മെദ‌്‌വദേവ് പുറത്ത്
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ മൂന്നാം ദിനം വമ്പൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ച് ബ്രസീലിന്റെ ഇരുപത്തിമൂന്നുകാരൻ തിയാഗോ സെയ്ബോത് വൈൽഡ് ആണ് കോർട്ടിൽ കൊടുങ്കാറ്റായത്. സ്കോർ: 7–6,6–7,2–6,6–3,6–4. ലോക റാങ്കിങ്ങിൽ 172–ാം റാങ്കുകാരനായ വൈൽഡ് ഇത്തവണ യോഗ്യതാ റൗണ്ട് കടന്നാണ് ചാംപ്യൻഷിപ്പിനെത്തിയത്.
അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ ജയിച്ചു കയറിയ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയും ഇന്നലെ റൊളാങ് ഗാരോസിലെ താരമായി. ഒരു വർഷത്തിലേറെ ഇടവേളയെടുത്തതിനാൽ ലോക റാങ്കിങ്ങിൽ 192–ാം സ്ഥാനത്തേക്കിറങ്ങിയ യുക്രെയ്ൻ താരം, വനിതാ സിംഗിൾസ് ആദ്യറൗണ്ടിൽ തോൽപിച്ചത് കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ ഇറ്റലിയുടെ മാർട്ടിന ട്രെവിസനെ. സ്കോർ: 6–2,6–2. മുൻ ലോക മൂന്നാം നമ്പർ താരമായ സ്വിറ്റോലിനയ്ക്കും ഭർത്താവും ഫ്രഞ്ച് ടെന്നിസ് താരവുമായ ഗെയ്ൽ മോൺഫിൽസിനും കഴിഞ്ഞ ഒക്ടോബറിലാണ് മകൾ സ്കെയ പിറന്നത്. മോൺഫിൽസും ഇവിടെ മത്സരിക്കുന്നുണ്ട്.
വനിതാ സിംഗിൾസിൽ എലേന റിബകീന, കോക്കോ ഗോഫ്, ഒൻസ് ജാബർ തുടങ്ങിയവരും ഇന്നലെ ജയിച്ച് രണ്ടാം റൗണ്ടിലെത്തി. പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസ്, അലക്സാണ്ടർ സ്വരേവ്, കാസ്പർ റൂഡ്, യാനിക് സിന്നർ എന്നിവരാണ് ഇന്നലെ ജയിച്ച പ്രധാന താരങ്ങൾ.
English Summary: Daniil Medvedev stunned by Thiago Seyboth