ADVERTISEMENT

ബേൺ ∙ ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. വിരമിക്കൽ ഫെഡറർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർകപ്പാകും ഫെഡററിന്റെ അവസാന മത്സരം. നാൽപ്പത്തൊന്നുകാരനായ സ്വിസ് ഇതിഹാസം 20 ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതുൾപ്പെടെ കരിയറിൽ നേടിയത് ആകെ 103 കിരീടം.

മൂന്നു വർഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ കാരണമെന്ന് ഫെഡറർ വ്യക്തമാക്കി. തിരിച്ചുവരവിന് ആത്മാർഥമായി ശ്രമിച്ചുവെന്നും ഫെഡറർ കുറിച്ചു. 23 ഗ്രാൻസ്‍ലാം കിരീടം നേടിയ വനിതാ സൂപ്പർതാരം സെറീന വില്യംസിനു പിന്നാലെ ഫെഡററും റാക്കറ്റ് താഴെ വയ്ക്കുമ്പോൾ, ടെന്നിസിൽ ഒരു യുഗത്തിനു കൂടിയാണ് അന്ത്യമാകുന്നത്.

‘‘എനിക്ക് 41 വയസ്സായി. 24 വർഷത്തിനിടെ കളിച്ചത് 1500ൽ അധികം മത്സരങ്ങൾ. ഞാൻ സ്വപ്നം കണ്ടതിലും എത്രയോ അധികമാണ് ടെന്നിസ് എനിക്കു മടക്കിനൽകിയത്. സജീവ ടെന്നിസിൽനിന്ന് വിരമിക്കാനുള്ള സമയമായെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.’’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഫെഡറർ പറഞ്ഞു.

‘‘ലണ്ടനിൽ അടുത്തയാഴ്ച നടക്കുന്ന ലേവർ കപ്പാകും എന്റെ കരിയറിലെ അവസാന എടിപി ടൂർണമെന്റ്. ഭാവിയിൽ ഞാൻ കൂടുതൽ ടെന്നിസ് മത്സരങ്ങൾ കളിക്കുമെന്ന് തീർച്ച. പക്ഷേ, ഗ്രാൻസ്‍ലാം, ടൂർ വേദികളിൽ ഇനി ഞാനുണ്ടാകില്ല’ – ഫെഡറർ വ്യക്തമാക്കി.

federer

∙ സ്വർണത്തലമുടിയുള്ള ടെന്നിസ് ഗന്ധർവൻ

പാറിക്കളിക്കുന്ന സ്വർണത്തലമുടിയും അതിനു മുകളിൽ തൂവെള്ള ബാൻഡും കെട്ടി 21–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആൽപ്സ് പർവതനിരകളുടെ നാട്ടിൽനിന്നും ടെന്നിസ് ലോകത്ത് അവതരിച്ച ഫെഡറർ, ചരിത്രം തിരുത്തിയെഴുതിയാണ് ടെന്നിസ് കരിയറിന് വിരാമമിടുന്നത്. 1997 സെപ്റ്റംബറിൽ 16–ാം വയസ്സിലാണ് പ്രഫഷനൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇക്കാലത്തിനിടെ റോഡ് ലേവർ മുതൽ പീറ്റ് സാംപ്രസ് വരെയുള്ള ഇതിഹാസങ്ങൾ മുന്നോട്ടുവച്ച അളവുകോലുകൾ മറികടന്ന ഫെഡറർ, ക്ലാസിക് ടെന്നിസിന്റെ സൗന്ദര്യവും പവർ ടെന്നിസിന്റെ ചടുലതയും സംയോജിപ്പിച്ചാണ് ആരാധകഹൃദയങ്ങൾ കീഴടക്കിയത്.

പിന്നാലെ വന്ന നദാലും ജോക്കോവിച്ചും നേട്ടങ്ങളുടെ കണക്കിലും പിന്നിലാക്കിയെങ്കിലും, ഫെഡറർ ടെന്നിസ് കോർട്ടുകളിൽ സൃഷ്ടിച്ച അലയൊലികൾ ഇന്നും ഒരുകാതം മുന്നിലാണ്. പരുക്കിനോടു ‘തോറ്റ്’ നാൽപ്പത്തൊന്നാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും, ആ റാക്കറ്റിൽനിന്നു പിറക്കുന്ന ഒറ്റക്കയ്യൻ ബാക്ഹാൻഡുകൾക്കും സ്‌ലൈസിങ് ഷോട്ടുകൾക്കും മുന്നിൽ ലോകത്തെ ഏതു താരവും വിറയ്ക്കും.

