ദുബായ് ∙ ആരവങ്ങളില്ല, ആർപ്പുവിളികളില്ല, സഹതാരം മാഡിസൺ കീസിനെ ചേർത്തു പിടിച്ചൊരു ആശ്ലേഷം മാത്രം– 2 പതിറ്റാണ്ട് വനിതാ ടെന്നിസിൽ ഇന്ത്യയുടെ മുഖമായി നിന്ന സാനിയ മിർസയുടെ പ്രഫഷനൽ ടെന്നിസിനോടുള്ള വിടചൊല്ലലും ലളിതസുന്ദരം. വിരമിക്കൽ ചാംപ്യൻഷിപ്പായ ദുബായ് ഓപ്പണിൽ യുഎസ് താരം മാഡിസൺ കീസിനൊപ്പം വനിതാ ഡബിൾസിൽ ഇറങ്ങിയ സാനിയ റഷ്യൻ കൂട്ടുകെട്ടായ വെറോണിക്ക കുദെർമെറ്റോവ–ല്യുഡ്മില സാംസനോവ എന്നിവർക്കു മുന്നിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത് (4–6,0–6).

കഴിഞ്ഞ മാസം ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് ഫൈനലോടെ ഗ്രാൻസ്‌ലാം ടെന്നിസിനോടു വിടചൊല്ലിയ മുപ്പത്തിയാറുകാരി സാനിയയ്ക്ക് മെൽബണിൽ ആരാധകർ ആഘോഷപൂർവമായ വിടവാങ്ങൽ നൽകിയിരുന്നു. പ്രഫഷനൽ ടെന്നിസിൽ തന്റെ ആദ്യ പങ്കാളിയായിരുന്ന ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ അന്നു മത്സരിച്ചത്. എന്നാൽ ഔദ്യോഗിക വിരമിക്കലിനായി തന്റെ ‘രണ്ടാം വീടായ’ ദുബായ് ആണ് സാനിയ തിരഞ്ഞെടുത്തത്.

പ്രായം കൊണ്ട് തങ്ങളെക്കാൾ ചെറുപ്പമുള്ള, റാങ്കിങ്ങിൽ തങ്ങളെക്കാൾ വലുപ്പമുള്ള എതിരാളികൾക്കെതിരെ ആദ്യ സെറ്റിൽ പൊരുതിയാണ് സാനിയയും കീസും കീഴടങ്ങിയത്. മുപ്പത്തിയാറുകാരി സാനിയയെക്കാൾ 10 വയസ്സിലേറെ ഇളയവരായിരുന്നു ഇരുപത്തിയഞ്ചുകാരി വെറോണിക്കയും ഇരുപത്തിനാലുകാരി ല്യുഡ്മിലയും. ആദ്യ സെറ്റിൽ 4–4 എന്ന നിലയിൽ ഒപ്പമെത്തിയ ശേഷമാണ് സാനിയ–കീസ് സഖ്യം പിന്നിലായത്. രണ്ടാം സെറ്റിൽ ആദ്യ ഗെയിമിൽ തന്നെ സാനിയ–കീസ് സഖ്യത്തെ ബ്രേക്ക് ചെയ്ത റഷ്യൻ താരങ്ങൾ ഒരു മണിക്കൂറിൽ വിജയം സ്വന്തമാക്കി.

2003ൽ പ്രഫഷനൽ ടെന്നിസിൽ അരങ്ങേറിയ സാനിയ വനിതാ ടെന്നിസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാണ്. 2009ൽ 23-ാം വയസ്സിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസ് കിരീടം ചൂടിയാണ് സാനിയ മിർസ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ചേക്കേറിയത്. ഗ്രാൻസ്‌ലാം ടെന്നിസിൽ 3 വീതം മിക്സ്ഡ് ഡബിൾസ്, വനിതാ ഡബിൾസ് കിരീടങ്ങളാണ് സാനിയ നേടിയത്. 2010ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചു. 2018ൽ കുഞ്ഞു പിറന്നതിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിന്ന സാനിയ 2020ലാണ് തിരിച്ചു വന്നത്. തുടർന്നായിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ ഉൾപ്പെടെയുളള നേട്ടങ്ങൾ.

നാഴികക്കല്ലുകൾ
∙ഏഷ്യൻ ജൂനിയർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി (2002). ജൂനിയർ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി (2003)

∙ഏതെങ്കിലും പ്രായവിഭാഗത്തിൽ ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരി. 2003ൽ വിമ്പിൾഡൻ (ജൂനിയർ വിഭാഗം) പെൺകുട്ടികളുടെ ഡബിൾസിൽ റഷ്യയുടെ അലിസ ക്ലിയ്ക്കൊപ്പം കിരീടം.

