ്ഞു. മുഷ്ടി ചുരുട്ടിയുള്ള ആവേശപ്രകടനം... ഭ്രാന്തമെന്നു തോന്നിപ്പിക്കുന്ന തീക്ഷ്ണത... അദമ്യമായ ആവേശം...

2015ലെ ഫ്രഞ്ച് ഓപ്പൺ ജയിച്ച് 2–ാം തവണയും ‘സെറീന സ്‌ലാം’ പൂർത്തിയാക്കിയത് ഞാൻ ഓർക്കുന്നു. കഠിനമായ ഫ്ലൂ ബാധിച്ച് അവ‌ശതയിലായിരുന്നു അപ്പോൾ. മരിച്ചുപോകുമെന്നു പോലും തോന്നി. 

ഇക്കാലമത്രയും നേടിയ വിജയങ്ങളിൽ അതു ഞാൻ നെഞ്ചോടു ചേർത്തുവയ്ക്കും. ടെന്നിസ് എക്കാലത്തും എന്റെ ജീവിതമായിരുന്നു. ഈ മഹത്തായ ഗെയിം ഇല്ലാത്ത ഭാവിജീവിതം എനിക്കു ചിന്തിക്കാനാവില്ല.

കരിയറും ജീവിതവും 

26 വർഷവും 10 മാസവും 6 ദിവസവുമാണ് സെറീന വില്യംസിന്റെ ടെന്നിസ് കരിയറിന്റെ ദൈർഘ്യം. ഇതുവരെയുള്ള ജീവിതത്തിന്റെ 65 ശതമാനവും സെറീന പ്രഫഷനൽ ടെന്നിസ് താരമായിരുന്നു.

1981- റിച്ചഡ് വില്യമിന്റെയും ഒറാസീനിന്റെയും ഇളയ മകളായി യുഎസിലെ മിഷിഗനിൽ ജനനം

1984- പിതാവിന്റെ മേൽനോട്ടത്തിൽ മൂന്നാം വയസ്സിൽ ടെന്നിസ് പരിശീലനം തുടങ്ങി 

1995- 15–ാം വയസ്സിൽ‌ പ്രഫഷനൽ ടെന്നിസിൽ അരങ്ങേറ്റം 

1998- ഓസ്ട്രേലിയൻ ഓപ്പണിലൂടെ ഗ്രാൻസ്‌ലാം അരങ്ങേറ്റം. രണ്ടാം റൗണ്ടിൽ വീനസിനോടു തോറ്റു 

1999-ആദ്യ ഗ്രാൻസ്‌ലാം കിരീടം.യുഎസ് ഓപ്പൺ ഫൈനലിൽ മാർട്ടിന ഹിൻജിസിനെ തോൽപിച്ചു

2003-ടെന്നിസിലെ 4 മേജർ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കി സെറീന ചരിത്രമെഴുതി 

2008- സാമൂഹിക പ്രവർത്തനങ്ങൾക്കായുളള സെറീന വില്യംസ് ഫൗണ്ടേഷനു തുടക്കം കുറിച്ചു 

2012- ലണ്ടൻ ഒളിംപിക്സിൽ സിംഗിൾസ് കിരീടം നേടിയതോടെ കരിയർ ഗോൾഡൻ സ്‌ലാം തികച്ചു

2016- ലോക ടെന്നിസിൽ കൂടുതൽ ഗ്രാൻസ്‍ലാം മത്സര വിജയങ്ങളെന്ന റെക്കോർഡിനുടമയായി 

2017- ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ വീനസ് വില്യംസിനെ തോൽപിച്ച് 23–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം നേടി. കരിയറിലെ അവസാന ഗ്രാൻ‌സ്‌ലാം നേട്ടം 

2022-യുഎസ് ഓപ്പൺ മൂന്നാം ‌റൗണ്ടിൽ പുറത്തായതിനു പിന്നാലെ പ്രഫഷനൽ ടെന്നിസിൽ ‌നിന്നു വിരമിച്ചു 

serena-1

∙ഗ്രാൻസ്‌ലാം ടെന്നിസിൽ 367 മത്സരങ്ങളിലാണ് സെറീനയുടെ വിജയം. ലോക ടെന്നിസിലെ റെക്കോർഡാണിത്.

∙ വനിതാ സിംഗിൾസിൽ 319 ആഴ്ചക്കാലം സെറീന ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തു തുടർന്നു. 

∙ 50 രാജ്യങ്ങളിൽ നിന്നായുള്ള 306 താരങ്ങളെയാണ് സെറീന കരിയറിൽ ഇതുവരെ തോൽപിച്ചത്. 

∙ സിംഗിൾസിൽ മാത്രം 73 പ്രഫഷനൽ കിരീടങ്ങൾ സെറീന സ്വന്തമാക്കി

∙ ആകെ ഗ്രാൻസ്‌ലാം കിരീടങ്ങൾ 39 (23 സിംഗിൾസ്, 14 ഡബിൾസ്, 2 മിക്സ്ഡ് ഡബിൾസ്)

കരിയർ പ്രൈസ് മണി

94 ദശലക്ഷം ഡോളർ (ഏകദേശം 749 കോടി രൂപ)

കരിയർ ജയം –തോൽ‌വി: 858– 156

സെറീന @ ഗ്രാൻസ്‌ലാം

ഓസ്ട്രേലിയൻ ഓപ്പൺ

സിംഗിൾസ് ട്രോഫി: 7 (2003, 2005, 2007, 2009, 2010, 2015, 2017)

ഡബിൾസ് ട്രോഫി: 4 ( 2001, 2003, 2009, 2016)

ഫ്രഞ്ച് ഓപ്പൺ

സിംഗിൾസ് ട്രോഫി: 3 ( 2002, 2013, 2015)

ഡബിൾസ് ട്രോഫി: 2 (1999, 2010)

വിമ്പിൾഡൻ‌

സിംഗിൾസ് ട്രോഫി: 7 (2002, 2003, 2009, 2010, 2012, 2015, 2016)

ഡബിൾസ് ട്രോഫി: 6 (2000, 2002, 2008, 2009, 2012, 2016)

മിക്സ്ഡ് ഡബിൾസ് ട്രോഫി: 1 (1998)

യുഎസ് ഓപ്പൺ

സിംഗിൾസ് ട്രോഫി: 6 (1999, 2002, 2008, 2012, 2013, 2014)

ഡബിൾസ് ട്രോഫി: 2 (1999, 2009)

മിക്സ്ഡ് ഡബിൾസ് ട്രോഫി: 1 (1998)

alexis
അലെക്‌സിസ് ഒഹാനിയനും ഒളിംപിയയും. (Al Bello/Getty Images/AFP)

സെറീന സ്‌ലാം

ഒരു കലണ്ടർ വർഷത്തിൽ 4 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന കലണ്ടർ ഗ്രാൻസ്‍ലാം നേട്ടം സെറീനയ്ക്ക് കരിയറിൽ ഒരിക്കലും നേടാനായില്ല. എന്നാൽ  2002–2003 വർഷങ്ങളിലായി 4 കിരീടങ്ങൾ സെറീന തുടർച്ചയായി നേടി. 2014–15 സീസണിൽ ഈ നേട്ടം വീണ്ടും ആവർ‌ത്തിച്ചു. ഇതോടെ, ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടരെ 4 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടുന്നതിനു ‘സെറീന സ്‌ലാം’ എന്ന വിശേഷണം ലഭിച്ചു.

English Summary: Serena Williams Retirement Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com