ADVERTISEMENT

ലണ്ടൻ ∙ സർഗ സമ്പന്നമായ കായിക പ്രതിഭയോടെ ടെന്നിസ് കോർ‌ട്ടിനെ സ്വർഗ തുല്യമായ കാഴ്ചയാക്കി മാറ്റിയ ഇതിഹാസം മടങ്ങുന്നു. തിരിച്ചുവരവിനു കാതോർത്തിരുന്ന ടെന്നിസ് പ്രേമികളെ കണ്ണീരിലാഴ്ത്തി സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ട കുറിപ്പിൽ നാൽ‌പ്പത്തിയൊന്നുകാരനായ ഫെഡറർ അറിയിച്ചു. നിരന്തരമായ പരുക്കുകൾ കാരണമാണ് വിരമിക്കലെങ്കിലും അതീവ സംതൃപ്തിയോടെയാണ് താൻ കോർട്ട് വിടുന്നതെന്നും 845 വാക്കുകളുള്ള കുറിപ്പിൽ ഫെഡറർ പറ‍ഞ്ഞു. കഴി‍ഞ്ഞ വർഷം വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിലാണ് ഫെഡറർ അവസാനമായി കളിച്ചത്. 

കഴിഞ്ഞ രണ്ടു വർഷത്തിനിടെ കാൽമുട്ടിന് മൂന്നു ശസ്ത്രക്രിയകൾക്കാണ് ഫെഡറർ വിധേയനായത്. ടെന്നിസ് കളി തുടരുമെങ്കിലും ഗ്രാൻ‌സ്‌ലാം ചാംപ്യൻഷിപ്പുകളിലോ എടിപി മത്സരങ്ങളിലോ ഇനി പങ്കെടുക്കില്ലെന്ന് ഫെഡറർ അറിയിച്ചു. ടീം യൂറോപ്പും ടീം വേ‍ൾഡും പരസ്പരം കളിക്കുന്ന ടൂർണമെന്റാണ് ഫെഡറർ അവസാനമായി കളിക്കുന്ന ലേവർ കപ്പ്. സിംഗിൾസ് മത്സരങ്ങളിലെ ചിരകാല എതിരാളികളായ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ചും എന്നിവർ ടീം യൂറോപ്പി‍ൽ ഫെഡറർക്കൊപ്പമുണ്ട്. 23നാണ് ടൂർണമെന്റിനു തുടക്കം. 

പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെടുന്ന ഫെഡറർ 20 ഗ്രാൻസ്‌ലാം സിംഗിൾസ് ട്രോഫികൾ ഉൾപ്പെടെ നൂറിലേറെ കിരീടങ്ങൾ നേടിയിട്ടുണ്ട്. 1998ൽ വിമ്പിൾഡൻ ജൂനിയർ കിരീടം നേടിയാണ് ഫെഡറർ വരവറിയിച്ചത്. പിന്നീട് അവിടെ നിന്നു മാത്രം നേടിയത് 8 കിരീടങ്ങൾ. 5 യുഎസ് ഓപ്പൺ, 6 ഓസ്ട്രേലിയൻ ഓപ്പൺ, ഒരു ഫ്ര‍ഞ്ച് ഓപ്പൺ എന്നിവയും ഫെഡറർ നേടി. പുരുഷ ടെന്നിസിലെ ഗ്രാൻസ്‌ലാം കിരീടങ്ങളുടെ എണ്ണത്തിൽ നൊവാക് ജോക്കോവിച്ച് (21), റാഫേൽ നദാൽ (22) എന്നിവർ മാത്രമാണ് ഫെഡറർക്കു മുന്നിലുളളത്. തുടരെ 237 ആഴ്ച ലോക റാങ്കിങ്ങിൽ ഒന്നാമനായി തുടർന്ന റെക്കോർഡും ഫെഡറർക്കുണ്ട്. 2008 ബെയ്ജിങ് ഒളിംപിക്സിൽ സ്റ്റാൻ വാവ്‌റിങ്കയ്ക്കൊപ്പം സ്വിറ്റ്സർലൻഡിനു വേണ്ടി ഡബിൾസ് സ്വർണവും 2012 ലണ്ടൻ ഒളിംപിക്സിൽ പുരുഷ സിംഗിൾസിൽ വെള്ളിയും നേടി. ഫെഡറർ ഉൾപ്പെട്ട സ്വിസ് ടീം 2014ൽ ഡേവിസ് കപ്പ് ജേതാക്കളായി. ഒളിപിക്സ് ക്യാംപിനിടെ പരിചയപ്പെട്ട ടെന്നിസ് താരം മിർകയാണ് പിന്നീട് ഫെഡററുടെ ജീവിത പങ്കാളിയായത്. 

