ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറികൾ തുടരുന്നു, മെദ്‌വദേവ് പുറത്ത് !
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷവിഭാഗത്തിൽ അട്ടിമറികൾ തുടരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും ലോക 8–ാം റാങ്കുമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവ് മൂന്നാം റൗണ്ടിൽ യുഎസ് താരം സെബാസ്റ്റ്യൻ കോർഡയോട് നേരിട്ടുള്ള സെറ്റുകൾക്കു തോറ്റ് പുറത്തായി. 7–6, 6–3, 7–6 നാണ് 31–ാം റാങ്കുകാരനായ കോർഡ മെദ്‌വദേവിനെ അട്ടിമറിച്ചത്. ഓസ്ട്രേലിയൻ ഓപ്പൺ 5 ദിവസം പിന്നിടുമ്പോൾ പുരുഷവിഭാഗത്തിൽ ആദ്യ 7 സീഡുകളിൽ 3 പേരും പുറത്തായി.
3–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, 6–ാം സീഡ് കാനഡയുടെ ഫെലിക്സ് അലിയാസീൻ എന്നിവർ നാലാം റൗണ്ടിലെത്തി. ഫ്രാൻസിന്റെ ടാലൻ ഗ്രേക്സ്പുറിനെ 6–2, 7–6, 6–3ന് സിറ്റ്സിപാസ് തോൽപിച്ചു. അർജന്റീനയുടെ ഫ്രാൻസിസ്കോ സെറുൻദോലോയെ 6–1, 3–6, 6–1, 6–4 എന്ന സ്കോറിനാണ് ഫെലിക്സ് തോൽപിച്ചത്.
വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്യാംതെക്ക് നാലാം റൗണ്ടിലെത്തി.
സ്പെയിനിന്റെ ക്രിസ്റ്റീന ബുക്സയെ 6–0, 6–1ന് തകർത്താണ് ഇഗയുടെ മുന്നേറ്റം. മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരെങ്ക, യുഎസ് താരം കൊക്കോ ഗോഫ്, മൂന്നാം സീഡ‍് ജെസിക്ക പെഗൂല എന്നിവരും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
English Summary: Australian Open, Medvedev out