പാരിസ് ∙ 23–ാം ഗ്രാൻസ്‌ലാം കിരീടത്തിലേക്കുള്ള നൊവാക് ജോക്കോവിച്ചിന്റെ ചരിത്രക്കുതിപ്പിന് സെമിയിൽ തടയിടാൻ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിനായില്ല. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ, ലോക ഒന്നാം റാങ്കുകാരനായ അൽകാരസിനെ മറികടന്ന ജോക്കോവിച്ച് (6–3, 5–7, 6–1, 6–1) കരിയറിലെ 34–ാം ഗ്രാൻസ്‌ലാം ഫൈനലിന് യോഗ്യത നേടി. ഫ്രഞ്ച് ഓപ്പണിൽ ജോക്കോയുടെ ഏഴാം ഫൈനലാണിത്. കാസ്പർ റൂഡ്– അലക്സാണ്ടർ സ്വരേവ് സെമിഫൈനൽ മത്സരത്തിലെ വിജയികളെ നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ജോക്കോവിച്ച് നേരിടും.
മത്സരത്തിന്റെ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി ജോക്കോവിച്ച് മേൽക്കൈ നേടിയെങ്കിലും രണ്ടാം സെറ്റ് വിജയിച്ച് അൽകാരസ് മത്സരത്തിലേക്കു തിരിച്ചെത്തി. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ 1–1 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് സ്പാനിഷ് താരത്തിന്റെ വലതു കാലിനു പരുക്കേറ്റത്. വൈദ്യസഹായം തേടിയശേഷം തിരിച്ചെത്തിയെങ്കിലും പരുക്ക് കോർട്ടിലെ നീക്കങ്ങളെ ബാധിച്ചു. തുടർന്ന് 2 സെറ്റുകൾക്കിടെ ഒരു ഗെയിം മാത്രമാണ് അൽകാരസിന് നേടാനായത്.
വനിതാ ഫൈനൽ ഇന്ന്: ഇഗ– മുച്ചോവ
പാരിസ് ∙ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ പോളണ്ടിന്റെ ഇഗ സ്യാതെക്കും 43–ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയും തമ്മിലാണ് ഇന്നു വനിതാ സിംഗിൾസ് ഫൈനൽ. 16 വർഷത്തിനിടെ പാരിസിൽ കിരീടം നിലനിർത്തുന്ന ആദ്യ വനിതയെന്ന നേട്ടം ഇന്നത്തെ ഫൈനലിനപ്പുറം ഇഗയെ കാത്തിരിപ്പുണ്ട്. 2007ൽ ചാംപ്യനായ ജസ്റ്റിൻ ഹെനിനുശേഷം ഇതുവരെ ആർക്കും ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായിട്ടില്ല. മുച്ചോവയുടെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലാണിത്.
വനിതാ ടെന്നിസിലെ പുതിയ സൂപ്പർ സ്റ്റാറായ ഇഗയ്ക്ക് അനായാസ വിജയം പ്രവചിക്കുന്നവരാണ് ഭൂരിഭാഗവും. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറിയ ഇഗ ചെറിയൊരു വെല്ലുവിളി നേരിട്ടത് ബ്രസീലിന്റെ ബിയാട്രിസ് ഹദാദിനെതിരായ സെമിഫൈനൽ പോരാട്ടത്തിന്റെ രണ്ടാം സെറ്റിൽ മാത്രമാണ് (6–2, 7–6). ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ എട്ടാം സീഡ് മരിയ സക്കാരിയെ തോൽപിച്ച് അട്ടിമറിക്കുതിപ്പിന് തുടക്കമിട്ട മുച്ചോവ സെമിയിൽ വീഴ്ത്തിയത് രണ്ടാം സീഡ് അരീന സബലേങ്കയെയാണ്.
English Summary : Novak Djokovic in the French Open final