പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ കിരീടപ്പോരാട്ടങ്ങളുടെ ആവേശമുയർത്തി, ലോക ഒന്നാം നമ്പർതാരം സ്പെയിനിന്റെ കാർലോസ് അൽകാരസ് സെമിയിൽ. അഞ്ചാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണ് (6–2, 6–1, 7–6) സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പണിലെ തന്റെ ആദ്യ സെമിഫൈനലിന് യോഗ്യത നേടിയത്. ഇതോടെ ആരാധകർ കാത്തിരുന്ന ബ്ലോക്‌ബസ്റ്റർ പോരാട്ടത്തിന് കളമൊരുങ്ങി. മൂന്നാം സീഡ് നൊവാക് ജോക്കോവിച്ചാണ് നാളെ സെമിയിൽ അൽകാരസിന്റെ എതിരാളി.
നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ പോളണ്ടിന്റെ ഇഗ സ്യാംതെക് വനിതാ സിംഗിൾസിന്റെ സെമിയിലെത്തി.
ആറാം സീഡായ യുഎസ് താരം കൊക്കോ ഗോഫിനെയാണ് ഇഗ തോൽപിച്ചത് (6–2, 6–4). തുനീസിയയുടെ ഒൻസ് ജാബറിനെ അട്ടിമറിച്ച് ബ്രസീൽ താരം ബിയാട്രിസ് ഹദാദ് മയയും സെമിയിലെത്തി (3–6, 7–6, 6–1). ആദ്യ സെമിയിൽ ഇന്ന് അരീന സബലേങ്ക കരോലിൻ മുച്ചോവയെ നേരിടും. ഇഗയും ബിയാട്രിസും തമ്മിലാണ് രണ്ടാം സെമി.
English Summary : French open tennis match updates