ADVERTISEMENT

ന്യൂയോർക്ക് ∙ നിമിത്തങ്ങളിൽ വിശ്വസിക്കാമോ; എങ്കിൽ ഇനി വരാനിരിക്കുന്നത് ഇഗ സ്യാംതെക്കിന്റെ യുഗമാണ്! സെറീന വില്യംസ് എന്ന ‘മഹായുഗത്തിനു’ തിരശ്ശീല വീണ അതേ യുഎസ് ഓപ്പണിൽ തന്നെ കിരീടം ചൂടി പോളണ്ടുകാരി ഇഗ കായിക ലോകത്തോടു വിളിച്ചു പറയുന്നത് ഇതു തന്നെ. ഫൈനലിൽ തുനീസിയൻ താരം ഒൻസ് ജാബറിനെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ഇഗയുടെ ജയം (6–2,7–6). ഇതോടെ ലോക ഒന്നാം നമ്പർ സ്ഥാനവും ഇഗ അരക്കിട്ടുറപ്പിച്ചു. ഇരുപത്തിയൊന്നുകാരി ഇഗയുടെ മൂന്നാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടമാണിത്. മുൻപ് 2020ലും ഈ വർഷവും ജയിച്ചത് ഫ്രഞ്ച് ഓപ്പണിൽ. 2016ൽ ജർമൻ താരം ആഞ്ചെലിക് കെർബർ ഒരു സീസണിൽ തന്നെ 2 ഗ്രാൻസ്‌‌ലാം കിരീടങ്ങൾ ചൂടിയതിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവുമായി ഇഗ.

ഇരുപത്തിയെട്ടുകാരി ജാബറിനിത് തുടരെ രണ്ടാം ഗ്രാൻസ്‌ലാം ഫൈനൽ തോൽവി. ഈ വർഷം വിമ്പിൾഡൻ ഫൈനലിൽ കസഖ്സ്ഥാൻ താരം എലേന റിബകീനയോടും ജാബർ പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും പുതിയ ലോക റാങ്കിങ്ങിൽ ജാബർ രണ്ടാം സ്ഥാനത്തേക്കുയരും.
ലോക ഒന്നാം നമ്പർ താരമായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെയല്ല ഇഗ ഇത്തവണ ന്യൂയോർക്കിലേക്കു വന്നത്. പന്ത് കുത്തിപ്പൊങ്ങുന്ന ഫ്ലഷിങ് മെഡോസിലെ ഹാർഡ് കോർട്ടിൽ തന്റെ കളി ഫലിക്കുമോ എന്ന സംശയമായിരുന്നു അതിനു കാരണം.

എന്നാൽ ആർതർ ആഷ് സ്റ്റേഡിയത്തിൽ ചാംപ്യൻഷിപ്പിനിറങ്ങിയതോടെ ഇഗ അതെല്ലാം മറന്നു. പ്രീ ക്വാർട്ടറിലും സെമിഫൈനലിലും മാത്രമാണ് ഇഗയ്ക്ക് മൂന്നു സെറ്റ് കളിക്കേണ്ടി വന്നത്. 29.4 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ ഇന്നലെ ഫൈനലിന്റെ തുടക്കത്തിൽ തന്നെ ഇഗ ജാബറിന്റെ കയ്യെത്താ ദൂരത്തേക്കു കുതിച്ചു. ആദ്യ 14 പോയിന്റുകളിൽ പന്ത്രണ്ടും സ്വന്തമാക്കിയ ഇഗയ്ക്കു ലീഡ് 3–0. ബേസ്‌ലൈനിൽ നിന്നുള്ള ഇഗയുടെ ടോപ് സ്പിൻ ഫോർ ഹാൻഡുകളുടെ ഗതിയറിയാതെ നിന്ന ജാബർ ആദ്യ സെറ്റ് ചെറുത്തുനിൽപ്പില്ലാതെ അടിയറ വച്ചു.

രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ബാലൻസ് തെറ്റി വീണ ജാബർ 0–3നു പിന്നിലായെങ്കിലും പിന്നീട് വീരോചിതമായി പൊരുതി. 4–4ന് ഒപ്പമെത്തിയ ജാബർ മാച്ച് പോയിന്റ് സേവ് ചെയ്ത് സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടിയെങ്കിലും ഇഗയുടെ വിജയാവേശത്തിനു മുന്നിൽ വീണു.

English Summary: US Open final: Iga Swiatek beats Ons Jabeur to win New York title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com