ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ: ഇഗ സ്യാതെക് ചാംപ്യൻ

Mail This Article
പാരിസ് ∙ കളിമൺ കോർട്ടിലെ രാജകുമാരി താനാണെന്ന് ഇഗ സ്യാംതെക്ക് വീണ്ടും തെളിയിച്ചു, കഴിഞ്ഞ 4 വർഷത്തിനിടയിൽ മൂന്നാം തവണയും പാരിസിൽ കിരീടമുയർത്തിക്കൊണ്ട്. വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവയെ തോൽപിച്ച് (6-2, 5-7, 6-4) പോളണ്ടിന്റെ ഇഗ സ്യാംതെക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ട്രോഫി നിലനിർത്തി.
ഇരുപത്തിരണ്ടുകാരിയായ ഇഗയുടെ കരിയറിലെ നാലാം ഗ്രാൻസ്‌ലാം നേട്ടമാണിത്. അതിൽ മൂന്നും ഫ്രഞ്ച് ഓപ്പണിലാണ്. കഴിഞ്ഞ 16 വർഷത്തിനിടെ പാരിസിൽ ട്രോഫി നിലനിർത്തുന്ന വനിതാ താരമെന്ന നേട്ടവും ഇഗയ്ക്കു സ്വന്തമായി. 2007ൽ ചാംപ്യനായ ജസ്റ്റിൻ ഹെനിനാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്. വനിതാ ടെന്നിസിൽ ജൈത്രയാത്ര നടത്തുന്ന ലോക ഒന്നാംനമ്പർ താരം ഇഗ സ്യാംതെക്കിനെ വിറപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് 43–ാം റാങ്കുകാരി മുച്ചോവയുടെ നേട്ടം.
ആദ്യ സെറ്റ് 6–2ന് സ്വന്തമാക്കിയ ഇഗ രണ്ടാം സെറ്റിന്റെ തുടക്കത്തിൽ 4–1ന് ലീഡെടുത്തു. 2 സെറ്റിൽ പോളണ്ട് താരം ഏകപക്ഷീയ ജയം നേടുമെന്നു കരുതിയപ്പോഴാണ് തുടരെ 4 ഗെയിമുകൾ നേടിയ മുച്ചോവ മത്സരത്തിലേക്കു തിരിച്ചെത്തിയത് രണ്ടാം സെറ്റ് 7–5ന് സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക് താരം മത്സരം മൂന്നാം സെറ്റിലേക്കു നീട്ടി. ടൂർണമെന്റിൽ ഇതാദ്യമായാണ് ഇഗ സ്യാംതെക്ക് ഒരു സെറ്റ് നഷ്ടപ്പെടുത്തുന്നത്. എന്നാൽ മൂന്നാം സെറ്റിൽ കരുത്തുകാട്ടിയ ഇഗ സെറ്റും മത്സരവും സ്വന്തമാക്കി. കഴിഞ്ഞ 5 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ മൂന്നിലും വിജയിച്ച ഇഗ, മത്സരിച്ച 4 ഗ്രാൻസ്‌ലാം ഫൈനലുകളിലും റെക്കോർഡ് എന്ന നേട്ടവും സ്വന്തമാക്കി.
English Summary: Swiatek vs Muchova, French Open 2023 Women’s Final Updates