roger

1981 ഓഗസ്റ്റ് 8ന് സ്വിറ്റ്സർലൻഡിലെ ബാസലിൽ ജനിച്ച ഫെഡറർ കോർട്ടിലെ നൃത്തതുല്യമായ ചലനങ്ങളിലൂടെ  ആരാധകർക്ക് ഒട്ടേറെ ആനന്ദനിമിഷങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്. രണ്ടു പതിറ്റാണ്ടിലേറെ കോർട്ടിൽ വിരാജിച്ച്, ഇതിഹാസമായി കളമൊഴിയുമ്പോൾ ടെന്നിസ് ലോകം ഫെഡററിനോടു മന്ത്രിക്കുന്നത് ടെന്നിസിലെ ‘ലവ് ഓൾ’ എന്ന പ്രയോഗത്തിന്റെ മറ്റൊരു രൂപമാകും: ഓൾ ലവ്, റോജർ!

പുരുഷ ടെന്നിസിൽ 20 ഗ്രാൻസ്‍ലാം ട്രോഫികൾ നേടിയ ആദ്യ താരം.

31 ഗ്രാൻസ്‌ലാം ഫൈനലുകളിൽ മത്സരിച്ചു. 

പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ സ്ഥാനത്ത് 310 ആഴ്ചകൾ 

കരിയറിൽ 103 സിംഗിൾസ് ട്രോഫികൾ. 

ഈ നേട്ടത്തിൽ‌ ജിമ്മി കോണേഴ്സിനു പിന്നിൽ രണ്ടാമത്. 

പുൽകോർട്ടിലെ രാജകുമാരൻ

റോജർ ഫെഡററുടെ 20 ഗ്രാൻസ്‌ലാം കിരീടനേട്ടങ്ങളിൽ എട്ടും വിമ്പിൾഡനിലെ പുൽകോർട്ടിൽ നിന്നു നേടിയതാണ്. 

ഗ്രാൻസ്‌ലാം നേട്ടങ്ങൾ: 

വിമ്പിൾഡൻ: 2003, 2004, 2005, 2006, 2007, 2009, 2012, 2017

ഓസ്ട്രേലിയൻ ഓപ്പൺ: 2004, 2006, 2007, 2010, 2017, 2018

യുഎസ് ഓപ്പൺ: 2004, 2005, 2006, 2007, 2008

ഫ്രഞ്ച് ഓപ്പൺ: 2009

റോജർ നമ്പർ 1 

ലോക ടെന്നിസിൽ ഫെഡററുടെ  ഇതുവരെ ഇളക്കം  തട്ടാത്ത  റെക്കോർഡുകൾ

∙ ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർച്ചയായി കൂടുതൽ സമയം (237 ആഴ്ചകൾ)

∙ ലോക റാങ്കിങ്ങിൽ‌ ഒന്നാം സ്ഥാനത്തെത്തിയ പ്രായംകൂടിയ താരം (36 വയസ്സും 320 ദിവസവും)

∙ ഗ്രാൻസ്‌ലാം മത്സരങ്ങളിൽ കൂടുതൽ ജയം ( 369)

∙ വിമ്പിൾഡനിൽ കൂടുതൽ കിരീടങ്ങൾ നേടിയ പുരുഷ സിംഗിൾസ് താരം (8)

∙ വിമ്പിൾഡൻ കിരീടം നേടുന്ന പ്രായംകൂടിയ താരം (2017, 35 വർഷവും 342 ദിവസവും)

∙ 2 ഗ്രാൻസ്‌ലാമുകളിൽ തുടർച്ചയായി 5 തവണ കിരീടം നേടിയ ഏക താരം (യുഎസ് ഓപ്പണിലും വിമ്പിൾഡനിലും)

∙ ക്ലേ, ഹാർഡ്, പുൽകോർട്ടുകളിൽ 10 എടിപി ട്രോഫികൾ വീതം നേടിയ ഏക പുരുഷ താരം)

English Summary: Roger Federer retires from competitive tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com