ഗ്രാൻസ്‌ലാം നേട്ടങ്ങളിൽ റെക്കോർഡ് ലക്ഷ്യമിട്ട് ജോക്കോവിച്ച്
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിന്റെ കോർട്ടിൽ ഇന്ന് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിനു എതിരാളി നാലാം സീഡ് നോർവേയുടെ കാസ്പർ റൂഡാണ്. എന്നാൽ ചരിത്രത്തിന്റെ കോർട്ടിൽ അപ്പുറം റാഫേൽ നദാൽ എന്ന വൻമരവുമുണ്ട്. ഇന്നു ജയിച്ചാൽ പുരുഷ ടെന്നിസിലെ ഗ്രാൻസ്‌ലാം കിരീടനേട്ടത്തിൽ നദാലിനെ പിന്തള്ളി ജോക്കോവിച്ച് ഒറ്റയാനാകും. നിലവിൽ 22 ഗ്രാൻസ്‌ലാം കിരീടങ്ങളുമായി ജോക്കോവിച്ചും നദാലും ഒപ്പത്തിനൊപ്പമാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തത്സമയം.
ഗ്രാൻസ്‌ലാം നേട്ടങ്ങളിലെ ലോക റെക്കോർഡ് ലക്ഷ്യമിട്ട് ജോക്കോവിച്ച് ഇറങ്ങുമ്പോൾ ഇരുപത്തിനാലുകാരൻ റൂഡിന്റെ ലക്ഷ്യം കരിയറിലെ കന്നി ഗ്രാൻസ്‌ലാം കിരീടമാണ്. കഴിഞ്ഞവർഷത്തെ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഫൈനലിലെത്തിയിരുന്നെങ്കിലും കലാശപ്പോരാട്ടത്തിൽ റൂഡിന് അടിതെറ്റി. ഇരുവരും ഏറ്റുമുട്ടിയ കഴിഞ്ഞ 4 മത്സരങ്ങളിലും ജയം ജോക്കോവിച്ചിനൊപ്പമായിരുന്നു. ഇതുവരെ 70 ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ കളിച്ച മുപ്പത്തിയാറുകാരൻ ജോക്കോവിച്ച് 34–ാം തവണയാണ് ഫൈനൽ കളിക്കുന്നത്.
സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് (6-3, 6-4, 6-0) കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പണിലെ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സീഡ് കാർലോസ് അൽകാരസിനെ വീഴ്ത്തിയായിരുന്നു ജോക്കോവിച്ചിന്റെ ഫൈനൽ പ്രവേശം.
English Summary : Novak Djokovic vs Casper Ruud, French Open Final Updates