ഉംറ നിർവഹിച്ച് സാനിയ; ആത്മീയതയിലേക്കോ എന്ന് ആരാധകർ, ഷുഹൈബിനെക്കുറിച്ചും ചോദ്യം

Mail This Article
ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഉംറ നിർവഹിച്ച വിവരം അറിയിച്ചത്.
മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള കുടുംബ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളിയിൽ നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.
ഏറെ നന്ദിയുണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകൻ ഇഷാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പ്. കൂടാതെ ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാൻ ഇത്തവണ റമദാനിനാകട്ടെ, രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാർഥനകളാണ് ഏറ്റവും മികച്ചതെന്നും എന്നും വ്യത്യസ്ത ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അവർ കുറിച്ചു.
അതേസമയം, സാനിയയുടെ ഉംറ നിർവഹണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും ആരാധകർ പങ്കുവയ്ക്കാൻ തുടങ്ങി. വിരമിക്കലിനുശേഷം സാനിയ മിർസ ആത്മീയ പാതയിലേക്ക് തിരിഞ്ഞോ എന്നാണ് ചിലരുടെ ചോദ്യം. ഭർത്താവ് ഷുഹൈബ് മാലിക് എവിടെയെന്നാണ് മറ്റു ചിലരുടെ സംശയം. എന്നാൽ ഇത്തരം ചോദ്യങ്ങളോടൊന്നും സാനിയ പ്രതികരിച്ചിട്ടില്ല.
English Summary: Sania Mirza's Umrah visit