∙ഡബ്ല്യുടിഎ ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി. 2004 ഹൈദരാബാദ് ഓപ്പണിലെ വനിതാ ഡബിൾസിൽ ദക്ഷിണാഫ്രിക്കക്കാരി ലീസൽ ഹ്യൂബറിനോടൊപ്പം.
∙ഡബ്ല്യുടിഎ ടൂർ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി (2005 ഹൈദരാബാദ് ഓപ്പൺ). ഇതോടെ പ്രഫഷനൽ ടൂർ ടൂർണമെന്റ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരവുമായി.

∙ഗ്രാൻസ്‍ലാം ടെന്നിസ് ചരിത്രത്തിൽ ഫൈനലിൽ കടന്ന ആദ്യ ഇന്ത്യക്കാരി. 2008 ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനലിലെത്തി.
∙ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം.

∙ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്ത്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത (2015)

പ്രധാന നേട്ടങ്ങൾ
ഗ്രാൻസ്‌ലാം കിരീടങ്ങൾ
മിക്സ്ഡ് ഡബിൾസ്: 3 (ഓസ്ട്രേലിയൻ ഓപ്പൺ–2009, ഫ്രഞ്ച് ഓപ്പൺ–2012, യുഎസ് ഓപ്പൺ–2014)
വനിതാ ഡബിൾസ്: 3 (വിമ്പിൾഡൻ–2015, യുഎസ് ഓപ്പൺ–2015, ഓസ്ട്രേലിയൻ ഓപ്പൺ–2016)

ഏഷ്യൻ ഗെയിംസ്
2 സ്വർണം (2006, 2014)
3 വെള്ളി (2006, 2006, 2010)
3 വെങ്കലം (2002, 2010, 2014)
കോമൺവെൽത്ത് ഗെയിംസ്
വെള്ളി (2010–സിംഗിൾസ്)
വെങ്കലം (2010–ഡബിൾസ്)
ആഫ്രോ ഏഷ്യൻ ഗെയിംസ്
4 സ്വർണം (2003–ഹൈദരാബാദ്)
മറ്റു നേട്ടങ്ങൾ
ആകെ 43 ഡബ്ല്യുടിഎ ഡബിൾസ് കിരീടങ്ങൾ, ഒരു സിംഗിൾസ് കിരീടം
സിംഗിൾസിൽ ലോക റാങ്കിങ്ങിലെ മികച്ച സ്ഥാനം: 27 (2007 ഓഗസ്റ്റ്)
ഡബിൾസിൽ ലോക റാങ്കിങ്ങിലെ മികച്ച സ്ഥാനം: 1 (2015 ഏപ്രിൽ). ഡബിൾസിൽ 91 ആഴ്ചകൾ ലോക ഒന്നാം റാങ്കിൽ.

പ്രധാന അംഗീകാരങ്ങൾ
2005: ടൈം മാസികയുടെ ഏഷ്യയിലെ 50 ഹീറോകളുടെ പട്ടികയിൽ.
2006: ഡബ്ല്യുടിഎ യുടെ മികച്ച പുതുമുഖ താരം
2016: ടൈം മാസികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ.

പ്രധാന പുരസ്കാരങ്ങൾ
അർജുന പുരസ്കാരം (2004)
പത്മശ്രീ (2006)
ഖേൽരത്ന പുരസ്കാരം (2015)
പത്മഭൂഷൺ (2016)
ക്രിക്കറ്റ് കുടുംബം
ടെന്നിസിനെക്കാൾ ക്രിക്കറ്റ് ബന്ധമുള്ളതായിരുന്നു സാനിയ കുടുംബം. സാനിയയുടെ പിതാവ് ഇമ്രാൻ മിർസ മുംബൈയിലും ഹൈദരാബാദിലും ക്ലബ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. സാനിയയുടെ അടുത്ത ബന്ധുവാണു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഗുലാം അഹമ്മദ്. ഗുലാം അഹമ്മദിന്റെ സഹോദരിയുടെ മകനാണു മുൻ പാക്ക് നായകൻ ആസിഫ് ഇക്‌ബാൽ. സാനിയ വിവാഹം കഴിച്ചത് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ.

English Summary : Sania Mirza says goodbye to professional tennis