പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ നാലാം സീഡ് നോർവേയുടെ കാസ്പർ റൂഡിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്കോർ: 7-6 (7/1), 6-3, 7-5.
ജോക്കോവിച്ചിന്റെ 23–ാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണ് ഇത്. ഇതോടെ ഏറ്റവുമധികം ഗ്രാൻസ്‌ലാം കിരീടം നേടുന്ന താരമെന്ന ലോക റെക്കോർഡ് ജോക്കോവിച്ച് സ്വന്തമാക്കി. മത്സരത്തിനു മുൻപ് 22 ഗ്രാൻസ്‌ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേൽ നദാലും ഒപ്പത്തിനൊപ്പമായിരുന്നു.
കരിയറിലെ കന്നി ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടാണ് ഇരുപത്തിനാലുകാരൻ കാസ്പർ റൂഡ് ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ മൂന്നാം തവണയും തോൽക്കാനായിരുന്നു വിധി. കഴിഞ്ഞവർഷത്തെ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഫൈനലിലെത്തിയിരുന്നെങ്കിലും കലാശപ്പോരാട്ടത്തിൽ റൂഡിന് അടിതെറ്റിയിരുന്നു. ഇതുവരെ 70 ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ കളിച്ച മുപ്പത്തിയാറുകാരൻ ജോക്കോവിച്ച് 34–ാം തവണയാണ് ഫൈനൽ കളിച്ചത്.
സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് (6-3, 6-4, 6-0) കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പണിലെ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സീഡ് കാർലോസ് അൽകാരസിനെ വീഴ്ത്തിയായിരുന്നു ജോക്കോവിച്ചിന്റെ ഫൈനൽ പ്രവേശം.
English Summary:French Open Final: Novak Djokovic Beats Casper Ruud To Clinch Record 23rd Grand Slam