ദുബായ് ∙ കരിയറിലും ജീവിതത്തിലും എല്ലാവരും വ്യത്യസ്തരാണെന്നും അതു പോലെ മാത്രമേ താനും വ്യത്യസ്തയാകുന്നുള്ളുവെന്നും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വലിയൊരു മാറ്റത്തിനു തുടക്കമിട്ട താരമായിട്ടോ ഒട്ടേറെ പേർക്ക് പ്രചോദനം നൽകിയ ആളായിട്ടോ താൻ സ്വയം വിലയിരുത്തുന്നില്ലെന്നും സാനിയ പറഞ്ഞു.
വിരമിക്കൽ ടൂർണമെന്റായ ദുബായ് ഓപ്പൺ ചാംപ്യൻഷിപ്പിനു മുൻപ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാനിയ. ‘സ്വന്തം ഇഷ്ടങ്ങളെ പിന്തുടർന്ന ഒരു സാധാരണക്കാരിയാണ് ഞാൻ. ഇന്ത്യൻ സമൂഹം എല്ലാവർക്കും നൽകേണ്ടത് ആ സ്വതന്ത്ര്യമാണെന്ന് ഞാൻ കരുതുന്നു– മുപ്പത്തിയാറുകാരി സാനിയ പറഞ്ഞു.
വനിതാ ഡബിൾസിൽ യുഎസ് താരം മാസിസൺ കീസിനൊപ്പം ഇന്നു രാത്രി 7.15ന് സാനിയ ആദ്യ മത്സരത്തിനിറങ്ങും. ടെന്നിസ് ടിവി വെബ്സൈറ്റിൽ മത്സരം തൽസമയം കാണാം.
English Summary: Sania Mirza interview, Dubai Open Tennis