ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ടെന്നിസ് പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നതിനു പിന്നാലെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് റെക്കോർഡും. 5–ാം റാങ്കിൽ നിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിച്ചുയർന്ന ജോക്കോ കഴിഞ്ഞ 50 വർഷത്തിനിടെ ഒരു പുരുഷ താരത്തിന്റെ ഏറ്റവും വലിയ ‘റാങ്കിങ് കുതിപ്പാണ്’ നടത്തിയത്.

ഇതിനു മുൻപ് ആരും 4 സ്ഥാനങ്ങൾ ഒറ്റയടിക്കു മെച്ചപ്പെടുത്തി ഒന്നാം റാങ്കിലെത്തിയിട്ടില്ല. സ്പാനിഷ് താരം കാർലോസ് അൽകാരാസിനെയാണ് ജോക്കോ രണ്ടാം റാങ്കിലേക്കു പിന്തള്ളിയത്. പരുക്കുമൂലം അൽകാരാസ് ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിച്ചിരുന്നില്ല. ഫൈനലിൽ ജോക്കോവിച്ചിനോടു പരാജയപ്പെട്ട ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. നോർവേ തരം കാസ്പർ റൂഡ്, റഷ്യൻ താരം ആന്ദ്രെ റുബ്‌‌ലേവ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്പാനിഷ് താരം റാഫേൽ നദാൽ രണ്ടാം റാങ്കിൽ നിന്ന് ആറിലേക്കു വീണു.

വനിതകളിൽ പോളണ്ട് താരം ഇഗ സ്യാംതെക് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ ബെലാറൂസിന്റെ അരീന സബലേങ്ക മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 2–ാം റാങ്കിലെത്തി. തുനീസിയ താരം ഒൻസ് ജാബർ, യുഎസ് താരം ജെസിക്ക പെഗുല, ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യ എന്നിവരാണ് യഥാക്രമം മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

∙ ഓസ്ട്രേലിയൻ ഓപ്പണിൽ റെക്കോർഡിട്ട് കാണികൾ

കോവിഡിന്റെ പൂട്ടുപൊട്ടിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വേദിയിലേക്കു കാണികൾ ഒഴുകിയപ്പോൾ പിറന്നത് ഗ്രാൻസ്‌ലാം ചരിത്രത്തിലെ റെക്കോർഡുകളിലൊന്ന്. ഏറ്റവുമധികം കാണികൾ നേരിൽക്കണ്ട ഗ്രാൻസ്‌ലാം ടൂർണമെന്റായി ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ. ആകെ കാണികളുടെ എണ്ണം 9,02,312.

ജനുവരി 16 മുതൽ 29 വരെ മെൽബൺ പാർക്കിൽ നടന്ന ചാംപ്യൻഷിപ്പിനെത്തിയത് 8,39,192 പേർ. 2020ലെ ചാംപ്യൻഷിപ്പിൽ 8,12,174 പേർ എത്തിയതായിരുന്നു മുൻപത്തെ റെക്കോർഡ്. യോഗ്യതാ മത്സരങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെയെത്തിയ കാണികൾ 9,02,312. കാണികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ വിമ്പിൾഡനും (5,15,164) ഫ്രഞ്ച് ഓപ്പണും (6,13,500) യുഎസ് ഓപ്പണുമെല്ലാം (7,76,120) വളരെ പിന്നിലാണ്.

English Summary : Record for novak djokovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com