റോജർ ഫെഡറർ മത്സരത്തിനിടെ.
റോജർ ഫെഡറർ മത്സരത്തിനിടെ.

വിമ്പിൾഡൻ ടെന്നിസിന്റെ പുണ്യഭൂമിയാണെങ്കിൽ അവിടത്തെ മാലാഖയാണു ഫെഡറർ. 1998ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായാണ് ഫെഡററുടെ രംഗപ്രവേശം. 2001ൽ വിമ്പിൾഡൻ പ്രീക്വാർട്ടറിൽ പീറ്റ് സാംപ്രസിനെ വീഴ്ത്തിയാണു പത്തൊൻപതുകാരൻ ഫെഡറർ ലോക ടെന്നിസിലേക്കുള്ള പ്രവേശനകാഹളം മുഴക്കിയത്. 2003ൽ ആദ്യ ഗ്രാൻസ്‍ലാം കിരീടവും വിമ്പിൾഡനിലൂടെ ഫെഡററുടെ കയ്യിലെത്തി. തുടർന്നു 2010 വരെ എതിരാളികളെ നിഷ്പ്രഭരാക്കി ലോകമെമ്പാടുമുള്ള ടെന്നിസ് കോർട്ടുകളിൽ ഫെഡറർ അശ്വമേധം നടത്തി. പിന്നീടു നദാലിന്റെയും ജോക്കോവിച്ചിന്റെയും കരിയറിന്റെ പാരമ്യത്തിലും ഫെഡറർ ഒട്ടും പിന്നാക്കം പോയില്ല.

∙ റെക്കോർഡുകളുടെ തോഴൻ

റോജർ ഫെഡറർ
റോജർ ഫെഡറർ

310 ആഴ്ച ടെന്നിസ് റാങ്കിങ്ങിന്റെ തലപ്പത്തിരുന്നതിന്റെ തലപ്പൊക്കത്തോടു കൂടിയാണ് ഫെഡറർ കളമൊഴിയുന്നത്. അതിൽ 237 ആഴ്ച തുടർച്ചയായി ഒന്നാം സ്ഥാനത്തിരുന്നത് റെക്കോർഡാണ്. അഞ്ച് തവണ ഒന്നാം റാങ്കുമായി പുതുവർഷത്തിലേക്കു കടക്കാൻ ഫെഡററിനായി. ആകെ നേടിയ 20 ഗ്രാൻസ്‌ലാം കിരീടത്തിൽ എട്ടെണ്ണം വിംബിൾഡൻ വേദിയിൽ നിന്നാണ്. ഇതും റെക്കോർഡാണ്. കരിയറിലാകെ 223 ഡബിൾസ് മത്സരവും കളിച്ചു.

36 വയസ്സും 195 ദിവസവും പിന്നിട്ടപ്പോൾ പുരുഷ ടെന്നിസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനായും ഫെഡറർ റെക്കോർഡിട്ടിരുന്നു. 2003ൽ 33–ാം വയസ്സിൽ ഒന്നാം സ്ഥാനത്തെത്തിയ ആന്ദ്രേ ആഗസിയുടെ റെക്കോർഡാണു മറികടന്നത്. 2012 നവംബറിലാണു ഫെഡറർ അതിനു മുൻപ് ലോക ഒന്നാം റാങ്കിലെത്തിയത്. അഞ്ചു വർഷങ്ങൾക്കും 106 ദിവസങ്ങൾക്കും ശേഷം വീണ്ടും ഒന്നാം റാങ്കിലെത്തിയതും റെക്കോർഡായി. 2004ൽ ആദ്യമായി ഒന്നാം റാങ്കിലെത്തി, 14 വർഷങ്ങൾക്കിപ്പുറം വീണ്ടും അതേ സ്ഥാനത്തെത്തിയതു മറ്റൊരു റെക്കോർഡ്. ചിരകാല എതിരാളിയായ റാഫേൽ നദാലിന്റെ റെക്കോർഡാണു മറികടന്നത്.

