മെൽബൺ ∙ 2009ൽ 23-ാം വയസ്സിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസ് കിരീടം ചൂടിയാണ് സാനിയ മിർസ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ കൂടുകൂട്ടിയത്. 13 വർഷങ്ങൾക്കു ശേഷം ഇതാ മറ്റൊരു ഗ്രാൻസ്‌ലാം കിരീടത്തിന്റെ അടുത്തെത്തി സാനിയ ഒരിക്കൽകൂടി ആരാധകരുടെ മനസ്സിൽ ചിറകനക്കം തീർക്കുന്നു. അടുത്ത മാസം ദുബായ് ഓപ്പണോടെ വിരമിക്കുമെന്നു പ്രഖ്യാപിച്ച സാനിയയോട് ഇന്ത്യയൊന്നാകെ പറയുന്നു: ഓ, സാനിയ; ഒരു വട്ടം കൂടി..!
14–ാം വയസ്സിൽ പ്രഫഷനൽ ടെന്നിസിൽ തന്റെ ആദ്യ പങ്കാളിയായിരുന്ന രോഹൻ ബൊപ്പണ്ണയെ കൂട്ടുപിടിച്ചാണ് അവസാന ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിലും സാനിയയുടെ സ്വപ്നയാത്ര.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ ബ്രിട്ടിഷ്–യുഎസ് സഖ്യമായ നീൽ സ്കുപ്സികിയെയും ദെസിറെയ് ക്രോഷിക്കിനെയും ഇരുവരും മറികടന്നത് ഒരു മണിക്കൂർ 52 മണിക്കൂർ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ. ടൈബ്രേക്കറിലേക്കു നീണ്ട ആദ്യ സെറ്റ് 7–6ന് ഇന്ത്യൻ സഖ്യം നേടിയപ്പോൾ രണ്ടാം സെറ്റ് അതേ സ്കോറിന് സ്വന്തമാക്കി എതിരാളികൾ തിരിച്ചടിച്ചു. ഇതോടെ മത്സരം സൂപ്പർ ടൈബ്രേക്കറിലേക്കു നീണ്ടു.
നിർണായകമായ സൂപ്പർ ടൈബ്രേക്കറിൽ 6–2 എന്ന നിലയിൽ ലീഡ് നേടിയ സാനിയയ്ക്കു ബൊപ്പണ്ണയ്ക്കും പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സ്കോർ: 7–6, 6–7, 10–6.
ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങുന്ന ഫൈനലിൽ സാനിയയും ബൊപ്പണ്ണയും ബ്രസീലിയൻ സഖ്യമായ ലൂയിസ സ്റ്റെഫാനി–റാഫേൽ മാറ്റോസ് എന്നിവരെ നേരിടും.
ഗ്രാൻസ്‌ലാം ടെന്നിസിൽ 7–ാം കിരീടമാണ് സാനിയ ലക്ഷ്യമിടുന്നത്. രോഹൻ 2–ാം കിരീടവും. 2017 ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ കനേഡിയൻ താരം ഗബ്രിയേല ദബ്രോവ്സ്കിക്കൊപ്പമാണ് രോഹൻ കിരീടം നേടിയത്. സാനിയയുടെ മുൻ കിരീടനേട്ടങ്ങൾ ഇങ്ങനെ:
∙ 2009: ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം
∙ 2012: ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം
∙ 2014: യുഎസ് ഓപ്പൺ, ബ്രൂണോ സോറസിനൊപ്പം
∙ 2015: വിമ്പിൾഡൻ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
∙ 2015: യുഎസ് ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
∙ 2016: ഓസ്ട്രേലിയൻ ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
English Summary : Sania Mirza Rohan Bopanna mixed doubles team enters Australian open finals