പാരിസ് ∙ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിന്റെ അഭാവത്തിൽ നിറംമങ്ങിയ ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‌ലാം ടെന്നിസിന് ഇന്നു തുടക്കമാകുമ്പോൾ കളിമൺ കോർട്ടിലെ പുതിയ ലോക ചാംപ്യനെ തേടി ടെന്നിസ് ലോകം. 14 തവണ പാരിസിൽ കിരീടമുയർത്തിയ നദാൽ ഇല്ലാതെ, 18 വർഷത്തിനിടെ നടക്കുന്ന ആദ്യ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റാണിത്.
പുരുഷ സിംഗിൾസിലെ ഗ്രാൻസ്‌ലാം കിരീട നേട്ടങ്ങളുടെ റെക്കോർഡ് (22) നദാലിനൊപ്പം പങ്കിടുന്ന സെർബിയൻ താരം നൊവാക് ജോക്കോവിച്ച് 23–ാം കിരീടം തേടി മത്സരരംഗത്തുണ്ട്. ഗ്രാൻസ്‌ലാം നേട്ടത്തിൽ നദാലിനെ മറികടക്കാൻ ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് പക്ഷേ പരുക്കും ഫോമില്ലായ്മയും വെല്ലുവിളിയാണ്.
ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കാർലോസ് അൽകാരാസാണ് പുരുഷ സിംഗിൾസിലെ ഫേവറിറ്റ്. റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് രണ്ടാം സീഡും ജോക്കോവിച്ച് മൂന്നാം സീഡുമാണ്.
വനിതാ സിംഗിൾസിൽ കിരീടം നിലനിർത്താനെത്തുന്ന പോളണ്ടിന്റെ ഇഗാ സ്യാംതെക്കിന് വെല്ലുവിളിയായി ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് അരീന സബലേങ്ക, വിമ്പിൾഡൻ ചാംപ്യൻ എലേന റിബകീന എന്നിവരുമുണ്ട്. 2007ൽ ജസ്റ്റിൻ ഹെനിനുശേഷം ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താൻ ആർക്കുമായിട്ടില്ല.
English Summary : French Open tennis starts today