ജോക്കോവിച്ചിന് വീണ്ടും വാക്സീൻ വിലക്ക് ! മയാമി ഓപ്പണിൽ മത്സരിക്കാൻ അനുമതിയില്ല
Mail This Article
ന്യൂയോർക്ക് ∙ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും വാക്സീൻ വിലക്ക്. കോവിഡ‍് വാക്സിനേഷൻ സ്വീകരിക്കാത്തതിന്റെ പേരിൽ യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ അടുത്തയാഴ്ച ആരംഭിക്കുന്ന മയാമി ഓപ്പൺ ടെന്നിസ് ടൂർണമെന്റ് ജോക്കോവിച്ചിന് നഷ്ടമാകും. യുഎസിൽ മത്സരാനുമതി ലഭിക്കാത്തതിനാൽ കഴിഞ്ഞയാഴ്ച ആരംഭിച്ച ഇന്ത്യൻ വെൽസ് ടൂർണമെന്റിൽ നിന്നും മുപ്പത്തഞ്ചുകാരൻ ജോക്കോ പിൻമാറിയിരുന്നു.
ഇന്ത്യൻ വെൽസ് ടൂർണമെന്റിൽ നിന്നു സ്വയം പിൻമാറ്റം പ്രഖ്യാപിച്ച താരം മയാമി ഓപ്പണിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുഎസിലെ വാക്സീൻ നിബന്ധനകളിൽ ഇളവ് തേടി സംഘാടകർക്ക് അപേക്ഷ നൽകി. കോവിഡ‍് വാക്സീൻ സ്വീകരിക്കാത്ത വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കുന്ന നിയമത്തിൽ നിന്ന് ജോക്കോവിച്ചിന് ഇളവ് നൽകണമെന്ന് മയാമി ഓപ്പൺ സംഘാടകർ ആവശ്യപ്പെട്ടെങ്കിലും യുഎസ് സർക്കാർ അതു നിരസിക്കുകയായിരുന്നു.
കോവിഡിനെതിരെയുള്ള വാക്സീൻ എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സെർബിയൻ താരത്തിന് പ്രധാന ടൂർണമെന്റുകൾ നഷ്ടമാകുന്നത് ഇതാദ്യമല്ല. 2022 ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിനായി മെൽബണിലെത്തിയ താരത്തെ വാക്സീൻ സ്വീകരിക്കാത്തതിന്റെ പേരിൽ ഓസ്ട്രേലിയൻ സർക്കാർ നാടുകടത്തിയിരുന്നു. ഇതേ കാരണത്താൽ കഴിഞ്ഞവർഷത്തെ യുഎസ് ഓപ്പണിൽ നിന്നും ജോക്കോവിച്ചിന് പിൻമാറേണ്ടിവന്നു.
English Summary : Vaccine ban to Novak Djokovic