Britain Tennis Wimbledon
ഫെഡറർ ഭാര്യ മിറോസ്ലാവ മിർക വാവ്‌റിൻകോവയ്ക്കൊപ്പം.

∙ ഒടുവിൽ പരുക്കിനോടു ‘തോറ്റു’

പരുക്കിനോടുള്ള പോരാട്ടം കൂടിയായിരുന്നു റോജർ ഫെ‍ഡററുടെ 2 പതിറ്റാണ്ടിലേറെ നീണ്ട ടെന്നിസ് ജീവിതം. കാൽപാദത്തിലെ പരുക്ക്, പുറംവേദന, കാൽമുട്ടുകളിലെ പരുക്ക് എന്നിവയെല്ലാം കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ ഫെഡറർക്കുനേരെ എയ്സുകൾ ഉതിർത്തു. പരുക്കിനെത്തുടർന്നു പല സമയങ്ങളിലായി 2 വർഷക്കാലം സജീവ ടെന്നിസിൽനിന്നു സ്വിസ് ഇതിഹാസം ഇടവേളയെടുത്തു. ഫെഡററുടെ കരിയറിലെ പരുക്കിന്റെ കളികൾ‌ ഇങ്ങനെ:

∙ പുറംവേദന

റോജർ ഫെഡറർ
റോജർ ഫെഡറർ

കരിയറിലുടനീളം പുറംവേദന വില്ലൻ വേഷത്തിലെത്തി. 2008ലെ പാരിസ് മാസ്റ്റേഴ്സിലാണു തുടക്കം. 2013, 2016 സീസണുകളിലും പുറംവേദന പ്രകടനങ്ങളെ കാര്യമായി ബാധിച്ചു. 2020ൽ യുഎസ് ഓപ്പണിൽ ക്വാർട്ടർ‌ ഫൈനലിൽ തോറ്റ ഫെഡറർ, മത്സരത്തിനിടെ പുറംവേദന അലട്ടിയതായി വ്യക്തമാക്കിയിരുന്നു.

∙ ഇടതു കാൽമുട്ട്

2016ലെ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ പുറത്തായശേഷം വീട്ടിൽവച്ച് ഇടതു കാൽമുട്ടിനു സാരമായ പരുക്കേറ്റു. ശസ്ത്രക്രിയയ്ക്കു വിധേയനായി. 3 മാസം വിട്ടുനിന്നു. 2016ലെ വിമ്പിൾഡനിൽ കാൽമുട്ടിലെ പരുക്ക് വീണ്ടും അലട്ടി. 6 മാസത്തോളം കളത്തിൽനിന്നു വിട്ടുനിന്നു.

∙ കാൽപാദം

2007ലെ ഇന്ത്യൻ വെൽസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരത്തിനിടെ ഇടതു കാൽപാദത്തിനു പരുക്കേറ്റു. കരിയറിൽ പരുക്ക് ആദ്യമായി വില്ലനായത് ഇവിടെവച്ച്.

∙ ഇടുപ്പ്

ഇടുപ്പിലെ വേദന അതിജീവിച്ചാണു 2011ൽ ഫെഡറർ‌ മത്സരിച്ചത്. കോർട്ടിൽ നിന്ന് ഇടവേളയെടുത്തില്ലെങ്കിലും 9 വർഷത്തിനിടെ ആദ്യമായി ഒരു ഗ്രാൻസ്‌ലാം പോലും നേടാനാകാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്നു.

∙ വലതുകാൽ

വലതുകാലിനു പരുക്കേറ്റത് 2019ൽ. പരുക്കിനെത്തുടർന്നു റോം മാസ്റ്റേഴ്സിൽ ക്വാർട്ടറിൽനിന്നു പിൻവാങ്ങി.

∙ വലതു കാൽമുട്ട്

2020 ഫെബ്രുവരിയിലും ജൂലൈയിലും ഫെഡറർ വലതു കാൽമുട്ടിനു ശസ്ത്രക്രിയ നടത്തി. ഒരു വർഷത്തോളം സജീവ ടെന്നിസിൽനിന്ന് ഇടവേള. 2021ലാണ് തിരിച്ചെത്തിയത്. തുടർന്ന് വീണ്ടും അതേ കാൽമുട്ടിൽ 3–ാം തവണയും ശസ്ത്രക്രിയ.

English Summary: Roger Federer to retire from professional tennis after Laver Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com