സ്പാനിഷ് താരം കാർലോസ് അൽകാരാസ് യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ചാംപ്യൻ, ലോക റാങ്കിങ്ങിൽ ഒന്നാമത്
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ജേതാവിനുള്ള ട്രോഫി ഏറ്റുവാങ്ങിയതിനു ശേഷം കാർലോസ് അൽകാരാസ് ഓടിക്കയറിയത് ആർതർ ആഷ് സ്റ്റേഡിയത്തിലെ ഗാലറിയിലേക്കാണ്. അവിടെ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചതിനു ശേഷം സ്പെയിനിൽ നിന്നുള്ള ഈ പത്തൊൻപതുകാരൻ ലോകത്തോടു ‘പ്രഖ്യാപിച്ചു’: ‘ഞാൻ കാർലോസ് അൽകാരാസ്, ലോക ടെന്നിസിന്റെ പുതിയ രാജകുമാരൻ!’
ലോക ഒന്നാം നമ്പർ റാങ്കിന്റെ കൂടി പകിട്ടോടെയാണ് അൽകാരാസ് കിരീടത്തിലെത്തിയത്. ‘ഞാൻ ഒന്നാമനായിരിക്കാൻ ആഗ്രഹിക്കുന്നു. ആഴ്ചകളോളം, മാസങ്ങളോളം, വർഷങ്ങളോളം..’. നാലു സെറ്റ് നീണ്ട മത്സരത്തിൽ (6–4, 2–6, 7–6, 6–3) നോർവേ താരം കാസ്പർ റൂഡിനെ മറികടന്ന ശേഷം അൽകാരാസിന്റെ വാക്കുകൾ.
പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പത്തൊൻപതുകാരൻ അൽകാരാസ്. 2001ൽ തന്റെ ഇരുപതാം വയസ്സിൽ ഒന്നാം നമ്പർ റാങ്കിലെത്തിയ മുൻ ഓസ്ട്രേലിയൻ താരം ലെയ്ട്ടൻ ഹെവിറ്റിന്റെ റെക്കോർഡാണ് അൽകാരാസ് മറികടന്നത്.
പുതിയ റാങ്കിങ്ങിൽ ഇരുപത്തിമൂന്നുകാരൻ കാസ്പർ റൂഡ് രണ്ടാം റാങ്കിലെത്തുകയും ചെയ്തതോടെ പുരുഷ ടെന്നിസിലെ ഫെഡറർ–നദാൽ–ജോക്കോവിച്ച് യുഗത്തിന് അവസാനമാകുന്നു എന്ന ചർച്ചകൾ വീണ്ടും സജീവമായി.

കനത്ത ചൂടു മൂലം മേൽക്കൂര അടച്ചിട്ട സ്റ്റേഡിയത്തിൽ അൽകാരാസ് ആദ്യ സെറ്റ് 6–4നു സ്വന്തമാക്കിയപ്പോൾ വിജയം അനായാസമാകുമെന്നു തോന്നിച്ചതാണ്. എന്നാൽ രണ്ടാം സെറ്റ് റൂഡ് 6–2നു സ്വന്തമാക്കിയതോടെ കളി മാറി. ഇരുവരും പരസ്പരം വീര്യമുൾക്കൊണ്ടതോടെ മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടു. എന്നാൽ 7–1ന് ആധികാരികമായി ടൈബ്രേക്കർ ജയിച്ച അൽകാരാസ് നിർണായകമായ നാലാം സെറ്റിലും അതേ ഫോം തുടർന്നു വിജയമുറപ്പിച്ചു.
അൽകാരാസ് വീണ്ടും ചിരിച്ചു!
കഴിഞ്ഞ മാസം സിൻസിനാറ്റി ഓപ്പൺ ടെന്നിസിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ കാർലോസ് അൽകാരാസ് പറഞ്ഞു: ‘എനിക്കു പണ്ടത്തെപ്പോലെ ആസ്വദിച്ചു കളിക്കാനാകുന്നില്ല. എന്റെ മുഖത്തു നിന്നു പതിവു ചിരി മാഞ്ഞിരിക്കുന്നു..’ പത്തൊൻപതാം വയസ്സിൽ കന്നി ഗ്രാൻസ്‌ലാം കിരീടം നേടുന്നതിനു മുൻപായിരുന്നു ടെന്നിസ് മടുത്തു എന്ന രീതിയിലുള്ള ആ വാക്കുകൾ. എന്നാൽ ആരും അതിന്റെ പേരിൽ അൽകാരാസിനെ പരിഹസിക്കുകയോ കുറ്റം പറയുകയോ ചെയ്തില്ല. കാരണം അതിനു തൊട്ടു മുൻപ് മഡ്രിഡ് ഓപ്പണിൽ റാഫേൽ നദാലിനെയും നൊവാക് ജോക്കോവിച്ചിനെയും അലക്സാണ്ടർ സ്വരേവിനെയുമെല്ലാം തോൽപിച്ചു കിരീടം ചൂടിയപ്പോൾ തന്നെ അൽകാരാസ് ഇതു കൊണ്ടൊന്നും നിർത്താൻ പോകുന്നില്ല എന്ന് എല്ലാവർക്കും ബോധ്യമായിരുന്നു. ഒരു മാസത്തിനു ശേഷം യുഎസ് ഓപ്പണിനെത്തിയപ്പോൾ ആരാധകർ വീണ്ടും അൽകാരാസിനെ നെഞ്ചിലേറ്റി. ആ കൗമാരക്കാരന്റെ മുഖത്തു വീണ്ടും ചിരി വിരിഞ്ഞു.
സ്പെയിനിൽ നിന്നായതു കൊണ്ടു തന്നെ ഇതിഹാസ താരം റാഫേൽ നദാലിന്റെ പിൻഗാമിയായിട്ടാണ് അൽകാരാസ് വാഴ്ത്തപ്പെടുന്നത്. നദാലിനെപ്പോലെ അഗ്രസീവ് ആയ ബേസ്‌ലൈൻ ഗെയിമും മത്സരം നീളുന്തോറും വർധിക്കുന്ന വീര്യവും അൽകാരാസിനുമുണ്ട്.
വിജയത്തിനു പിന്നാലെ അൽകാരാസിന് അഭിനന്ദനവുമായി എത്തിയ ഒരാൾ നദാൽ തന്നെയാണ്: ‘ആദ്യ ഗ്രാൻസ്‌ലാം ട്രോഫിക്കും ഒന്നാം റാങ്കിനും അഭിനന്ദനങ്ങൾ. ഇതൊരു തുടക്കം മാത്രമാണ് എന്നെനിക്കുറപ്പാണ്’. അൽകാരാസ് വിനയത്തോടെ അതിനോടു പ്രതികരിച്ചതിങ്ങനെ: ‘അദ്ദേഹം 22 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിക്കഴിഞ്ഞു. ഞാൻ ഒന്നും. പക്ഷേ ഗ്രാൻസ്‌ലാം വിജയികളുടെ ആ നിരയിലേക്കു ചേർന്നു നിന്നതിൽ അഭിമാനമുണ്ട്..’’.
English Summary: Carlos Alcaraz Wins US Open, Becomes Youngest World Number One